കണ്ണൂർ: കണ്ണൂർ ജില്ലയുടെ മലയോര പ്രദേശമായ ഉളിക്കൽ ടൗണിലിറങ്ങിയ കാട്ടാനയുടെ ചവുട്ടേറ്റാണ് പ്രദേശവാസിയായ ആർത്രശേരി ജോസ്(65) കൊല്ലപ്പെട്ടതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് സ്ഥിരീകരിച്ചു. ഉളിക്കലിൽ ഇറങ്ങിയ കാട്ടാനയുടെ ചവിട്ടേറ്റാണ് പ്രദേശവാസിയായ ജോസ് മരിച്ചതെന്ന് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ പറഞ്ഞു. ആർത്രശേരി ജോസിന്റെ മൃതദേഹമാണ് വ്യാഴാഴ്‌ച്ച രാവിലെ കാട്ടാന ഓടിയ വഴിയിൽ നിന്ന് കണ്ടെത്തിയത്.

എല്ലാവരോടും സ്ഥലത്ത് നിന്ന് മാറാൻ ആവശ്യപ്പെട്ടിരുന്നു. എല്ലാവരും മാറി എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഓപ്പറേഷൻ ആരംഭിച്ചത്. ജോസ ഏങ്ങനെ വന്നുപെട്ടു എന്നറിയില്ല. ആന ചവിട്ടിയാണ് മരിച്ചതെന്നാണ് മനസിലാക്കുന്നതെന്നും റെയ്ഞ്ച് ഓഫീസർ പറഞ്ഞു. ഓട്ടത്തിനിടെയാണ് ജോസ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. ജോസിന്റെ ആന്തരികാവങ്ങളെല്ലാം പുറത്തുവന്ന നിലയിലും കൈകൾ ഒടിഞ്ഞു തൂങ്ങിയ നിലയിലുമാണ്. ബസ് സ്റ്റാൻഡിന് സമീപം മത്സ്യമാർക്കറ്റിനടുത്ത് കുറ്റിക്കാട്ടിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ബുധനാഴ്‌ച്ച കാട്ടാന ഇതുവഴി പോകുന്നതിനിടെയിൽ മുൻപിൽപ്പെട്ടു പോയ ജോസിനെ ചവുട്ടിക്കൊന്നതായാണ് സൂചന. ബുധനാഴ്‌ച്ച പകൽ മുഴുവൻ ഉളിക്കൽ പ്രദേശത്തെ മുൾമനയിൽ നിർത്തിയ കാട്ടാനയെ സന്ധ്യയോടെ വനാതിർത്തി കടത്തുവിട്ടുവെന്നാണ് വനം വകുപ്പ് അറിയിച്ചിരുന്നത്.

ജോസിന്റെ മൃതദേഹം വ്യാഴാഴ്‌ച്ച വൈകുന്നേരം നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്റ്റ്യൻ ഫെറോന പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും. ഭാര്യ:ആലീസ്, മക്കൾ: മിനി. സിനി, സോണി, സോജൻ. മരുമക്കൾ: സജി, ഷിജി, മനോജ്, ടീന. സഹോദരങ്ങൾ: വർഗീസ്, സെബാസ്റ്റ്യൻ, ബെന്നി, ഇമ്മാനുവൽ,സാലി, പരേതനായ വിൻസെന്റ്.

ഇരിക്കൂർ എംഎ‍ൽഎ സജീവ് ജോസഫ് ഉൾപ്പെടെയുള്ളവർ മരണവിവരമറിഞ്ഞു സ്ഥലത്ത് എത്തിയിരുന്നു. ഉളിക്കൽ പൊലിസ് ഇൻക്വസ്റ്റ് നടത്തി. ജോസിനെ കാട്ടാന ഇറങ്ങിയ സ്ഥലത്ത് കണ്ടിരുന്നതായി നാട്ടുകാർ പറയുന്നുണ്ട്. ആന വരുന്നുണ്ടെന്നും ഓടിക്കോയെന്നും ജോസിനോട് വിളിച്ചു പറഞ്ഞിന്നു. അപ്പോൾ എല്ലാവരും കൂട്ടത്തോടെ ഓടിയപ്പോൾ ജോസ് ഒറ്റപ്പെട്ടു പോവുകയായിരുന്നു. അതിനു ശേഷം ഇന്നാണിപ്പോൾ മൃതദേഹം കാണുന്നത്. ആന പരിഭ്രാന്തനായി ഓടിയപ്പോഴാണ് അപകടമെന്ന് കരുതുന്നു. പടക്കം പൊട്ടിച്ചതോടെയാണ് കാട്ടാന വിരണ്ടു ഓടിയത്. അതിനു പിന്നാലെയാണ് ജോസിനോട് ഓടാൻ പറഞ്ഞതെന്ന് പ്രദേശവാസികൾ പറഞ്ഞു.

