ന്യൂയോര്‍ക്ക്: യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കിയെ ദുഷ്ടന്‍ എന്ന് വിശേഷിപ്പിച്ച് ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. റഷ്യയുമായി ദീര്‍ഘകാലം യുദ്ധം ചെയ്യാനാണ് സെലന്‍സ്‌കിയുടെ ലക്ഷ്യമെന്നും മസ്‌ക്ക് കുറ്റപ്പെടുത്തി. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ സാധ്യതകള്‍ വിദുരമാണെന്ന സെലന്‍സ്‌കിയുടെ പ്രസ്താവനയോട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി കൊണ്ട് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ഇട്ടിരുന്നു.

ഇതിന് പിന്തുണ അറിയിച്ചു കൊണ്ടാണ് മസ്‌ക് സെലന്‍സ്‌കിയെ ഇത്തരം മോശം പദപ്രയോഗങ്ങള്‍ കൊണ്ട് വിശേഷിപ്പിച്ചത്. അന്താരാഷ്ട്ര വേദികളില്‍ നിറഞ്ഞു നില്‍ക്കുന്നതിന് വേണ്ടിയാണ് സെലന്‍സ്‌കി യുദ്ധം നീട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നതെന്ന് മസ്‌ക് ആരോപിച്ചു. സമാധാന കരാര്‍ നിലവില്‍ വരുന്നതിന് മുമ്പ് തന്നെ വ്യവസ്ഥകളുമായി വന്നാല്‍ സെലന്‍സ്‌കി അധികകാലം യുക്രൈന്റെ പ്രസിഡന്റായി തുടരില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. യുദ്ധം അവസാനിച്ചാല്‍ തന്റെ അധികാരം നഷ്ടമാകും എന്ന് സെലന്‍സ്‌കിക്ക് നന്നായി അറിയാമെന്ന് മസ്‌ക് പറഞ്ഞു.

സെലന്‍സ്‌കിയെ ഏകാധിപതി എന്ന് വിശേഷിപ്പിച്ച മസ്‌ക് രാജ്യത്ത് ജനാധിപത്യം തിരികെ കൊണ്ടു വരാന്‍ ഏതെങ്കിലും നിഷ്പക്ഷ രാജ്യത്ത് അദ്ദേഹത്തിന് രാഷ്ട്രീയ അഭയം നല്‍കണമെന്നും കളിയാക്കി. നേരത്തേ ട്രംപും സെലന്‍സ്‌കിയെ രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്താത്ത ഏകാധിപതി എന്ന് വിശേഷിപ്പിച്ചിരുന്നു. യുദ്ധം നടക്കുന്ന സാഹചര്യം കണക്കിലെടുത്താണ് യുക്രൈനില്‍ തെരഞ്ഞെടുപ്പ് നടത്താത്തത് എന്നായിരുന്നു ഇതിനുള്ള സെലന്‍സ്‌കിയുടെ മറുപടി.

രണ്ടാം ലോക മഹായുദ്ധം നടന്ന സമയത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ തെരഞ്ഞെടുപ്പ് നടത്താതിരുന്ന കാര്യം പലരും ഈ അവസരത്തില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് ഇപ്പോഴും ട്രംപ്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ബൈഡന് പകരം താനായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്നതെങ്കില്‍ റഷ്യ-യുക്രൈന്‍ യുദ്ധം ഉണ്ടാകുമായിരുന്നില്ല എന്നും പ്രസിഡന്റായാല്‍ യുദ്ധം അടിന്തരമായി അവസാനിപ്പിക്കുമെന്നും അദ്ദേഹം അവകാശവാദം ഉന്നയിച്ചിരുന്നു.

ഇതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ വെള്ളിയാഴ്ച യുക്രൈന്റെ ധാതു സമ്പത്ത് കൈമാറുന്ന കരാറില്‍ ഒപ്പിടാനായി സെലന്‍സ്‌കി വൈറ്റ്ഹൗസില്‍ എത്തിയത്. എന്നാല്‍ ഓവല്‍ ഓഫീസില്‍ അമേരിക്കന്‍ ഭരണാധികാരികളും സെലന്‍സ്‌കിയും തമ്മില്‍ പൊരിഞ്ഞ വാക്കേറ്റമാണ് നടന്നത്. ഒടുവില്‍ സെലന്‍സ്‌കി ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. തുടര്‍ന്ന് ബ്രിട്ടനില്‍ എത്തിയ സെലന്‍സ്‌കി യൂറോപ്യന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ബൈഡന്‍ സര്‍ക്കാരിന്റെ കാലത്ത് യുക്രൈന് വന്‍തോതിലുള്ള അമേരിക്കയുടെ സൈനിക സഹായം ലഭിച്ചിരുന്നു. ഇപ്പോള്‍ ലണ്ടനില്‍ യൂറോപ്യന്‍ നേതാക്കളുടെ ചര്‍ച്ചയിലും യുക്രൈന് സഹായിക്കുന്നതിനായി കൃത്യമായ നിലപാടോ തീരുമാനമോ എടുക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനിടയിലാണ് ഇപ്പോള്‍ സെലന്‍സ്‌കിയെ കുറിച്ചുളള മോശം പരാമര്‍ശവുമായി മസ്‌ക് രംഗത്ത് എത്തുന്നത്.