- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണാഘോഷം തുടങ്ങിയപ്പോൾ ജോലി കഴിഞ്ഞ് മതിയെന്ന് ഹെൽത്ത് ഇൻസ്പക്ടർ; പ്രതിഷേധിച്ച് മുപ്പതോളം പേർക്കുള്ള ഓണസദ്യ മാലിന്യ കുപ്പയിൽ എറിഞ്ഞ് തലസ്ഥാനത്ത് സിഐടിയുവിന്റെ നേതൃത്വത്തിലുള്ള ജീവനക്കാർ; ദൃശ്യങ്ങൾ പുറത്ത്; അഹങ്കാരമെന്ന് സോഷ്യൽ മീഡിയ
തിരുവനന്തപുരം: ജോലിക്കൊപ്പം ഓണാഘോഷവും. അതാണ് സ്വകാര്യ സ്ഥാപനങ്ങളിൽ ഒക്കെ പതിവ്. ജോലിയിൽ നിന്ന് കുറച്ചുസമയം ഇളവെടുത്ത് എല്ലാവരും കൂട്ടായ് ചേർന്ന് ഓണക്കളികളിൽ മുഴുകിയും, ഓണസദ്യ കഴിച്ചും ഒക്കെ ആഘോഷത്തിന്റെ ഭാഗമാകും. എന്നാൽ, ജോലി ഒഴിവാക്കി വേണം ഓണം ആഘോഷിക്കാൻ എന്ന് വിശ്വസിക്കുന്ന ഒരുകൂട്ടരും ഉണ്ട്. അത് സംഭവിച്ചില്ലെങ്കിൽ, അവരാകെ മുഷിയും. ജോലിക്കിടെ എന്താഘോഷം നടക്കാനാണ് എന്നാണ് അവരുടെ മട്ട്. അത്തരമൊരു സംഭവം തലസ്ഥാന നഗരത്തിൽ നടന്നു. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ജോലി ഒഴിവാക്കി ഓണം ആഘോഷിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ശുചീകരണ തൊഴിലാളികൾ ഓണസദ്യ മാലിന്യ കുപ്പയിൽ എറിഞ്ഞു. തിരുവനന്തപുരം കോർപറേഷനിലെ ചാലാ സർക്കിളിലെ ഒരു വിഭാഗം ശുചീകരണ തൊഴിലാളികളാണ് ഈ കടുംകൈക്ക് മുതിർന്നത്. ഇവർ സദ്യ എയ്‌റോബിക് ബിന്നിൽ ഉപേക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ കണ്ട മിക്കവരും ഇത് അഹങ്കാരമെന്നാണ് കുറിക്കുന്നത്. കെഎസ്ആർടിസി ജീവനക്കാരെ പോലുള്ളവർ ശമ്പളം കിട്ടാതെ, ഭക്ഷണവും മരുന്നും വാങ്ങാൻ പാങ്ങില്ലാതെ കഴിയുകയാണ്. ഒരുനേരത്തെ ആഹാരത്തിന് വകയില്ലാത്തവരും എത്രയോ. ഇത്രയേറെ കഷ്ടപ്പെടുന്നവർ ചുറ്റും ഉള്ളപ്പോൾ, സദ്യ മാലിന്യ കുപ്പയിൽ തള്ളിയത് അംഗീകരിക്കാൻ ആവില്ലെന്നാണ് മിക്കവരുടെയും കമന്റ്. തിരുവനന്തപുരം കോർപ്പറേഷനിലെ സർക്കിൾ ഓഫിസുകളിൽ ഇന്നലെയായിരുന്നു ഓണാഘോഷം.
ഓഫീസ് പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിൽ വേണം ആഘോഷിക്കാനെന്ന് സെക്രട്ടറി നിർദ്ദേശിച്ചിരുന്നു. ജീവനക്കാർ, രാവിലെ ആഘോഷത്തിന് തുടക്കം കുറിച്ചപ്പോൾ ജോലി കഴിഞ്ഞ് മതിയെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ നിർദേശിച്ചു. ഇതോടെ ജീവനക്കാർ ആകെ പിണങ്ങി.
ശുചീകരണ ജോലി കഴിഞ്ഞെത്തിയ സിഐടിയു നേതൃത്വത്തിലെ ഒരു വിഭാഗം ജീവനക്കാരാണു മുപ്പതോളം പേർക്കു കഴിക്കാനുള്ള ആഹാരം നശിപ്പിച്ചത്. ഓണാഘോഷം തടയാൻ മേലധികാരികൾ ശ്രമിച്ചതിലുള്ള പ്രതിഷേധമെന്നാണ് യൂണിയൻ പറയുന്നത്. എന്തുതന്നെയാലും പ്രതിഷേധിക്കേണ്ടത് ഈ വിധമായിരുന്നില്ലെന്നും, ഭക്ഷണം വേണ്ടെങ്കിൽ, അത് ഉപേക്ഷിക്കാതെ, വിശക്കുന്നവർക്ക് കൊടുത്തുകൂടായിരുന്നോ എന്നും ചോദ്യം ഉയരുന്നു.
കടപ്പാട്: മനോരമ ന്യൂസ്
മറുനാടന് മലയാളി ബ്യൂറോ