ചിന്നക്കനാൽ(ഇടുക്കി): ആനശല്യം കാരണം ദുരിത ജീവിതം നയിക്കുകയാണ് ചിന്നക്കനാൽ സിങ്കുകണ്ടം കോളനിയിലെ ആദിവാസികൾ. രാത്രികളിൽ ഉറങ്ങാതെ നേരം വെളുപ്പിക്കുകയാണ്. മരണത്തെ മുന്നിൽക്കണ്ടാണ് ഇവിടുത്തെ ജീവിതം.രോഗം മുർച്ഛിച്ചപ്പോൾ ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കാത്തതിനെത്തുടർന്ന് ഭർത്താവ് ബേബി മരണപ്പെട്ടതിന്റെ സങ്കടം ഇനിയും വിട്ടൊഴിഞ്ഞിട്ടില്ലന്ന് വിമല ബേബി പറഞ്ഞു. അയൽക്കാരി സ്വന്തം കൈകളിൽ കിടന്ന് ജീവൻ വെടിഞ്ഞത് മാനസിക ആഘാതമായെന്ന് മിനി ബെന്നി പറയുമ്പോൾ, വീട്ടിൽ കിടക്കാൻ ഭയമായതിനാൽ വാർക്കയുടെ മുകളിൽ കുടിൽ കെട്ടി താമസം തുടങ്ങിയിട്ട് വർഷങ്ങളായെന്ന് രാജൻ. ആശിച്ച് പഠിച്ച്,സ്വന്തമാക്കിയ ജോലി വീട്ടിൽ നിന്നും മാറി നിൽക്കാൻ കഴിത്തതിനാൽ ഉപേക്ഷിക്കേണ്ടിവന്നതിന്റെ വിഷമത്തിൽ വിക്രവും.

സിങ്കുകണ്ടം കോളനിയിൽ ദുരിതജീവിതം നയിക്കുന്ന ആദിവാസി സമൂഹത്തിൽ ഉൾപ്പെട്ടവരാണ് ഇവർ 4 പേരും. സർക്കാരാണ് ഇവിടെ താമസിപ്പിച്ചത്. അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഇനിയും ലഭിച്ചിട്ടില്ല. ആന ശല്യം മൂലം ഒട്ടുമിക്കവരും സ്ഥലവും വീടും ഉപേക്ഷിച്ച് പോയി. നിവർത്തിയില്ലാത്തതിനാലാണ് കുറച്ചുപേർ ഇപ്പോഴും ഇവിടെ കഴിയുന്നത്. ഇനിയെങ്കിലും സർക്കാർ കണ്ണുതുറക്കണം.ശല്യക്കാരായ ആനകളെ മുഴുവൻ ഇവിടെ നിന്ന് ഒഴിവാക്കണം.ഇവർ ആവശ്യപ്പെട്ടു.

കോളനിയിലെ ആനശല്യത്തെക്കുറിച്ച് പ്രചരിക്കുന്ന വിവരങ്ങളുടെ നിജസ്ഥിതി തേടിയാണ് മറുനാടൻ ഇവിടെ എത്തിയത്. ഇതുവരെ പുറത്തുവന്നതിലും ഭീതിജനകമാണ് ഇവിടുത്തുകാരുടെ ദുരിത ജീവിതം.

കണ്മുമ്പിൽ പിടഞ്ഞ് വീണ് മരിച്ച് ഭർത്താവ്

രണ്ടുവർഷം മുമ്പാണ് ഒരു ദിവസം രാത്രി വിമലയുടെ ഭർത്താവ് ബേബിക്ക് പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്നത്. ആശുപത്രിയിൽ കൊണ്ടുപോകാൻ വാഹനം സംഘടിപ്പിക്കാൻ വിമല പുറത്തേയ്ക്കിറങ്ങിയപ്പോൾ വീടിനടുത്ത് ആനകൂട്ടം. ഒച്ചവച്ചിട്ടും ആനക്കൂട്ടം പിന്മാറാൻ തയ്യാറായില്ല. നിമിഷം തോറും ഭർത്താവിന്റെ ആരോഗ്യസ്ഥിതി മോശമായി. ഒടുവിൽ കൺമുന്നിൽ ശ്വാസം കിട്ടാതെ ബേബി പിടഞ്ഞുമരിക്കുകയായിരുന്നു.

