- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴു വർഷത്തിനിടെ ദേവികുളം റേഞ്ചിൽ കാട്ടാന ആക്രമണത്തിൽ മരിച്ചത് 13 പേർ; കാട്ടാനശല്യം തടയാൻ സർക്കാർ പ്രഖ്യാപിച്ച ആന പാർക്ക് കടലാസിലൊതുങ്ങി; കാടിന്റെ വ്യാപ്തി വർധിപ്പിച്ച് തീറ്റയും വെള്ളവും നൽകി ആനകളെ ശാന്തരാക്കുന്ന ഇടുക്കിയിലെ പദ്ധതിക്ക് തടസം കൈയേറ്റ മാഫിയ
ഇടുക്കി: കാട്ടാന ശല്യം നാൾക്കു നാൾ വർധിക്കുമ്പോഴും ഇതിന് പരിഹാരം കാണുന്നതിനായി സർക്കാർ പ്രഖ്യാപിച്ച ആന പാർക്ക് പദ്ധതി ഏങ്ങുമെത്തിയില്ല. ചിന്നക്കനാലിലാണ് സംസ്ഥാനത്തെ ആദ്യ ആനപ്പാർക്ക് നിർമ്മിക്കാൻ സർക്കാർ പദ്ധതിയിട്ടത്. കാട്ടാനകൾക്ക് തനത് ആവാസ വ്യവസ്ഥ ഒരുക്കുന്നതിനൊപ്പം ജനവാസ മേഖലകളിൽ ഇറങ്ങി മനുഷ്യജീവനും സ്വത്ത് വകകൾക്കും നാശനഷ്ടമുണ്ടാക്കുന്നത് തടയുകയെന്ന ലക്ഷ്യമായിരുന്നു കാട്ടാന ഉദ്യാനം വഴി ലക്ഷ്യം വച്ചിരുന്നത്.
പദ്ധതിയുടെ ഭാഗമായി നടത്തിയ സാറ്റലൈറ്റ് സർവേ പൂർത്തിയാക്കി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു. എന്നാൽ ആന പാർക്കിനായുള്ള തുടർ നടപടികൾക്ക് അനക്കമുണ്ടായിട്ടില്ല. കാട്ടാന ആക്രമണങ്ങൾ ശക്തിപ്രാപിക്കുകയും ചെയ്തു. ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ നിരവധി ജീവനുകളാണ് കാട്ടാന ആക്രമണങ്ങളിൽ പൊലിഞ്ഞിട്ടുള്ളത്. കൂടാതെ അംഗഭംഗം വന്നവരും നിരവധി.
കഴിഞ്ഞ 7 വർഷത്തിനിടെ ദേവികുളം റേഞ്ചിൽ കാട്ടാനയുടെ ആക്രമണത്തിൽ 13 പേർ മരണപ്പെടുകയും മൂന്നു പേർക്ക് ഗുരുതര പരുക്കേൽക്കുകയും നിരവധി വീടുകളും വാഹനങ്ങളും നശിപ്പിക്കുകയും വ്യാപകമായ കൃഷിനാശം വരുത്തുകയും ചെയ്തിരുന്നു.
കാട്ടാനശല്യം രൂക്ഷമായ ചിന്നക്കനാൽ, സൂര്യനെല്ലി അടക്കമുള്ള പ്രദേശങ്ങളിലെ ആദിവാസി പുനരധിവാസ കോളനികളിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ച് ആറുകിലോ മീറ്റർ ചുറ്റളവിൽ മതികെട്ടാൻ ദേശീയ ഉദ്യാനവുമായി ബന്ധിപ്പിക്കുന്നതാണ് ആന പാർക്ക് പദ്ധതി. കാടിന്റെ വ്യാപ്തി വർധിപ്പിച്ച് തീറ്റയും വെള്ളവും ഒരുക്കുന്നതോടെ കാട്ടാനകൾ കാടിറങ്ങുന്നത് തടയാൻ കഴിയുമെന്നാണ് പ്രതീക്ഷ.
പദ്ധതി പ്രഖ്യപിച്ച് വർഷങ്ങൾ പിന്നിടുമ്പോഴും സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള പ്രാരംഭ നടപടികൾ പോലും നടത്താനായിട്ടില്ല. ആന പാർക്ക് പദ്ധതി നടപ്പിലായാൽ ചിന്നക്കനാൽ, ശാന്തൻപാറ, രാജകുമാരി എന്നീ ജനവാസ മേഖലകളിലേക്ക് കാട്ടാന ഇറങ്ങിയുള്ള ആക്രമണത്തിന് പരിഹാരമാകും.
പാർക്ക് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ചിന്നക്കനാൽ പ്രദേശം ഭൂമി കൈയേറ്റങ്ങളാൽ ഏറെ വിവാദങ്ങൾ നിലനിൽക്കുന്ന മേഖലയാണ്. പാർക്ക് വരുന്നതോടെ വന ഭൂമി കൈയേറ്റങ്ങൾ വെളിച്ചത്താവുമെന്ന ചില വൻകിട കൈയേറ്റക്കാർ ഭയപ്പെടുന്നുമുണ്ട്. ഇതാവാം ആന പാർക്കിന്റെ തുടർ നടപടികൾക്ക് വിലങ്ങുതടിയാവുന്നത്.
ആനയിറങ്കൽ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളും ചിന്നക്കനാൽ പഞ്ചായത്തിലെ ആനയിറിങ്കൽ, വിലക്ക്, 101 കോളനി എന്നിവിടങ്ങളും ഉൾപ്പെടുന്ന 100 ഹെക്ടർ സ്ഥലമാണ് ആന പാർക്കിനായി പരിഗണിക്കുന്നത്. വനഭൂമിയിലെ കൈയേറ്റ മാഫിയയെ സഹായിക്കുന്നതിനായാണ് ഇത്തരത്തിൽ പദ്ധതി വൈകിപ്പിക്കുന്നതെന്നാണ് ആരോപണം.
സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ മുമ്പ് പ്രദേശവാസികളും രംഗത്തു വന്നിരുന്നു. എന്നാൽ ഏറ്റെടുക്കുന്ന പ്രദേശങ്ങളെ സംബന്ധിച്ച വ്യക്തത വരുത്താനും ഇത് ജനങ്ങളെ ബോധ്യപ്പെടുത്താനും വനം വകുപ്പ് തയാറാകാത്തതും പദ്ധതി വൈകാൻ കാരണമായി.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്