- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ലച്ചും ഗിയറും നിർബന്ധമല്ല; ഡ്രൈവിങ് ടെസ്റ്റിന് ഇനി ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങളും ഓടിക്കാം; ലൈറ്റ് മോട്ടർ വെഹിക്കിൾ വിഭാഗം ലൈസൻസിന് പുതിയ വ്യവസ്ഥ; ഉത്തരവിട്ട് ട്രാൻസ്പോർട്ട് കമ്മീഷണർ; ഇനി ഡ്രൈവിങ് ടെസ്റ്റ് എളുപ്പമാകും
തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസിനായുള്ള എച്ച്, റോഡ് ടെസ്റ്റുകൾക്ക് ഇനി മുതൽ ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാം. ഡ്രൈവിങ് ടെസ്റ്റിൽ ഇലക്ട്രിക് വാഹനങ്ങളും, ഓട്ടോമാറ്റിക് വാഹനങ്ങളും ഡ്രൈവ് ചെയ്ത് കാണിച്ചാലും ലൈസൻസ് നൽകാൻ ട്രാൻസ്പോർട്ട് കമ്മീഷണർ ഉത്തരവിട്ടു.
ലൈസൻസിന് എൻജിൻ ട്രാൻസ്മിഷൻ പരിഗണിക്കേണ്ടെന്ന കേന്ദ്രനിർദേശത്തെ തുടർന്നാണ് തീരുമാനം. 2019ൽ സുപ്രീംകോടതി നിർദേശത്തെ തുടർന്ന് കേന്ദ്രസർക്കാർ നിയമം മാറ്റിയെങ്കിലും കേരളത്തിൽ നടപ്പായിരുന്നില്ല. ടെസ്റ്റിൽ ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങൾ ഓടിക്കാനാകില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ഇതുവരെയുള്ള നിലപാട്.
ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവോടെ ഡ്രൈവിങ് ടെസ്റ്റ് കൂടുതൽ എളുപ്പമാകും. കാറുകൾ മുതൽ ട്രാവലർ വരെ 7500 കിലോയിൽ താഴെ ഭാരമുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ ലൈസൻസിനാണ് ഈ വ്യവസ്ഥ. ഓട്ടോമാറ്റിക് വാഹനം ഉപയോഗിച്ചാണ് ലൈസൻസ് എടുക്കുന്നതെങ്കിലും ഗിയർ ഉള്ള വാഹനം ഓടിക്കുന്നതിന് തടസമുണ്ടാകില്ല.
2019ൽ കേന്ദ്ര മോട്ടോർവാഹന നിയമത്തിൽ കാര്യമായ ഭേദഗതികൾ വന്നെങ്കിലും ഓട്ടോമാറ്റിക്, ഇ-കാറുകൾക്ക് പ്രത്യേക വിഭാഗം ഉൾക്കൊള്ളിച്ചിട്ടില്ല എന്നതായിരുന്നു മോട്ടോർ വാഹന വകുപ്പ് തടസ്സവാദമായി ഉന്നയിച്ചിരുന്നത്.
ഇരുചക്രവാഹനങ്ങളെ ഗിയർ ഉള്ളവയും ഇല്ലാത്തവയുമായി തിരിച്ചിട്ടുണ്ടെങ്കിലും കാറുകൾക്ക് ലൈറ്റ് മോട്ടോർ വെഹിക്കിൾ (എൽ.എം വി) എന്ന ഒറ്റ വിഭാഗം ലൈസൻസാണ് ഉണ്ടായിരുന്നത്. ഇതുപയോഗിച്ച് ചെറു ടിപ്പറുകളും 32 സീറ്റുള്ള മിനി ബസുകളും ഉൾപ്പെടെ ഏഴര ടൺ ഭാരമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾവരെ ഓടിക്കാനാണ് അനുമതിയുള്ളത്. ഡ്രൈവിങ് ടെസ്റ്റിന് ഓട്ടോമാറ്റിക്, ഇ-കാറുകൾ അനുവദിച്ചാൽ ലൈസൻസ് നേടാനുള്ള കുറുക്കുവഴിയായി അത് മാറുമെന്നായിരുന്നു മോട്ടോർവാഹന വകുപ്പിന്റെ ഇതുവരെയുള്ള വാദം.
ഗിയർ മാറ്റേണ്ടതില്ലെങ്കിൽ പെട്ടെന്ന് ടെസ്റ്റ് ജയിക്കാനാകും. ഇരുചക്രവാഹനങ്ങളുടെ മാതൃകയിൽ കാറുകളെയും ഇരു വിഭാഗങ്ങളായി തിരിച്ചാൽ മാത്രമേ ഓട്ടോമാറ്റിക് വാഹനങ്ങൾക്ക് പ്രത്യേകം ലൈസൻസ് നൽകാൻ കഴിയുകള്ളൂ എന്നും അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇരുചക്രവാഹനങ്ങൾ മുതൽ ഹെവിവരെ അഞ്ചുതരം ലൈസൻസുകളാണുള്ളത്. ഇതിൽ മറ്റുള്ളവയുടെ നിർവചനത്തിൽ (അദേഴ്‌സ്) ഓട്ടോമാറ്റിക് വാഹനങ്ങൾ ഉൾക്കൊള്ളിക്കാമെന്നും നിർദ്ദേശം വന്നിരുന്നു.
മറുനാടന്‍ മലയാളി ബ്യൂറോ