ഇതെക്കുറിച്ച് കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും സങ്കടമാണ്. ഇപ്പോൾ ഒറ്റയ്ക്കാണ് ജീവിതം. ഉള്ള ഭൂമിയിൽ അദ്ധ്വാനിച്ച് ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. നട്ടുപിടിപ്പിച്ചതെല്ലാം വിട്ടുകളഞ്ഞിട്ട് ഏങ്ങോട്ടാപോവാനാ..സർക്കാരാണ് ഞങ്ങളെ രക്ഷി്ക്കേണ്ടത്.അടുത്തകാലത്ത് ഒരു ഉദ്യോഗസ്ഥൻ പോലും ഇവിടെ എത്തി ഞങ്ങൾ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അന്വേഷിച്ചിട്ടില്ല. വിമല ബേബി പറഞ്ഞു.

വൈകുന്നേരമായാൽ ഭക്ഷണവും വെള്ളവും മരുന്നും മറ്റ് അത്യാവശ്യ സാധനങ്ങളുമായി പിൻവശത്ത് ചാരിവച്ചിട്ടുള്ള ഗോവണി വഴി വീടിന്റെ മുകളിൽ എത്തും. ഇവിടെ മരക്കമ്പുകളിൽ പ്ലാസ്റ്റിക് ഷീറ്റുകൾ കെട്ടി കൂടിൽ നിർമ്മിച്ചിട്ടുണ്ട്.രാത്രി ഇവിടെയാണ് കഴിച്ചുകൂട്ടുക. നേരം പുലർന്നാൽ വീടിന് ചുറ്റുവട്ടത്ത് ആന ഇല്ലെന്ന് ഉറപ്പായാൽ മാത്രമെ താഴെയിറങ്ങു.

ഒരിക്കൽ മാത്രം രാത്രി താഴെ ഇറങ്ങേണ്ട സാഹചര്യമുണ്ടായി. വാതിൽ തുറന്ന് മുൻവശത്തെത്തിയപ്പോൾ വീട്ടുമുറ്റത്ത് അരിക്കൊമ്പൻ. പെട്ടെന്ന് കതകടച്ച്, വീടിന് പുറത്തിറങ്ങി, പിൻവശത്തെ ഗോവണി വഴി മുകളിൽ കയറി,രക്ഷപെടുകയായിരുന്നു.

സ്വപ്ന ജോലി ഉപേക്ഷിച്ച് വിക്രം

വിമലയുടെ മകളുടെ മകനാണ് വിക്രം. ക്യാമറമാൻ ആവുകയെന്നതായിരുന്നു ഈ 24 കാരന്റെ ചെറുപ്പം മുതലുള്ള സ്വപ്നം. ഈ ലക്ഷ്യത്തിൽ തിരുവനന്തപുരത്തെ സ്ഥാപനത്തിൽ വിഷ്വൽ കമ്യൂണിക്കേഷൻ കോഴ്സിന് ചേർന്നു. കോഴ്സ് പാസായി, ഏതാനും മാസം ജോലി ചെയ്തെങ്കിലും താമസിയാതെ വീട്ടിലേ്ക്ക് മടങ്ങേണ്ടിവന്നു.

ആന ശല്യം മൂലം കഷ്ടപ്പെടുന്ന മുത്തശി വിമലയ്ക്ക് താങ്ങും തണലുമായി ഇപ്പോൾ വിക്രം മാത്രമാണുള്ളത്. ഇഷ്ടപ്പെട്ട ജോലി നഷ്ടമായതിൽ വിഷമമുണ്ട്. അതിലും വലുത് മുത്തശിയുടെ ജീവനും ജീവിതവുമാണ്. സാഹചര്യം അനുകൂലമായാൽ തുടർന്നും ജോലി്ക്ക് പോകണം എന്നാണ് കരുതുന്നത് വിക്രം വ്യക്തമാക്കി.

