തിരുവനന്തപുരം:വേനൽ കടുത്തതോടെ അടുത്ത രണ്ടുമാസം രാജ്യത്ത് വൈദ്യുതി പ്രതിസന്ധിക്ക് സാദ്ധ്യതയുണ്ടെങ്കിലും ഒരു സംസ്ഥാനത്തും ലോഡ് ഷെഡിങ് ഉണ്ടാകരുതെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചു.ഇതിനായി വൈദ്യുതി നിയമത്തിലെ 11ാം വകുപ്പ് അനുസരിച്ച് ഉത്തരവും ഇറക്കി.സംസ്ഥാനത്ത് വൈദ്യൂത ഉപയോഗം ദിനംപ്രതി കുതിച്ചുയരുകയാണ്.കേരളം ഇന്നലെ രാവിലെ 7 വരെയുള്ള 24 മണിക്കൂറിൽ ഉപയോഗിച്ചത് 88.06 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്.ഈ സീസണിലെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപയോഗമാണിത്.

നിലവിൽ ഒരു ദിവസത്തെ ഏറ്റവും കൂടിയ ഉപയോഗം 2022 ഏപ്രിൽ 28 ന് ആയിരുന്നു 92.88 ദശലക്ഷം യൂണിറ്റ്. ഈ വർഷം ഇതു മറികടന്ന് 95 ദശലക്ഷം യൂണിറ്റിനു മുകളിൽ എത്തുമെന്നാണു നിഗമനം.ഉപയോഗം കൂടുമ്പോൾ കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം സംഭരണികളിലില്ലെന്നതാണ് പ്രധാന പ്രതിസന്ധി.സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുതി പദ്ധതിയായ ഇടുക്കിയിൽ ഒരാഴ്ച കൊണ്ട് ജലനിരപ്പ് 3 അടി താഴ്ന്നു. ചൂട് കൂടുകയും വൈദ്യുതി ഉൽപാദനം വർധിപ്പിക്കുകയും ചെയ്തതോടെയാണ് അണക്കെട്ടിലെ ജലനിരപ്പ് ഗണ്യമായി താഴ്ന്നത്.

കഴിഞ്ഞ വർഷം ഇതേ ദിവസത്തെക്കാൾ 20.50 അടി ജലം കുറവാണ്. ഇന്നലത്തെ ജലനിരപ്പ് 2350.86 അടിയാണ്. ഫെബ്രുവരിയിൽ മാത്രം 11 അടിയോളം വെള്ളം കുറഞ്ഞു. ഇപ്പോൾ 1015.15 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളമാണുള്ളത്.ഇടുക്കി അണക്കെട്ടിൽ 47% മാത്രമാണ് വെള്ളം.ആറു വർഷത്തെ ഏറ്റവും കുറഞ്ഞ ജലനിരപ്പാണിത്. കഴിഞ്ഞ വർഷം ഇതേസമയം 70 % വെള്ളമുണ്ടായിരുന്നു.

പ്രധാന ഡാമുകളിലെല്ലാം കൂടി 51% വെള്ളമാണുള്ളത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ഉപഭോഗം 92.88 ദശലക്ഷം യൂണിറ്റിലെത്തിയിരുന്നു. ജലസംഭരണികളിൽ ദിവസം 15.7ദശലക്ഷം യൂണിറ്റ് മാത്രമാണ് ഉത്പാദനം. ബാക്കി വൈദ്യുതി പുറമെ നിന്ന് കൊണ്ടുവരികയാണ്. ഇതിന് കൂടിയ വില നൽകേണ്ടതിനാൽ ഉപഭോഗം കുറച്ചില്ലെങ്കിൽ നിരക്ക് കൂട്ടേണ്ടി വരും.'രണ്ടുമാസവും പവർകട്ട് ഉണ്ടാകില്ല. ജലവൈദ്യുതിയും കരാർ വൈദ്യുതിയും ഫലപ്രദമായി വിനിയോഗിച്ച്, വൻ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കാനാണ് ശ്രമം. രാത്രി 7 മുതൽ 11വരെ ഉപഭോഗം കുറച്ച് ജനങ്ങളും സഹകരിക്കണമെന്നും വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി.