ഉളിക്കലിൽ ഇറങ്ങിയ കാട്ടാനഇപ്പോഴുള്ളത് മാട്ടറ ചോയിമടയിലെ തോട്ടത്തിലെന്നാണ് നിഗമനം. വനാതിർത്തിയിൽ എത്തിയ ആന രാത്രി വീണ്ടും ജനവാസ മേഖലയിലൂടെ സഞ്ചരിച്ചതായാണ് വിവരം. മാട്ടറ ചോയിമട കാടിനോട് ചേർന്ന പ്രദേശമാണ്. എന്നാൽ ആന കാട് കയറിയെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. ആനയുടെ കാൽപ്പാടുകൾ പരിശോധിച്ചാണ് വനം വകുപ്പ് ഇത് സ്ഥിരീകരിച്ചത്.

കഴിഞ്ഞ വർഷം ഇരിട്ടി പെരിങ്കരിയിൽ ജസ്റ്റിനെന്ന യുവാവിനെ കാട്ടാന ചവുട്ടിക്കൊന്നിരുന്നു. ഇതോടെ ജില്ലയിലെ മലയോരങ്ങളിൽ ഇതുവരെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പതിമൂന്നായി ഉയർന്നു. കാട്ടാനക്കലിയിൽ ഇതുവരെ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ആറളം ഫാം തൊഴിലാളികളും ഫാം നിവാസികളുമാണ്. ഫാമിന് പുറത്തുള്ള ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന കാട്ടാനകൾ കനത്ത കൃഷി നാശവും ആൾ നാശവുമാണ് വിതയ്ക്കുന്നത്.

ഉളിക്കൽ ടൗണിൽ ബുധനാഴ്‌ച്ച പുലർച്ചെ നാലു മണിക്കാണ് കാട്ടാനയെത്തിയത്. ആന എത്തിയത്. മുൻകരുതലിന്റെ ഭാഗമായി ഉളിക്കലിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. ആനയെ കണ്ട് ഭയന്നോടിയ ആറുപേർക്ക് പരുക്കേറ്റിരുന്നു. വയത്തൂർ വില്ലേജ് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുമുണ്ടായിരുന്നു. മാട്ടറ വഴിയാണ് കാട്ടാനയെ വനത്തിലേക്ക് തുരത്തിയത്.

നേരത്തെ ഉളിക്കൽ ടൗണിലെ പള്ളിയോട് ചേർന്നുള്ള കൃഷിയിടത്തിലായിരുന്നു ആന നിലയുറപ്പിച്ചിരുന്നത്. പിന്നീട് സമീപത്തെ കശുമാവിൻ തോട്ടത്തിലേക്ക് ആനയെ നീക്കുന്നതിനാണ് വനംവകുപ്പ് പടക്കം പൊട്ടിച്ചത്. എന്നാൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഉദ്ദേശിച്ച ഭാഗത്തേക്കായിരുന്നില്ല ആന നീങ്ങിയത്. ഇതിനു ശേഷം മഴ പെയ്തതിനാൽ തുരത്തൽ പ്രവർത്തനങ്ങൾ തടസപ്പെട്ടുവെങ്കിലും രാത്രിയോടെ കർണാടക വനാതിർത്തിയിലേക്ക് കടത്തി വിടുകയായിരുന്നു.

നേരത്തെ ആനയെ തളയ്ക്കാൻ മയക്കു വെടിവയ്ക്കാൻ മന്ത്രി നിർദ്ദേശിച്ചിരുന്നുവെങ്കിലും പകൽ സമയമായതിനാൽ പ്രായോഗികമല്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു. ഉളിക്കൽ ടൗണിൽ കാട്ടാനയെ കാണാനായി പ്രദേശവാസികളായ നൂറു കണക്കിനാളുകളാണ് തടിച്ചു കൂടിയിരുന്നത്. ഇവരെ പിന്തിരിപ്പിക്കാൻ വനം വകുപ്പും പൊലിസും ശ്രമിച്ചിരുന്നുവെങ്കിലും സാധ്യമായിരുന്നില്ല. ജനപ്രവാഹം തടയുന്നതിനായി ഉളിക്കൽ ടൗണിലെ വിവിധ വഴികൾ എക്സൈസ് അടച്ചിരുന്നു.

എന്നാൽ ലാറ്റിൻ പള്ളിക്ക് സമീപത്തുള്ള പാലത്തിലും സമീപപ്രദേശങ്ങളിലും ആളുകൾ കൂട്ടമായി തിങ്ങി നിൽക്കുകയായിരുന്നു. ആൾക്കൂട്ടത്തെ കണ്ടു കാട്ടാന വിറളി പൂണ്ട് ഓടിയടുത്തതിനാലാണ് ആറു പേർക്ക് പരുക്കേറ്റത്. സജീവ് ജോസഫ് എംഎ‍ൽഎയുടെ നേതൃത്വത്തിൽ വൻ സംഘം സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു. ഉളിക്കൽ പൊലിസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. കാട്ടാന വീണ്ടും തിരിച്ചുവരുമോയെന്ന ആശങ്ക ജനങ്ങൾക്കുണ്ട്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ പുറത്തിറങ്ങാൻ മടിക്കുകയാണ്. ജനങ്ങളുടെ ഭീതിയകറ്റാൻ വനംവകുപ്പും പൊലിസും സ്ഥലത്ത് ക്യാംപ് ചെയ്യുന്നണ്ട്.