അയൽക്കാരിയെ അടിച്ച് വീഴ്‌ത്തി ആന

2008-ൽ പണി കഴിഞ്ഞെത്തിയശേഷം വിറകുശേഖരിക്കുന്നതിനാണ് അയൽക്കാരി മോളിയെ, മിനി ബെന്നി കൂട്ടുവിളിച്ചത്. വൈകിട്ട് 3.30 തോടെയാണ് വീട്ടിൽ നിന്നിറങ്ങിയത്. കുറച്ചുദൂരം നടന്നപ്പോൾ പിടിയാന പിന്നിൽ നിന്നും ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും ആൾപൊക്കത്തെക്കാൾ ഉയരത്തിൽ വളർന്നുനിന്നിരുന്ന കാട് തടസ്സമായി. ഓടിയെത്തിയ ആന തുമ്പികൈയ്ക്ക് അടിച്ചുവീഴ്‌ത്തുകയായിരുന്നു.

ആശുപത്രിയിലേ്ക്ക് കൊണ്ടുപോകുമ്പോൾ ചേച്ചിയെ ദേഹത്തോട് ചേർത്ത് പിടിച്ചിരുന്നു. ഇടയ്ക്കെവിടയോ വച്ച് ജീവൻ നഷ്ടമായി. ഇതെത്തുടർന്ന് അനുഭവിച്ച മാനസിക വിഷമം വിവരണാതീതമാണ്. ഇതിന് പിന്നാലെയാണ് കോളനിവാസികളായ പളനിച്ചാമി, ആരോഗ്യരാജ്, തങ്കപ്പൻ എന്നിവരെയെല്ലാം ആന ചവിട്ടിയും കുത്തിയുമെല്ലാം കൊലപ്പെടുത്തിയത്, മുൻ ട്രൈബൽ പ്രമോട്ടർ കൂടിയായ മിനി ബെന്നി വിശദമാക്കി.

നിസ്സഹായതോടെ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു

തന്റെയും അയൽക്കാരന്റെയും വീടുകൾ ആന തകർക്കുന്നത് നിശബ്ദനായി നോക്കിനിൽക്കേണ്ടി വന്ന ഗതികേടിനെക്കുറിച്ച് വിവരിക്കുമ്പോൾ രാജൻ ആരോടെന്നില്ലാതെ രോക്ഷാകൂലനായി. പരാതി നൽകിയിട്ടും ആരും തിരിഞ്ഞുനോക്കാൻ തയ്യാറാവാത്തതിൽ രാജന് അതിയായ പരിഭവമുണ്ട്. ഇതിന്റെ കാരണം എന്താണെന്ന് മനസ്സിലാവുന്നില്ല. തങ്ങളുടെ ജീവനും സ്വത്തിനും ഒരു വിലയുമില്ലെ....എന്നിങ്ങനെ പോകുന്നു ഇയാളുടെ പരിദേവനം.

നായ്കൂട്ടങ്ങളുടെ കാവലിൽ ജീവിതം, പ്രശ്നക്കാരൻ അരിക്കൊമ്പൻ

കോളനിയിലേ്ക്ക് കടന്നാൽ കാടിനുള്ളിൽ പ്രേതാലയങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ നിരനിരയായി കോൺക്രീറ്റ് കെട്ടിടങ്ങൾ കാണാം. മിക്ക വീടുകളിലും താമസക്കാരില്ല. താമസമുള്ള വീടുകൾക്ക് ചുറ്റും നായക്കളുടെ കാവലുണ്ട്. മിക്കതും നാടൻ നായ്ക്കളാണ്. ഒരു വീട്ടിൽ നാലും അഞ്ചും നായക്കളുണ്ട്.

