തിരുവനന്തപുരം: അടുത്ത നാല് വർഷത്തെ വൈദ്യുതി നിരക്ക് നിർണയിച്ച് റഗുലേറ്ററി കമ്മിഷന്റെ ഉത്തരവ് ഒരു മാസത്തിനുള്ളിൽ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്. വൈദ്യുതി നിരക്ക് വർധന സംബന്ധിച്ച കമ്മിഷന്റെ തെളിവെടുപ്പു പൂർത്തിയായി. നിരക്കു വർധന നിർദ്ദേശിച്ചു നൽകിയ അപേക്ഷയിൽ (താരിഫ് പെറ്റീഷൻ) കൂടുതൽ മാറ്റങ്ങൾ എന്തെങ്കിലും വരുത്തണമെന്നു വൈദ്യുതി ബോർഡ് ഇന്നലെ നടന്ന അന്തിമ തെളിവെടുപ്പിൽ ആവശ്യപ്പെട്ടില്ല.

അതേസമയം നിരക്കു വർധനയ്‌ക്കെതിരെ ഉപയോക്താക്കളുടെ പ്രതിനിധികൾ ഉന്നയിച്ച കാര്യങ്ങൾ സംബന്ധിച്ച ബോർഡിന്റെ അഭിപ്രായം അറിയിക്കാൻ വെള്ളിയാഴ്ച വരെ കമ്മിഷൻ സമയം അനുവദിച്ചിട്ടുണ്ട്. ഇതു കൂടി പരിഗണിച്ചായിരിക്കും ഉത്തരവിറക്കുക.

അടുത്ത നാലുവർഷത്തേക്ക് നിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി. നൽകിയ അപേക്ഷയിലാണ് കമ്മിഷന്റെ തെളിവെടുപ്പ് പൂർത്തിയായത്. തിങ്കളാഴ്ച തിരുവനന്തപുരത്തുനടന്ന അവസാന തെളിവെടുപ്പിൽ, നിരക്ക് വർധനയെ ഉപഭോക്താക്കൾ രൂക്ഷമായി എതിർത്തിരുന്നു.

കമ്മിഷൻ അധ്യക്ഷൻ ടി.കെ. ജോസ്, അംഗങ്ങളായ ബി. പ്രദീപ്, അഡ്വ. എ.ജെ. വിൽസൺ എന്നിവർ തെളിവെടുപ്പിൽ പങ്കെടുത്തു. എല്ലാ വിഭാഗങ്ങളിലുമായി 6.19 ശതമാനം വർധനയാണ് ബോർഡ് ആവശ്യപ്പെടുന്നത്. എന്നാൽ, ഗാർഹിക മേഖലയിൽ ഈവർഷം ആവശ്യപ്പെടുന്ന വർധന 8.94 ശതമാനമാണ്. വൻകിട വ്യവസായങ്ങൾക്ക് 7.75 ശതമാനവും. നാലു വർഷത്തേക്ക് 2381 കോടിരൂപയുടെ അധിക വരുമാനമാണ് ബോർഡ് പ്രതീക്ഷിക്കുന്നത്.

സർക്കാർ സ്‌കൂളുകളുടെ അതേ നിരക്ക് എയ്ഡഡ് സ്‌കൂളുകൾക്കും അനുവദിക്കണമെന്ന് എയ്ഡഡ് സ്‌കൂളുകളുടെ സംഘടന ആവശ്യപ്പെട്ടു. നിരക്ക് കൂട്ടുന്നതിനെതിരേ ഫെഡറേഷൻ ഓഫ് റെസിഡന്റ്സ് അസോസിയേഷൻ കേരള തെളിവെടുപ്പ് വേദിയുടെ പരിസരത്ത് ധർണ നടത്തി.

കോവിഡിനു ശേഷമുള്ള സാമ്പത്തിക ബുദ്ധിമുട്ടിന്റെ കാലമായതിനാൽ നിരക്കു വർധന പാടില്ലെന്നാണു ഗാർഹിക, വ്യവസായ ഉപയോക്താക്കൾ വരെ ഉള്ളവർ തെളിവെടുപ്പിൽ ആവശ്യപ്പെട്ടത്. പല ആവശ്യങ്ങളും മുൻപു മൂന്നു കേന്ദ്രങ്ങളിൽ നടത്തിയ തെളിവെടുപ്പിന്റെ ആവർത്തനമായിരുന്നു. വരുന്ന 4 വർഷങ്ങളിൽ ബോർഡ് പ്രതീക്ഷിക്കുന്ന വരവും ചെലവും വിലയിരുത്തി എത്ര രൂപ കമ്മി വരുമെന്നു കണക്കാക്കി അതു നികത്തുന്ന രീതിയിലുള്ള നിരക്കു വർധന ആയിരിക്കും കമ്മിഷൻ അനുവദിക്കുക. ഇത് ബോർഡ് ആവശ്യപ്പെട്ട നിരക്ക് ആകണമെന്നില്ല.

നേരത്തെ നിർദ്ദേശിച്ചിരുന്ന നിരക്കുകളുടെ കാര്യത്തിൽ ചില മാറ്റം വരുത്തണമെന്നു കോഴിക്കോട്, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിൽ മുൻപു കമ്മിഷൻ നടത്തിയ തെളിവെടുപ്പിൽ ബോർഡ് ആവശ്യപ്പെട്ടിരുന്നു. വീണ്ടും മാറ്റം വരുത്തുന്നുണ്ടെങ്കിൽ തിരുവനന്തപുരത്തെ തെളിവെടുപ്പിൽ അറിയിക്കണമെന്നാണു ബോർഡിനോടു കമ്മിഷൻ നിർദ്ദേശിച്ചിരുന്നത്.

കാര്യമായ നിരക്കു വർധന കമ്മിഷൻ അനുവദിച്ചില്ലെങ്കിൽ പോലും ഭാവിയിൽ വൈദ്യുതി വാങ്ങുന്നതിന് അധികം ചെലവാകുന്ന തുക ഉപയോക്താക്കളിൽ നിന്നു സർചാർജ് എന്ന പേരിൽ പിരിച്ചെടുക്കാൻ ബോർഡിനു സാധിക്കും. ഇതിന് ഇപ്പോൾ കമ്മിഷന്റെ മുൻകൂട്ടിയുള്ള അനുമതി ആവശ്യമില്ല. സർചാർജ് പിരിച്ചെടുത്ത ശേഷം വർഷത്തിൽ ഒരിക്കൽ അംഗീകാരം വാങ്ങിയാൽ മതി.