- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരു കുറ്റവും ചെയ്യാത്ത എന്നെ ചതിച്ച നീയും നിന്റെ കുടുംബവും ഞാൻ വിശ്വസിക്കുന്ന കർത്താവായ യേശുക്രിസ്തു പകരം തക്കതായ മറുപടി നൽകും; എനിക്ക് നല്ല വിശ്വാസമുണ്ട്'; ഒളിവിൽ കഴിയുന്നതിനിടെ സാക്ഷിക്ക് എൽദോസ് കുന്നപ്പിള്ളിയുടെ ഭീഷണി സന്ദേശം; എംഎൽഎയുടെ സന്ദേശം എത്തിയത് പരാതിക്കാരിയുടെ സുഹൃത്തിന്
തിരുവനന്തപുരം: ഒളിവിലിരുന്ന് പരാതിക്കാരിയുടെ സുഹൃത്തിന് വാട്ട്‌സ് ആപ്പ് സന്ദേശം അയച്ച് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. കേസ് താൻ അതിജീവിക്കുമെന്നും. നിങ്ങൾ അനുഭവിക്കുമെന്നാണ് വാട്‌സാപ്പ് സന്ദേശം. പരാതിക്കാരിയുടെ സുഹൃത്തായ കേസിലെ പ്രധാന സാക്ഷിക്കാണ് എംഎൽഎ ഭീഷണി സന്ദേശമയച്ചത്. പരാതിക്കാരിയുടെ സുഹൃത്തിനാണ് സന്ദേശം അയച്ചിരിക്കുന്നത്.
''ഒരു കുറ്റവും ചെയ്യാത്ത എന്നെ ചതിച്ച നീയും നിന്റെ കുടുംബവും ഞാൻ വിശ്വസിക്കുന്ന കർത്താവായ യേശുക്രിസ്തു പകരം തക്കതായ മറുപടി തരും. എനിക്ക് നല്ല വിശ്വാസമുണ്ട്. പണത്തിന് വേണ്ടിയുള്ള കൊതി തീരുമ്പോൾ സ്വയം ചിന്തിക്കുക. ഞാൻ അതിജീവിക്കും. കർത്താവെന്റെ കൂടെയുണ്ടാകും'' എന്നാണ് ഭീഷണി. ഇന്നലെ പുലർച്ചെ 2.10നാണ് സന്ദേശം ലഭിച്ചത്. നാളെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് സമ്മർദ്ദം. പരാതിക്കാരിയെ കാണാനില്ലെന്ന് വഞ്ചിയൂർ സ്റ്റേഷനിൽ പരാതി നൽകിയതും ഇതേ സാക്ഷിയാണ്.
ചൊവ്വാഴ്ച മുതൽ എൽദോസ് കുന്നപ്പിള്ളിൽ ഒളിവിലാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. നിലവിൽ രണ്ടു ഫോണുകളും സ്വിച്ച് ഓഫാണ്. ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതല്ലാതെ മറ്റു വിവരങ്ങളില്ല. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റിനുള്ള മുന്നൊരുക്കം ആരംഭിച്ചത്. ജനപ്രതിനിധിയായതിനാൽ തുടർ നടപടി അറിയിക്കാൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ നിയമസഭ സ്പീക്കർക്ക് കത്ത് നൽകി. എന്നാൽ അറസ്റ്റിന് അനുമതി വേണ്ടെന്നായിരുന്നു സ്പീക്കർ എ.എൻ ഷംസീറിന്റെ പ്രതികരണം.
മൊബൈൽ നമ്പരുകൾ നിരീക്ഷണത്തിലാക്കുകയാണ് ആദ്യ നടപടി.എംഎൽഎ ഹോസ്റ്റൽ ഉൾപ്പെടെ എൽദോസ് കുന്നപ്പിള്ളിൽ എത്താൻ സാധ്യതയുള്ള സ്ഥലങ്ങളും നിരീക്ഷണത്തിലാക്കും.എംഎൽഎ ആയതിനാൽ അധികനാൾ ഒളിവിൽ കഴിയില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. അതിനാൽ നാളത്തെ മുൻകൂർ ജാമ്യാപേക്ഷയിലെ കോടതി തീരുമാനം കൂടി അറിഞ്ഞ ശേഷമാവും കടുത്ത നടപടിയിലേക്ക് കടക്കുക. അതിനിടെ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടിയും തുടങ്ങി. കോടതിയിൽ അപേക്ഷ നൽകി.
എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്കെതിരായ കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനായി കോടതിയിൽ ജില്ലാ ക്രൈംബ്രാഞ്ച് അപേക്ഷ നൽകി. എൽദോസ് കുന്നിപ്പിള്ളിൽ എംഎൽഎ ഒളിവിൽ തുടരുകയാണ്. എംഎൽഎയുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്. മൂന്ന് ദിവസമായി പൊതുപരിപാടികളും റദ്ദാക്കിയിരിക്കുകയാണ്.
എംഎൽഎ എവിടെയാണെന്ന് പാർട്ടി നേതാക്കൾക്കോ പ്രവർത്തകർക്കോ വ്യക്തതയില്ല. എംഎൽഎയെ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇതിനിടെ പരാതിക്കാരി എൽദോസ് കുന്നപ്പിള്ളിയുടെ ഫോൺ മോഷ്ടിച്ചെന്ന് എംഎൽഎയുടെ ഭാര്യ പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ മൊഴി നൽകാൻ തയ്യാറായിട്ടില്ല. പൊലീസ് മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും മറുപടി നൽകിയിട്ടില്ല. അതേസമയം, എൽദോസ് കുന്നപ്പിള്ളിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് സ്പീക്കറുടെ അനുമതി വേണ്ടെന്ന് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. എല്ലാവരും നിയമത്തിന് മുന്നിൽ തുല്യരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