ആനകൾ എത്തുമ്പോൾ നായക്കൾ കുരച്ച് ബഹളം ഉണ്ടാക്കും. ഇതോടെ വീട്ടുകാർ ഉണർന്ന് പാട്ടകൊട്ടിയും പടക്കമെറിഞ്ഞും ആനകളെ തുരത്തും. ആഴ്ചയിൽ മിക്കദിവസവും ആനകളെ ഓടിക്കാൻ ഉറങ്ങാതെ കാവലിരിക്കണം എന്നതാണ് കോളനിവാസികളുടെ നിലവിലെ സ്ഥിതി.

അരിക്കൊമ്പനെ പിടികൂടാൻ വനംവകുപ്പ് നടപടി സ്വീകരിച്ചത് കോളിവാസികൾക്ക് വലിയൊരളവിൽ ആശ്വാസമായിരുന്നു. കോടതി ഇടപെടലിനെത്തുടർന്ന് ഈ നീക്കം നിർത്തിവച്ചതിൽ കോളനി നിവാസികളും പ്രദേശത്ത് കൃഷിഭൂമിയുള്ള നാട്ടുകാരും കടുത്ത പ്രതിഷേധത്തിലാണ്. ഹർജിയുമായി കോടതിയെ സമീപിച്ചവർ ഒരുദിവസം കോളനിയിൽ താമസിച്ച് ഇവിടുത്തെ ദുരിതം മനസ്സിലാക്കാൻ തയ്യാറാവണം, കോളനി വാസികൾ ആവശ്യപ്പെട്ടു.

അഞ്ചും പത്തുമൊക്കെ വരുന്ന ആനക്കൂട്ടമാണ് ദിവസേനയെന്നവണ്ണം കോളനിയിൽ എത്തുന്നത്. അരിക്കൊമ്പൻ, ചക്കക്കൊമ്പൻ, മുറിവാലൻ കൊമ്പൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന ആനകളാണ് കൂടുതൽ ഭീതി വിതയ്ക്കുന്നത്. അരിക്കൊമ്പാനാണ് വീടുകളിലേറെയും തകർത്തിട്ടുള്ളത്. അരിയാണ് ഇഷ്ട ഭക്ഷണം. വീടുകൾ തകർക്കുന്നതും അരി തിന്നാൽ തന്നെ. ഇവിടെ ഏകദേശം 40 ലേറെ വീടുകൾ ഈ കാട്ടുകൊമ്പൻ തകർത്തിട്ടുണ്ട്.

വൈദ്യുതി ഇനിയും കിട്ടാക്കനി, വഴിയും വെള്ളവും തഥൈവ

ചിന്നക്കനാലിൽ നിന്നും സിമന്റുപാലം വരെ ടാർ റോഡുണ്ട്. ഇവിടെ നിന്നും കുറച്ചുകൂടി മുന്നോട്ടുപോയാൽ സിങ്കുകണ്ടമായി.ഇവിടെ വരെ വലിയ കുഴപ്പമില്ലാതെ വാഹനങ്ങളിൽ എത്താം. ഇവിടെ നിന്നും മൂന്നരകിലോമീറ്ററോളം മൺപാത പിന്നിട്ടാൽ 301 കോളനിയിൽ എത്താം. വർഷകാലത്ത് ഇവിടേയ്ക്കുള്ള പാതയിൽ ചെളി നിറയും. ഫോർവീൽ ജീപ്പുകളിൽ മാത്രമാണ് പിന്നീട് ഇവിടേയ്ക്ക് എത്താൻ കഴിയു.

