- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആനപ്രേമികളെ കണ്ണീരിലാഴ്ത്തി നീലകണ്ഠൻ ചരിഞ്ഞു
കോന്നി: ആനത്താവളത്തിന്റെ ഐശ്വര്യമായിരുന്ന കോന്നി സുരേന്ദ്രന് പകരക്കാരനായി വന്ന്, ഇവിടുത്തെ തലപ്പൊക്കമുള്ള ഏക താപ്പാനയായി മാറിയ നീലകണ്ഠൻ ചരിഞ്ഞു. 30 വയസായിരുന്നു. എരണ്ടക്കെട്ട് ബാധിച്ച് 27 ദിവസമായി ഫോറസ്റ്റ് വെറ്റിനറി ഡോ.ശ്യാം ചന്ദ്രന്റെ ചികിൽസയിൽ കഴിയുകയായിരുന്നു. ഭക്ഷണം കഴിക്കാനും, വെള്ളം കുടിക്കാനും കഴിയാത്ത അവസ്ഥയിലായിരുന്നു. ഇന്ന് ചരിഞ്ഞത്.
ആദ്യ ഘട്ടത്തിൽ സംസ്ഥാനത്ത് കുങ്കിപരിശീലനം ലഭിച്ച മൂന്ന് ആനകളിൽ ഒന്നാണ് നീലകണ്ഠൻ. കോന്നി സുരേന്ദ്രനു പകരക്കാരനായി 2021 ഫെബ്രുവരിയിലാണ് നീലകണ്ഠൻ ആനത്താവളത്തിലെത്തിയത്. നാട്ടുകാരുടെയും ആനപ്രേമികളുടെയും എതിർപ്പ് അവഗണിച്ചാണ് കോന്നി സുരേന്ദ്രനെ കുങ്കി പരിശീലനത്തിനായി മുതുമലയിൽ കൊണ്ടുപോയത്. പരിശീലനത്തിനു ശേഷം തിരികെ കൊണ്ടുവരുമെന്ന അധികൃതരുടെ വാഗ്ദാനം ലംഘിക്കപ്പെട്ടു.
ആനപ്രേമികളുടെ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് മുതുമലയിൽ കോന്നി സുരേന്ദ്രനൊപ്പം കുങ്കി പരിശീലനം നേടിയ കോടനാട്ടെ നീലകണ്ഠനെ കോന്നിക്ക് നൽകിയത്. വയനാട് വടക്കനാട് ഭാഗത്ത് നാട്ടിലിറങ്ങിയ കൊമ്പനെ പിടികൂടിയതിൽ നീലകണ്ഠനും ഉണ്ടായിരുന്നു.
നിലവിൽ കോന്നി ആനത്താവളത്തിലെ ലക്ഷണമൊത്ത, തലയെടുപ്പുള്ള താപ്പാനയായിരുന്നു നീലകണ്ഠൻ. വിനോദ സഞ്ചാരികളുടെ മുഖ്യആകർഷണം
1996 ൽ മലയാറ്റൂർ വനം ഡിവിഷനിലെ വടാട്ട് പാറ ഭാഗത്ത് പഴയ വാരിക്കുഴിയിൽ നിന്നുമാണ് രണ്ട് വയസ് പ്രായമുള്ള നീലകണ്ഠനെ ലഭിക്കുന്നത്. 2018 വരെ കോടനാട്ട് ആനത്താവളത്തിലായിരുന്ന നീലകണ്ഠനെ കുങ്കി പരിശീലനത്തിനായി മുതമലയിൽ അയച്ചു. സന്ധ്യയോടെ ആനത്താവളത്തിൽ നിന്നും നീലകണ്ഠന്റെ ജഡം ക്രയിൻ ഉപയോഗിച്ച് വാഹനത്തിൽ കയറ്റി കുമ്മണ്ണൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ വനത്തിലെത്തിച്ച് പോസ്റ്റുമോർട്ടം നടത്തിയ ശേഷം സംസ്‌കരിച്ചു.