തിരുവനന്തപുരം: സ്‌കൂൾ അദ്ധ്യാപികയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എംഎ‍ൽഎ.യുടെ മുൻകൂർ ജാമ്യാപേക്ഷ വിധിപറയാൻ മാറ്റി. കേസിൽ 20-ന് കോടതി വിധിപറയും. എംഎ‍ൽഎ. ഇപ്പോഴും ഒളിവിൽ തുടരുകയാണ്.

കേസിൽ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റിയതോടെ എം. എൽ.എയെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസ് ആശയക്കുഴപ്പത്തിലാണ്. ജാമ്യാപേക്ഷയിൽ വിധി വരും മുൻപ് അറസ്റ്റ് ചെയ്യാനാകുമോയെന്നതിലാണ് സംശയം. എങ്കിലും ഒളിവിലുള്ള എൽദോസിനെ കണ്ടത്താൻ പൊലീസ് തിരച്ചിൽ തുടരുകയാണ്.

വിധി വരും മുൻപ് എൽദോസിനെ അറസ്റ്റ് ചെയ്യാനാകുമോയെന്നതിലാണ് പൊലീസ് വ്യക്തത തേടുന്നത്. വിധി വരുന്നത് വരെ അറസ്റ്റ് തടയുന്നതായി കോടതി പറഞ്ഞിട്ടില്ല. അതിനാൽ നിയമപരമായി അറസ്റ്റിന് തടസമില്ല. എന്നാൽ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കെ പ്രതിയെ അറസ്റ്റ് ചെയ്യുന്ന പതിവില്ല. ഈ സാഹചര്യത്തിലാണ് വിധി വരും വരെ കാത്തിരിക്കണോ തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്യണോയെന്ന് പൊലീസ് ആലോചിക്കുന്നത്.

അഭിഭാഷകരുടെ അഭിപ്രായത്തിനൊപ്പം സർക്കാരിന്റെ രാഷ്ട്രീയ തീരുമാനവും ഇക്കാര്യത്തിൽ നിർണായകമാവും. എന്തായാലും എംഎൽഎ യുടെ ഒളിയിടം കണ്ടെത്താനുള്ള ശ്രമങ്ങൾ അന്വേഷണ സംഘം തുടങ്ങി. മൊബൈൽ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതിനൊപ്പം എം. എൽ.എയ്ക്ക് എതിരായ പരമാവധി തെളിവുകൾ കണ്ടെത്താനുമാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ തീരുമാനം. പീഡനം നടന്നെന്നുപറയുന്ന കോവളത്തെ സ്ഥാപനത്തിലും അപായപ്പെടുത്താൻ ശ്രമിച്ച കടൽത്തീരത്തും പരാതിക്കാരിയുമായി പൊലീസ് തെളിവെടുത്തു.

ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പ്രസൂൻ മോഹനാണ് മുൻകൂർജാമ്യാപേക്ഷ പരിഗണിച്ചത്. എംഎ‍ൽഎ.യെക്കൂടാതെ കൂടുതൽ പ്രതികളുണ്ടെന്നും ജാമ്യംലഭിച്ചാൽ കേസ് അട്ടിമറിക്കപ്പെടുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

പരാതിക്കാരി സ്വഭാവദൂഷ്യക്കാരിയാണെന്ന പ്രതിഭാഗം വാദത്തെ മോശക്കാരിയാണെങ്കിൽ പീഡിപ്പിക്കാമോ എന്ന ചോദ്യമുയർത്തി സർക്കാർ അഭിഭാഷകൻ നേരിട്ടു. പരാതിക്കാരി ഹണിട്രാപ്പുകാരിയാണെന്നും ഒട്ടേറെപ്പേർക്കെതിരേ പരാതി നൽകിയിട്ടുണ്ടെന്നും എംഎ‍ൽഎ.യുടെ അഭിഭാഷകൻ വാദിച്ചു.

ഇത്തരം കാര്യങ്ങൾ വിചാരണയിൽ തീരുമാനിക്കേണ്ടതാണെന്ന് ജില്ലാ ഗവൺമെന്റ് പ്‌ളീഡർ വെമ്പായം എ.എ. ഹക്കീം കോടതിയെ അറിയിച്ചു. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തശേഷമാണ് പരാതിക്കാരി പീഡനമടക്കമുള്ള പരാതി ഉന്നയിച്ചതെന്നും ഇക്കാര്യങ്ങൾ ജുഡീഷ്യൽ ഫസ്റ്റ്ക്‌ളാസ് മജിസ്ട്രേറ്റ് പി.എസ്. സുമിയക്ക് നൽകിയ രഹസ്യമൊഴിയിൽ പരാതിക്കാരി വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂട്ടർ അറിയിച്ചു.

അടിമലത്തുറയിലെത്തിയ ജില്ലാ ക്രൈംബ്രാഞ്ച് സംഘം എംഎ‍ൽഎ.യോടൊപ്പം അദ്ധ്യാപിക താമസിച്ചതായി പറയുന്ന മുറിയുൾപ്പെടെ പരിശോധിച്ചു. സൂയിസൈഡ് പോയന്റിനടുത്തുവെച്ച് തന്നെ മർദിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ അവിടെയെത്തിയും തെളിവെടുത്തു. അസി. കമ്മിഷണർ ബി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുത്തത്.