- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്സഭാ തെരഞ്ഞെടുപ്പ്; പത്തനംതിട്ട ജില്ലയിൽ അസംബ്ലി ലെവൽ ട്രെയിനർമാരായി നിയമിച്ചത് മുഴുവൻ ജോയിന്റ് കൗൺസിൽ ഭാരവാഹികളെ; നിയമന ഉത്തരവ് ചോർത്തിയതിന് അന്വേഷണം നേരിടുന്നയാളും പട്ടികയിൽ; എൻജിഓ യൂണിയന് പോലും പ്രാതിനിധ്യമില്ല
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി അസംബ്ലി ലെവൽ ട്രെയിനർമാരായി പത്തനംതിട്ടയിലെ അഞ്ച് മണ്ഡലങ്ങളിലും നിയമിച്ചത് സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ ഭാരവാഹികളെ. സിപിഎമ്മിന്റെ സർവീസ് സംഘടന എൻജിഓ യൂണിയനിൽ നിന്നുള്ളത് ഒരാൾ മാത്രം. എൻജിഓ സംഘ്, എൻജിഓ അസോസിയേഷൻ തുടങ്ങിയ ബിജെപി, കോൺഗ്രസ് അനുകൂല സംഘടനകളിൽ നിന്ന് ആരുമില്ല.
ജില്ലാ കലക്ടറേറ്റിലെ രഹസ്യ വിഭാഗത്തിൽ നിന്ന് പിഎസ് സി നിയമന ഉത്തരവ് ചോർത്തിയതിന് അന്വേഷണം നേരിടുന്ന ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറിയും പട്ടികയിലുണ്ട്. മുൻകാലങ്ങളിൽ സംഘടനാ ഭാരവാഹികൾക്ക് ഇലക്ഷൻ നടപടി ക്രമങ്ങളിൽ ചുമതല നൽകുന്ന പതിവല്ലായിരുന്നു. ഏറെക്കുറെ സ്വതന്ത്രമായിട്ടായിരിക്കും ചുമതല വീതിച്ച് നൽകുന്നത്. എന്നാൽ, ഇക്കുറി റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്നത് സിപിഐ ആയതിനാൽ അവരുടെ സർവീസ് സംഘടനയിൽപ്പെട്ടയാളുകളെ കുത്തി നിറച്ചുള്ള പട്ടികകളാണുള്ളത്.
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ഏഴ് അസംബ്ലി മണ്ഡലങ്ങളാണുള്ളത്. റാന്നി, കോന്നി, തിരുവല്ല, അടൂർ, ആറന്മുള എന്നിങ്ങനെ അഞ്ചെണ്ണം ജില്ലയിൽ മാത്രമായിട്ടുണ്ട്. ഇവിടേക്ക് 15 അസംബ്ലി ലെവൽ ട്രെയിനർമാരെയാണ് നിയമിച്ചിരിക്കുന്നത്. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നൽകിയ ലിസ്റ്റിലാണ് ഇലക്ഷൻ കമ്മിഷന്റെ നിയമനം ഉണ്ടായിരിക്കുന്നത്. ഇതിൽ 14 പേരും ജോയിന്റ കൗൺസിലിൽ നിന്നുള്ളവരാണ്.
ഒരാൾ എൻജിഓ യൂണിയൻ പ്രതിനിധിയാണ്. സർവീസ് സംഘടനകളുടെ ഭാരവാഹിത്വം വഹിക്കുന്നവരും സജീവ പ്രവർത്തകരും ഒരു കാരണവശാലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങളിൽ വരാൻ പാടില്ലെന്നാണ് ചട്ടം. ഇതു ജില്ലയിൽ ഉടനീളം ലംഘിക്കപ്പെട്ടിരിക്കുന്നു. ചട്ടം മറി കടന്ന് തെരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് വന്നിരിക്കുന്ന ജോയിന്റ് കൗൺസിൽ നേതാക്കളും അവർ ട്രെയിനർമാരായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന മണ്ഡലങ്ങളും.
സംസ്ഥാന കമ്മിറ്റി അംഗം സോയമോൾ(അടൂർ), ജില്ലാ കമ്മിറ്റി അംഗം എം.സിന്ധു (തിരുവല്ല), സംസ്ഥാന കമ്മറ്റിയംഗം മഞ്ജു ഏബ്രഹാം(റാന്നി), മേഖല സെക്രട്ടറി സി.ടി. മനോജ്കുമാർ (ആറന്മുള), ജില്ലാ കമ്മറ്റി അംഗം പി.ബി. സുരേഷ് കുമാർ (ആറന്മുള), ജില്ലാ സെക്രട്ടറി ജി. അഖിൽ (അടൂർ). ലിസ്റ്റിൽ റാന്നിയിൽ വച്ചിട്ടുള്ള അജിത്ത് ശ്രീനിവാസ് മാത്രം എൻ.ജി.ഓ യൂണിയൻ നേതാവാണ്. മറ്റുള്ളവരെല്ലാം ജോയിന്റ് കൗൺസിലിന്റെ വിവിധ ചുമതലക്കാരും ഭാരവാഹികളുമാണ്.
ജില്ലാ സെക്രട്ടറി ജി. അഖിൽ നിലവിൽ അടൂർ താലൂക്ക് ഓഫീസിലാണ് ജോലി ചെയ്യുന്നത്. ഇയാൾ പത്തനംതിട്ട കലക്ടറേറ്റിലെ രഹസ്യ വിഭാഗത്തിൽ നിന്ന് പി.എസ്.സി നിയമന ഉത്തരവ് ചോർത്തി നൽകിയതിന് വകുപ്പു തല അന്വേഷണം നേരിടുന്നയാളാണ്. തിരുവല്ല സബ്കലക്ടർ നടത്തിയ അന്വേഷണത്തിൽ അഖിൽ അടക്കമുള്ളവരുടെ വീഴ്ച കണ്ടെത്തിയെങ്കിലും ജില്ലാ കലക്ടർ ആയിരുന്ന ഡോ. ദിവ്യ എസ്. അയ്യർ നടപടിക്ക് ശിപാർശ ചെയ്ത് അയച്ച ഫയൽ റവന്യൂ മന്ത്രിയുടെ ഓഫീസിൽ പൂഴ്‌ത്തി വച്ചിരിക്കുകയാണ്. വകുപ്പു തല അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് അഖിലിനെ അടൂർ താലൂക്ക് ഓഫീസിലേക്ക് സ്ഥലം മാറ്റിയത്. നിയമന ഉത്തരവ് ചോർത്തിയ സംഭവത്തിൽ നാലു പേരാണ് കുറ്റക്കാർ. ഇവരിൽ പ്രധാനി അഖിലാണ്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്