ന്യൂയോര്‍ക്ക്: സ്വന്തം കമ്പനിയുടെ എതിരാളികളായ ഓപ്പണ്‍ എ-ഐ വിലയ്ക്ക് വാങ്ങാന്‍ ഒരുങ്ങി ഇലോണ്‍ മസ്‌ക്ക്. 100 ബില്യണ്‍ ഡോളറിന് കമ്പനി വാങ്ങാന്‍ ഒരു സംഘം നിക്ഷേപകരുമായി രംഗപ്രവേശം ചെയ്തിരിക്കുകയാണ് മസ്‌ക്ക്. കമ്പനി ഏറ്റെടുക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഡയറക്ടര്‍ ബോര്‍ഡിന് മുന്നില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് സമര്‍പ്പിച്ചത്. മസ്‌ക്കിന്റെ അഭിഭാഷകനായ മാര്‍ക്ക് ടോബറോഫാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്.

ഓപ്പണ്‍ എഐ നിലവില്‍ മസ്‌കിന്റെ എതിരാളിയായ സാം ആള്‍ട്ട്മാന്‍ നടത്തുന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ്. നിര്‍മ്മിത ബുദ്ധിയുടെ മേഖലയില്‍ ഒന്നാം സ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം ഇപ്പോള്‍ നിയമക്കുരുക്കില്‍ പെട്ടിരിക്കുകയാണ്. മസ്‌ക്കിന്റയും മറ്റ് സംരംഭകരുടേയും ഈ നീക്കത്തോട് ചാറ്റ് ജി.പി.ടിയുടെ നിര്‍മ്മാതാക്കള്‍ കൂടിയായ ഓപ്പണ്‍ എ-ഐയുടെ ഉടമകള്‍ ഇനിയും പ്രതികരിച്ചിട്ടില്ല. മസ്‌ക്കിന്റെ ഈ പുതിയ നീക്കം കമ്പനിയെ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്ന സാം ആള്‍ട് മാന്‍ വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

എത്ര ഉയര്‍ന്ന തുക നല്‍കിയും കമ്പനി ഏറ്റെടുക്കാന്‍ തന്നെയാണ് മസ്‌ക്കും സഹപ്രവര്‍ത്തകരും ശ്രമിക്കുന്നതെന്നാണ് അഭിഭാഷകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഓപ്പണ്‍ ഐയെ സംബന്ധിച്ച് നേരത്തേ ഉണ്ടായിരുന്ന ശക്തിയിലേക്ക് മടങ്ങേണ്ട സമയമാണ് ഇതെന്നാണ് മസ്‌ക്കും വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യം ഉറപ്പ് വരുത്തുമെന്നാണ് മസ്‌ക് അവകാശപ്പെടുന്നത്. 2015 ല്‍ ഇലോണ്‍ മസ്‌ക്കും ഓള്‍ട്ട്മാനും ചേര്‍ന്നാണ് ഓപ്പണ്‍ എ-ഐ സ്ഥാപിച്ചത്.

എന്നാല്‍ 2019ല്‍ മസ്‌ക്ക കമ്പനി വിടുകയായിരുന്നു. തുടര്‍ന്ന് സി.ഇ.ഒ യായ ആള്‍ട്ട്മാന്‍ മൈക്രോസോഫ്റ്റ് ഉള്‍പ്പെടെയുള്ള കമ്പനികളില്‍ നിന്നും നിക്ഷേപം സ്വീകരിച്ചിരുന്നു. എന്നാല്‍ ഓപ്പണ്‍ എ ഐക്കെതിരെ പോരാട്ടത്തിനിറങ്ങുക ആയിരുന്നു ഇലോണ്‍ മസ്‌ക്. അധിക ലാഭം നേടാനായി അടിസ്ഥാന തത്വങ്ങളെ മറികടന്നു പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടാണ് ഇലോണ്‍ മസ്‌ക് ഓപ്പണ്‍ എ ഐക്കെതിരെയും സി ഇ ഓ ആയ സാം ആള്‍ട്ട്മാനെതിരെയും കേസ് ഫയല്‍ ചെയ്തത്.

