പാലക്കാട്: കടുവയുടെ ആക്രമണത്തെത്തുടർന്ന് പരിക്കേറ്റ് നടക്കാൻ ബുദ്ധിമുട്ടിയിരുന്ന ആനയക്ക് വനംവകുപ്പ് വനത്തിനുള്ളിൽ ചികത്സ ലഭ്യമാക്കി. തമിഴ്‌നാട്ടിൽ നിന്നെത്തിച്ച കുങ്കിയാനകളുടെ സഹായത്തോടെ ഏറെ സാഹസീകമായിട്ടാണ് ഉദ്യോഗസ്ഥ സംഘം ദൗത്യം പൂർത്തീകരിച്ചത്.

ചുങ്കം ഫോറസ്റ്റ് റെയിഞ്ചിൽ പറമ്പിക്കുളം ഡാമിന്റെ റിസർവോയറിനോട് ചേർന്നുള്ള വനമേഖലയിൽ അനപ്പാടി ഭാഗത്ത് അവശനിലയിൽ കാണപ്പെട്ട 30 വയസ് തോന്നിക്കുന്ന പിടിയാനയ്ക്കാണ് വനത്തിനുള്ളിൽ ചികത്സ ലഭ്യമാക്കിയത്. പിൻഭാഗത്ത് വലതുകാലിനാണ് പരിക്കേറ്റിരുന്നത്. മുറിവുകൾ പഴുത്ത് വൃണമായിരുന്നു. ആനയെ കണ്ടെത്തി , മയക്കുവെടി വച്ചുവീഴ്‌ത്തുകയായിരുന്നു ദൗത്യത്തിന്റെ ആദ്യഘട്ടം. വെടിയേൽക്കുമ്പോൾ ആന ഓടി സമീപത്തെ ജലാശയത്തിൽ ഇറങ്ങുന്നതിനുള്ള സാധ്യത അധികൃതർ കണക്കുകൂട്ടിയിരുന്നു. വെള്ളത്തിൽ ആന മയങ്ങി വീണാൽ തുമ്പികൈയ്ക്കുള്ളിൽ വെള്ളം നിറയുമെന്നും ഇത് ജീവഹാനിക്കുതന്നെ കാരണമായേക്കാമെന്നും മെഡിക്കൽ സംഘം മുന്നറയിപ്പ് നൽകയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് വെടിയേറ്റശേഷം ആന ജലാശയത്തിലേയ്ക്ക് നീങ്ങുന്നത് തടയാൻ കുങ്കിയാനകളുടെ സേവനം പ്രയോജനപ്പെടുത്താൻ വനംവകുപ്പധികൃതർ തീരുമാനിച്ചത്. ഫോറസ്റ്റ് ചീഫ് വെറ്റിനറി ഓഫീസർ ഡോ.അരുൺ സഖറിയ അസി.ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോ.ഡേവിഡ് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് 7 മണിക്കൂറോളം ചിലവഴിച്ച് ആനയെ ചികത്സിച്ചത്. മുറിവുകളിൽ നിന്നും പഴുപ്പ് പരമാവധി എടുത്തുകളഞ്ഞ് , ഉണക്കിനുള്ള മരുന്ന് പുരട്ടിയിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കുള്ളിൽ ആന സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മെഡിക്കൽ സംഘം അറയിച്ചു.

വരുന്ന ഒരാഴ്ചക്കാലം ആനയെ നിരീക്ഷിക്കണമെന്നും അസ്വഭാവികമായി എന്തെങ്കിലും കണ്ടാൽ ഉടൻ അറയിക്കണമെന്നും നിർദ്ദേശിച്ചാണ് മെഡിക്കൽ സംഘം മടങ്ങിയത്. ആന ആനപ്പാടിയോട് അടുത്തവനമേഖലിയിൽ ചുറ്റിത്തിരിയുന്നുണ്ടെന്നും തീറ്റയെടുക്കുന്നുണ്ടെന്നും ചുങ്കം ഫോറസ്റ്റ് റെയിഞ്ചോഫീസർ എൻ എം ബാബു അറയിച്ചു.പാലക്കാട് ഡിഎഫ്ഒ ഖുറ ശ്രീനിവാസ് സ്ഥലത്തെത്തി കർമ്മപദ്ധതിക്ക് നേതൃത്വം നൽകി.ആർ ആർ ടി ടീമിലെ 11 പേരും ഫോറസ്റ്റ് വാച്ചർമാരുമടക്കം 20 -ളം പേർ ദൗത്യത്തിൽ പങ്കാളികളായി.

പകൽ സമയങ്ങളിൽ ഒട്ടുമിക്കപ്പോഴും ആന ജലാശയത്തിൽ ഇറങ്ങി നിൽക്കുന്നത് വാച്ചർമാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.തുടർന്ന് ആനയെ സ്ഥിരമായി നീരീക്ഷിച്ചപ്പോഴാണ് കാലിൽ മുറിവുണ്ടെന്നും ഇതിൽ ഈച്ച പൊതിയുമ്പോഴാണ് ജലാശയത്തിലേയ്ക്ക് ഇറങ്ങുന്നതെന്നും ബോദ്ധ്യപ്പെട്ടത്.ഇത് സംബന്ധിച്ച് ചുങ്കം ഫോറസ്റ്റ് റെയിഞ്ചോഫീസർ ഉന്നതാധികാരികളെ വിവരം ധരിപ്പിച്ചു. തുടർന്ന് അസി.ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോ.ഡേവിഡ് സ്ഥലത്തെത്തി ആനയെ കണ്ട് ,പരിക്കുകൾ വിലയിരുത്തുകയും ഇത് സംബന്ധിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡന് റിപ്പോർട്ട് നൽകുകയുമാിരുന്നു.

ഈ റിപ്പോർട്ട് ലഭിച്ച ദിവസങ്ങൾക്കുള്ളിൽത്തന്നെ ആനയെ മയക്കുവെടി വച്ച വീഴ്‌ത്തി,ചികത്സ വഭ്യമാക്കാൻ വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടു. ഇടയ്ക്കിടെ ആന ജലാശയത്തിലേയ്ക്ക് ഇറങ്ങുന്നതായിരുന്നു ചികത്സ ദൗത്യസംഘം നേരിട്ടിരുന്ന പ്രധാന വെല്ലുവിളി.മെഡിക്കൽ സംഘം രാവിലെ 10 മണിയോടെ തന്നെ ആന നിന്നിരുന്ന വനമേഖലയിൽ എത്തി,മയക്കുവെടിക്കുള്ള നീക്കങ്ങൾ ആരംഭിച്ചിരുന്നു.

ഇതിന് പിന്നാലെ പ്രതീക്ഷിച്ചപോലെ ആന ജാലാശയത്തിലേയ്ക്കിറങ്ങി. മണിക്കൂറുകൾ കാത്തുനിന്നിട്ടും ആന കരയ്ക്കുകയറാൻ തയ്യാറാവത്തിനെത്തുടർന്ന് മെഡിക്കൽ സംഘം പിൻവാങ്ങി.ഉച്ചകഴിഞ്ഞ് 3 മണിയോടെ ആരംഭിച്ച രണ്ടാമത്തെ പരിശ്രമത്തിലാണ് ദൗത്യം പൂർത്തീകരിച്ചത്.