വേനൽകാലത്ത് കാൽനട യാത്ര തന്നെ ശരണം. യാത്ര മധ്യേ ആനകളുടെ മുന്നിൽ അകപ്പെടുവാൻ ഇടയുള്ളതിനാൽ അത്യവശ്യ ഘട്ടങ്ങളിൽ മാത്രമാണ് ഇവിടുത്തെ താമസക്കാർ കോളനി വിട്ട് പുറത്തുപോകാറുള്ളു എന്നതാണ് യാഥാർത്ഥ്യം. കോളനിയിലെ ഒട്ടുമിക്ക വീടുകളുടെയും മുകളിൽ വച്ചുകെട്ടിയ കുടിലുണ്ട്. ആന ആക്രമണത്തിൽ രക്ഷപെടുന്നതിനുള്ള കരുതലാണ് ഈ ഷെഡ്ഡുകൾ.

ആശുപത്രി , സ്‌കൂൾ ,സർക്കാർ ഓഫീസുകൾ എന്നിവയൊന്നും കോളനിയുടെ നാലയത്തെങ്ങുമില്ല. സുര്യനെല്ലിയിലോ പൂപ്പാറയിലോ ആണ് കോളനിക്കാർ ആശുപത്രി ആവശ്യങ്ങൾക്കായി പോകുന്നത്.ഇതിന് ചുരുങ്ങിയത് 15 കിലോ മീറ്റർ ദുരം പിന്നിടണം.ആന ശല്യം ഉള്ളതിനാൽ രാത്രി കാലത്ത് ടാക്സി വാഹനങ്ങൾ ഓട്ടം വിളിച്ചാൽ കോളനിയിലേയ്ക്ക് വരാറില്ല എന്ന ആക്ഷേപവും ശക്തമാണ്.

കുങ്കി ആനകൾ എത്തി, കോടതി ഇടപെടൽ അനുകൂലമാവുമെന്ന് പ്രതീക്ഷയിൽ വനംവകുപ്പ്

ഈ മാസം 28 വരെ അരിക്കൊമ്പനെ വെടിവച്ച് പിടിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ വനംവകുപ്പ് തയ്യാറാക്കിയ അരിക്കൊമ്പൻ മിഷൻ പ്രതിസന്ധിയിലായി. കോടതി ഇടപെടലിനെതിരെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു.

കോടതി ഇടപടൽ അനുകൂലമാവുമെന്ന പ്രതീക്ഷയിൽ വനംവകുപ്പ് അരിക്കൊമ്പൻ മിഷനുമായി മുന്നോട്ടുനീങ്ങുന്നതായിട്ടാണ് സൂചന. കോടതി ഇടപെടൽ ഉണ്ടായതിന് പിന്നാലെ ഇന്നലെ രാവിലെയാണ് വയനാട്ടിൽ നിന്നും കോന്നി സുരേന്ദ്രൻ, കുഞ്ചു എന്നീ കുങ്കിയാനകളെ ചിന്നകനാലിൽ എത്തിച്ചത്.

ഇതിന് മുമ്പ സൂര്യൻ, വിക്രം എന്നീ കുങ്കിയാനകളെയും ഇവിടെ നിന്നും ചിന്നക്കനാലിൽ എത്തിയിരുന്നു. മയക്കുവെടി വിദഗ്ദൻ അരുൺ സക്കറിയയും സംഘവും പലവട്ടം ഇവിടം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുന്നിയിരുന്നു.

ചിന്നക്കനാൽ സിമന്റ് ഭാഗത്താണ് കുങ്കിയാനകളെ പാർപ്പിച്ചിട്ടുള്ളത്. പാപ്പാന്മാരും വനംവകുപ്പ് വാച്ചർമാരും ഉൾപ്പെടുന്ന സംഘം കുങ്കിയാനകളെ നീരീക്ഷിച്ച് പരിസരത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

കുങ്കിയാനകൾക്കിടയിലെ സ്റ്റാർ കോന്നി സുരേന്ദ്രൻ എത്തിയതറിഞ്ഞ് ആരാധകർ ചിന്നക്കനാലിലേയ്ക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ രാവിലെ 10.30 തോടടുത്ത് ആനയെ ലോറിയിൽ നിന്നും ഇറക്കുമ്പോൾ വൻ ജനക്കൂട്ടം ഇവിടെ തടിച്ചുകൂടിയിരുന്നു.