പഞ്ച്കുള: കാശ്മീരിലെ അനന്ത്‌നാഗിൽ തീവ്രവാദികളെ തുരത്താനുള്ള സൈനിക നടപടി ഇപ്പോഴും തുടരുകയാണ്. മൂന്ന് ഉദ്യോഗസ്ഥർ വീരമൃത്യു വരിക്കുകയും ഒരു സൈനികനെ കാണാതാകുകയും ചെയ്തിട്ടുണ്ട്. ഇതോടെ ശക്തമായി തീവ്രവാദികളെ തുരത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. 19 രാഷ്ട്രീയ റൈഫിൾസ് യൂണിറ്റ് കമാൻഡർമാരായ കേണൽ മൻപ്രീത് സിങ്, മേജർ ആശിഷ്, ജമ്മു കശ്മീർ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ ഭട്ട് എന്നിവരാണ് കഴിഞ്ഞദിവസം ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ചത്.

കേണൽ മൻപ്രീത് സിങ് ഓപ്പറേഷന് പോകുന്നതിന് മുമ്പ് ഭാര്യയെയും ഫോണിൽ വിളിച്ചിരുന്നു. ഓപ്പറേഷന് പോകുന്നതായി പറഞ്ഞെങ്കിലും അത് അവസാന വാക്കുകൾ ആകുമെന്ന് ജഗ്മീർ കൗർ കരുതിയിരുന്നില്ല. പഞ്ച്കുള മോർണി ഹിൽസ് ഗവൺമെന്റ് സീനിയർ സെക്കൻഡറി സ്‌കൂളിലെ ഇക്കണോമിക്സ് ലക്ചറണ് ജഗ്മീത് കൗർ. 'അഭി ഓപറേഷൻ മേ ജാ രഹാ ഹു (ഞാൻ ഇപ്പോൾ ഒരു ഓപറേഷന് -സൈനിക നീക്കത്തിന്- പുറപ്പെടുകയാണ്) ' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ബുധനാഴ്ച പുലർച്ചെ പ്രിയതമൻ പറഞ്ഞത് അദ്ദേഹത്തിന്റെ അവസാന വാക്കുകളായിരിക്കുമെന്ന് ജഗ്മീത് നിനച്ചിരുന്നില്ല.

എന്നാൽ, ഏതാനും മണിക്കൂറുകൾക്ക് ശേഷം കേട്ടത് ഞെട്ടിക്കുന്ന വാർത്തയായിരുന്നു. കശ്മീരിലെ അനന്ത്‌നാഗിന് സമീപം ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഭർത്താവിന് മാരകമായി പരിക്കേറ്റുതായി അവർ അറിഞ്ഞു. പിന്നാലെ മരണവിവരം ബന്ധുക്കൾ അറിഞ്ഞെങ്കിലും ജഗ്മീതിൽ നിന്ന് മറച്ചുവെച്ചു. പിറ്റേന്ന് രാവിലെയാണ് അവരെ ഇക്കാര്യം അറിയിച്ചത്.

കേണൽ മൻപ്രീത് സിംഗിന്റെ മൃതദേഹം സംസ്‌ക്കരിച്ചു ചടങ്ങുകൾ പഞ്ചാബിലെ ഗരീസാബാദിലാണ് നടന്നത്. ആറ് വയസ്സുള്ള മകൻ അവസാന സെല്യൂട്ട് നൽകിയത് ആർമി യൂണിഫോം ധരിച്ച്. പഞ്ചാബിലെ മുള്ളൻപൂർ ഗരീബ്ദാസിലെ വീട്ടിലെത്തിച്ച മൃതശരീരത്തിൽ അഭിവാദ്യം അർപ്പിക്കുന്ന കുഞ്ഞു കബീർ സിങ് ഏവർക്കും നോവായി.

കബീർ സിങ് ഭാവി ഭാരതത്തിന്റെ വാഗ്ദാനമാണെന്ന് പ്രതിരോധ വിദഗ്ധൻ റിട്ട. കേണൽ ശൈലേന്ദ്ര പറഞ്ഞു. കേണൽ മൻപ്രീത് സിംഗിനെ പോലെ ധീരസൈനികനായി മകൻ വളർന്നുവരും അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചാബിലെ ഒരു ചെറു ഗ്രാമമായ ഭരോൺജിയനിലാണ് കേണൽ മൻപ്രീത് സിങ് ജനിച്ചത്. രാഷ്ട്രീയ റൈഫിൾസിൽ സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹത്തിന്റെ കശ്മീരിലെ കാലാവധി അവസാനിക്കാൻ നാല് മാസം മാത്രമാണ് ബാക്കിയുണ്ടായത്.

മൻപ്രീത് സംഗിന് കബീറിനെ കൂടതെ രണ്ട് വയസ്സുകാരി മകളുമുണ്ട്. അദ്ദേഹത്തിന്റെ പിതാവും ഇന്ത്യൻ ആർമിയിൽ നിന്ന് വിരമിച്ച വിമുക്തഭടനായിരുന്നു. ഏതാനും വർഷം മുൻപാണ് പിതാവ് മരണപ്പെട്ടത്. അമ്മയും ഭാര്യ ജഗ്മീത് ഗ്രെവാളും അടങ്ങുന്നതാണ് മൻപ്രീതിന്റെ കുടുംബം.

2021-ൽ, ലെഫ്റ്റനന്റ് കേണലായിരിക്കുമ്പോൾ, മൻപ്രീത് സിംഗിനെ ധീരതയ്ക്കുള്ള സേന മെഡൽ നൽകി രാജ്യം ആദരിച്ചിരുന്നു. ഇതേവർഷം തന്നെ പ്രമോഷന്റെ ഭാഗമായി സമാധാന പ്രദേശത്ത് പോസ്റ്റിംഗും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ധീരനായ ആ സൈനികൻ ആ പോസ്റ്റിങ് വേണ്ടെന്നു വെയ്ക്കുകയായിരുന്നു.