- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിൻവാതിൽ നിയമന വിവാദം കൊഴുത്തപ്പോൾ കണ്ണിൽപൊടിയിടൽ പ്രഖ്യാപനം; പി.എസ്.സി.യുടെ പരിധിയിൽ വരാത്ത നിയമനങ്ങൾ എംപ്ലോയ്മെന്റ് മുഖേന മാത്രമെന്ന് സർക്കാർ; ഒഴിവുകൾ റിപ്പോർട്ടു ചെയ്യാത്തവർക്കെതിരെ നടപടി ഇല്ലാത്ത പക്ഷം എല്ലാം വീണ്ടും പഴയപടിയാകും
കൊല്ലം: സംസ്ഥാനത്തെ പിൻവാതിൽ നിയമന വിവാദം കൊഴുക്കവേ കണ്ണിൽ പൊടിയിടൽ നീക്കവുമായി സർക്കാർ. സംസ്ഥാനത്തെ വിവിധ വകുപ്പുകൾക്ക് കീഴിലെ മുഴുവൻ സ്ഥാപനങ്ങളിലെയും പിഎസ് സിയുടെ പരിധിയിൽ പരാത്ത നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ച് മുഖേന നടത്തണമെന്നാണ് സർക്കാർ നിർദ്ദേശം. ഇത് ഇപ്പോഴത്തെ വികാരം ശമിപ്പിക്കാനുള്ള സർക്കാർ ശ്രമം മാത്രമായി വിലയിരുത്തേണ്ടി വരും. ഒഴിവുകൾ റിപ്പോർട്ടു ചെയ്യാത്തവർക്കെതിരെ നടപടി എടുക്കാത്ത പക്ഷം എല്ലാം പഴയപടിയിലാകും കാര്യങ്ങൾ.
സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലെ സ്ഥിരം, കരാർ, താത്കാലിക നിയമനങ്ങൾക്ക് അടക്കം സർക്കാർ നിർദ്ദേശം ബാധകമാണെന്നാണ് വ്യക്തമാക്കുന്നത്. സ്ഥിരം ഒഴിവുകളിലേക്ക് അന്തിമമായി തിരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികളുടെ ലിസ്റ്റ് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചിൽ അയച്ചുകൊടുത്ത് സ്ഥിരീകരണം വാങ്ങണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇതിനുശേഷമേ നിയമന ഉത്തരവ് പുറപ്പെടുവിക്കാവൂ.
തൊഴിലും നൈപുണ്യവും വകുപ്പിന്റെയാണ് ഉത്തരവ്. എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചിൽ അറിയിക്കുന്ന ഒഴിവുകളിൽ ഉദ്യോഗദായകരായ വകുപ്പുകൾക്ക് ഉദ്യോഗാർഥികളുടെ പട്ടിക നൽകാറുണ്ട്. ഇതോടൊപ്പം നൽകുന്ന ആമുഖ കത്തിൽ നിയമനത്തിനുള്ള സംവരണക്രമം സംബന്ധിച്ച് വ്യക്തമായ നിർദേശങ്ങളും നൽകാറുണ്ട്. എന്നാൽ മിക്ക ഉദ്യോഗദായകരും പാർട്ട് ടൈം സ്വീപ്പർ ഉൾപ്പെടെയുള്ള സ്ഥിരനിയമനങ്ങൾ നടത്തുമ്പോൾ സാമുദായിക സംവരണക്രമവും മുൻഗണനയും പാലിക്കാറില്ലെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടി.
ഇത്തരം നിയമനവിവരം പിന്നീട് പരിശോധിക്കുമ്പോൾ പിശകുകൾ ശ്രദ്ധയിൽപ്പെടുകയും നിയമനം ലഭിച്ചവരെ പിരിച്ചുവിടാൻ നിർദേശിക്കുകയും ചെയ്യാറുണ്ട്. ഉദ്യോഗാർഥികളുടേതല്ലാത്ത തെറ്റുകളാലാണ് ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുന്നത്. ഇതുകാരണം തുടർന്നുവരുന്ന ഒഴിവുകളും നികത്താൻ സാധിക്കാതെവരുന്നു. കോടതി വ്യവഹാരങ്ങൾക്കും ഇതു കാരണമാകുന്നു.
സ്ഥിരം ഒഴിവുകളിലെങ്കിലും അന്തിമമായി തിരഞ്ഞെടുത്തവരുടെ പട്ടികനൽകി ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചിൽനിന്ന് സ്ഥിരീകരണം വാങ്ങിയാൽ സംവരണക്രമം പാലിക്കുന്നതിനു സാധിക്കും. നിയമനം സംബന്ധിച്ച പരാതികൾ ഒരു പരിധിവരെ ഒഴിവാക്കാനും കഴിയുമെന്ന് സർക്കാർ ഉത്തരവിൽ ചൂണ്ടിക്കാട്ടി.
മറുനാടന് മലയാളി ബ്യൂറോ