ജനറേറ്ററുകളുടെ വാർഷിക അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മൂലമറ്റം നിലയത്തിൽ വൈദ്യുതി ഉൽപാദനം കുറവായിരുന്നു. കൂടുതൽ ഉപയോഗമുള്ള മാർച്ച്, ഏപ്രിൽ, മെയ്‌ മാസങ്ങളിൽ പരമാവധി വൈദ്യുതി ഉൽപാദിപ്പിക്കുകയാണു പതിവ്. വരും ദിവസങ്ങളിൽ വേനൽ കനക്കുകയും വൈദ്യുതി ഉപയോഗം വർധിക്കുകയും ചെയ്യും. മൂലമറ്റം നിലയത്തിലെ ഉൽപാദനവും വർധിപ്പിക്കേണ്ടി വരും. 1215 ദശലക്ഷം യൂണിറ്റ് വരെ പ്രതിദിനം ഉൽപാദിപ്പിക്കേണ്ടിവരും.

എന്നാൽ ഇതിനാവശ്യമായ വെള്ളം അണക്കെട്ടിൽ ഇല്ല. ഇതുമൂലം പരമാവധി വൈദ്യുതി വാങ്ങി സംഭരണികളിലെ ജലനിരപ്പ് നിലനിർത്താനുള്ള ശ്രമത്തിലാണു കെഎസ്ഇബി. അതേസമയം വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ കൽക്കരി വൈദ്യുതി പ്ലാന്റുകൾ 16 മുതൽ പൂർണശേഷിയിൽ പ്രവർത്തിക്കണമെന്ന് കേന്ദ്രം വ്യക്തമാക്കി.എല്ലാ പ്ലാന്റുകളും ആവശ്യത്തിന് കൽക്കരി സൂക്ഷിക്കണം.കൽക്കരി കൊണ്ടുപോകാനുള്ള റെയിൽവേ റേക്കുകൾ ലഭ്യമാണെന്ന് റെയിൽവേ കേന്ദ്രത്തെ അറിയിച്ചു. വൈദ്യുതി ആവശ്യം വീണ്ടും വർദ്ധിച്ചാൽ എൻ.ടി.പി.സിയുടെ ഗ്യാസ് പ്ലാന്റുകൾ ഉപയോഗിക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.കഴിഞ്ഞ വർഷം കൽക്കരി ഖനനത്തിലെ പ്രശ്‌നങ്ങളാണ് വൈദ്യുതി പ്രതിസന്ധി ഉണ്ടാക്കിയത്.

ഇക്കുറി പ്രതീക്ഷിച്ചതിലേറെ ഉപഭോഗവും. പ്രതിസന്ധി മറികടക്കാൻ 40 ദശലക്ഷം ടൺ കൽക്കരി സംഭരിച്ചെങ്കിലും ഫെബ്രുവരിയിലെ ഉത്പാദനം കൊണ്ട് തന്നെ അത് 31ദശലക്ഷമായി കുറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ 45 ദശലക്ഷം ടൺ കൽക്കരി വേണ്ടിവരും. ഇതോടെയാണ് പ്രതിസന്ധി ആസന്നമായത്.രണ്ട് വിപണിയിൽ ആശങ്കലോഡ് ഷെഡിങ് ഒഴിവാക്കാൻ പുറമെ നിന്ന് വൈദ്യുതി വാങ്ങുന്ന ഓപ്പൺ സോഴ്‌സിൽ കേന്ദ്രം രണ്ടുതരം വിപണി തുറന്നതിൽ സംസ്ഥാനങ്ങൾക്ക് ആശങ്കയുണ്ട്. ഇതുവരെ യൂണിറ്റിന് 12രൂപയായിരുന്നു പരിധി.

എന്നാൽ നാഫ്ത, ഇറക്കുമതി ചെയ്ത കൽക്കരി എന്നിവ ഉപയോഗിച്ച് ഉൽപ്പാദിപ്പിക്കുന്ന മേന്മ കൂടിയ വൈദ്യുതി വിൽക്കാൻ വേറൊരു വിപണിക്ക് കൂടി കേന്ദ്രം അനുമതി നൽകി. അവിടെ യൂണിറ്റിന് 50രൂപ വരെ ഈടാക്കാം. ക്ഷാമം രൂക്ഷമായാൽ ഇത്രയേറെ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരുമെന്നാണ് ആശങ്ക.