തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ആരോപണ വിധേയനായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാക്കി. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ചായിരുന്നു തെളിവെടുപ്പിന്റെ ഭാഗമായുള്ള പരിശോധന. ഇതിന് ശേഷം എംഎൽഎയെ ഇവിടെ നിന്ന് കോവളത്തേക്ക് തെളിവെടുപ്പിനായി എത്തിച്ചു.

ബലാൽസംഗക്കേസിൽ എൽദോസിനെ ഇന്നും തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷമാണ് എൽദോസ് കുന്നപ്പിള്ളിയെ ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയനാക്കിയത്. അരമണിക്കൂറോളം നീണ്ടുനിന്ന വൈദ്യപരിശോധനയ്ക്ക് ശേഷമാണ് തെളിവെടുപ്പിനായി കോവളത്ത് എത്തിച്ചത്. കോവളം ഗസ്റ്റ് ഹൗസിലും സൂയിസൈഡ് പോയിന്റിലും സോമതീരം റിസോർട്ടിലും തെളിവെടുപ്പ് നടത്തി. എന്നാൽ, തെളിവെടുപ്പിനോട് സഹകരിക്കുന്നുണ്ടെങ്കിലും പരാതിക്കാരിയുടെ ആരോപണങ്ങളെല്ലാം കുന്നപ്പിള്ളി നിഷേധിച്ചു.

അതിനിടെ ബലാത്സംഗക്കേസിലെ പരാതിക്കാരിയെ മർദ്ദിച്ചുവെന്ന കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎ‍ൽഎ മുൻകൂർ ജാമ്യേപക്ഷ നൽകി. വഞ്ചിയൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഹർജി നൽകിയത്. കേസിൽ പൊലീസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് ജാമ്യഹർജിയിൽ എൽദോസ് കുന്നപ്പിള്ളി പറയുന്നു. അറസ്റ്റ് പ്രതിരോധിക്കാൻ ലക്ഷ്യമിച്ച് തിരുവനന്തപുരം ജില്ലാ കോടതിയിലാണ് എൽദോസ് കുന്നപ്പിള്ളി മുൻകൂർ ജാമ്യഹർജി നൽകിയത്.

അതിനിടെ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്കെതിരെ വീണ്ടും ആരോപണങ്ങളുമായി പരാതിക്കാരി രംഗത്ത് വന്നു. കേസിൽ നിന്ന് പിന്മാറണമെന്നും മൊഴി നൽകരുതെന്നും ഇപ്പോഴും ആവശ്യപ്പെടുന്നതായും പരാതിക്കാരി പറഞ്ഞു. കോൺഗ്രസിലെ വനിതാ പ്രവർത്തക ഭീഷണി സന്ദേശം അയക്കുന്നു. സൈബർ പൊലീസിന് പരാതി നൽകി.എംഎൽഎ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നു. ഹാജരാക്കുന്നത് വ്യാജ തെളിവുകളാണ്. പ്രതിപക്ഷ നേതാവിനും മുഖ്യമന്ത്രിക്കും പരാതി നൽകും. തനിക്ക് എന്ത് സംഭവിച്ചാലും ഉത്തരവാദി എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയാണെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി തിരുവനന്തപുരത്ത് പറഞ്ഞു.

എൽദോസിനെതിരായ കേസിൽ പരാതിക്കാരിയുടെ മൊഴി ഇന്ന് വഞ്ചിയൂർ പൊലീസ് രേഖപ്പെടുത്തി. ഇന്നലെ എൽദോസിനെ പുതിയൊരു കേസ് കൂടി എടുത്തിരുന്നു. യുവതി മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കേസിൽ നിന്നും പിന്മാറാൻ അഭിഭാഷകന്റെ ഓഫീസിൽ വച്ച് രേഖകളിൽ ഒപ്പിടാൻ നിർബന്ധിച്ചുവെന്നും മർദ്ദിച്ചുവെന്നുമാണ് മൊഴി. എൽദോസിനെ മാത്രം പ്രതിയാക്കിയാണ് കേസെങ്കിലും വിശദമായ അന്വേഷണത്തിന് ശേഷം ആവശ്യമെങ്കിൽ കൂടുതൽ പേരെ പ്രതി ചേർക്കും.

ബലാൽസംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളി ജാമ്യം നേടിയത് കള്ളത്തെളിവുകൾ ഹാജരാക്കിയാണെന്ന് പരാതിക്കാരി ആരോപിച്ചു. കള്ളത്തെളിവുകൾ ഹാജരാക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി പറഞ്ഞു. അതേസമയം, പരാതിക്കാരിക്ക് വേണ്ട സുരക്ഷയൊരുക്കാൻ ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെടുമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി പറഞ്ഞു.