2015 ല്‍ ഓപ്പണ്‍ എഐയ്ക്ക് തുടക്കമിടുമ്പോഴുള്ള കരാര്‍ വ്യവസ്ഥകള്‍ ആള്‍ട്ട്മാനും കമ്പനിയും ലംഘിച്ചുവെന്നാണ് മസ്‌കിന്റെ വാദം. സാന്‍ഫ്രാന്‍സിസ്‌കോ കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനി പൊതുജനക്ഷേമത്തിനായി എ ഐ സംവിധാനങ്ങള്‍ നിര്‍മ്മിക്കാനുള്ള അതിന്റെ യഥാര്‍ത്ഥ ദൗത്യത്തില്‍ നിന്ന് വിട്ടുവീഴ്ച ചെയ്യുകയും മൈക്രോസോഫ്റ്റിന് കീഴിലുള്ള ലാഭം വര്‍ദ്ധിപ്പിക്കുന്ന സ്ഥാപനമായി രൂപാന്തരപ്പെടുത്തുകയും ചെയ്തതായി ഇലോണ്‍ മസ്‌ക് ആരോപിച്ചിരുന്നു.

മനുഷ്യരാശിക്ക് പ്രയോജനപ്പെടുന്ന നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്ന ഓപ്പണ്‍ സോഴ്‌സ്, നോണ്‍ പ്രോഫിറ്റ് കമ്പനി സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് സാം ആള്‍ട്ട്മാനും സഹസ്ഥാപകനായ ഗ്രെഗ് ബ്രോക്ക്മാനും തന്നെ സമീപിച്ചത് എന്നും ഈ സ്ഥാപകലക്ഷ്യം കമ്പനി ഉപേക്ഷിച്ചെന്നുമാണ് മസ്‌ക് ആരോപിച്ചിരുന്നത്. ഓപ്പണ്‍ ഐ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനിയായ മൈക്രോസോഫ്റ്റിന്റെ ഒരു ക്ലോസ്ഡ് സോഴ്‌സ് സബ്‌സിഡിയറിയായി രൂപാന്തരപ്പെട്ടിരിക്കുന്നു വെന്നും.

പുതിയ ബോര്‍ഡിന് കീഴില്‍, വികസനം നടത്തുക മാത്രമല്ല, മൈക്രോസോഫ്റ്റിന് വേണ്ടി പരമാവധി ലാഭം വര്‍ദ്ധിപ്പിക്കുന്നതിനായി ഒരു ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് വികസിപ്പിച്ചെടുത്തെന്നും ആരോപിച്ചാണ് മസ്‌ക്ക് സാന്‍ ഫ്രാന്‍സിസ്‌കോ മേല്‍ കോടതിയില്‍ കേസ് നല്‍കിയിരിക്കുന്നത്. ഇലോണ്‍ മസ്‌ക് ഓപ്പണ്‍ എഐ യുടെ പിന്നിലെ വലിയ ശക്തി ആയിരുന്നുവെന്നും, ആദ്യ വര്‍ഷങ്ങളില്‍ ഓപ്പണ്‍ എ ഐക്കു വേണ്ട നിക്ഷേപത്തിന്റെ ഭൂരിഭാഗവും നല്‍കിയത് മസ്‌ക്കാണെന്നും അവകാശപ്പെട്ടിരുന്നു.

2020-ല്‍ നടന്ന മൈക്രോസോഫ്റ്റുമായുളള കരാറിന് ശേഷം ഓപ്പണ്‍ എ ഐയുടെ ഏറ്റവും വലിയ നിക്ഷേപകരായി മൈക്രോസോഫ്റ്റ് മാറുകയായിരുന്നു. ഏതായാലും ഇപ്പോള്‍ നടക്കുന്ന നീക്കങ്ങള്‍ ഫലവത്തായാല്‍ നിയമപ്രശ്നങ്ങള്‍ അവസാനിപ്പിച്ച് മികച്ചൊരു തുടക്കം കുറിക്കാന്‍ കമ്പനിക്ക് കഴിയുമെന്നാണ് വ്യവസായ ലോകം കരുതുന്നത്.