- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലസ്ഥാനത്ത് കലാസാംസ്കാരിക തനിമ വിളിച്ചോതി ഘോഷയാത്ര; വിവിധ വകുപ്പുകളുടെ നിശ്ചല ദൃശ്യങ്ങൾ; മിഴിവേകി പാരമ്പര്യകലാരൂപങ്ങൾ; ഓണം വാരാഘോഷത്തിന് സമാപനം; ദൃശ്യാനുഭവം ആസ്വദിച്ച് ആയിരങ്ങൾ
തിരുവനന്തപുരം: ഇന്ത്യയുടേയും കേരളത്തിന്റെയും സാംസ്കാരിക തനിമ വിളിച്ചോതുന്ന കലാരൂപങ്ങൾ അണിനിരന്ന വർണാഭമായ ഘോഷയാത്രയോടെ സംസ്ഥാന സർക്കാറിന്റെ ഓണം വാരാഘോഷത്തിന് സമാപനം. അനന്തപുരിയെ ഇളക്കിമറിച്ച വമ്പൻ സാംസ്‌കാരിക ഘോഷയാത്ര കാണാൻ ആയിരങ്ങളാണ് നഗര വീഥികളിലേക്കെത്തിയത്.
തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളയമ്പലം കെൽട്രോണിന് സമീപത്ത് നിന്നും ഫ്‌ളാഗ് ഓഫ് ചെയ്ത ഘോഷയാത്ര കാണാൻ പാതയുടെ ഇരുവശങ്ങളിലും പതിനായിരങ്ങൾ തടിച്ചുകൂടി.
ആകെ 76 ഫ്‌ളോട്ടുകളും 77 കലാരൂപങ്ങളുമായി നഗരം ഇതുവരെ കാണാത്ത ദൃശ്യാനുഭവം സമ്മാനിച്ചാണ് ഘോഷയാത്ര കടന്നുപോയത്. ഒന്നാം നിരയിൽ കേരള പൊലീസിന്റെ ബാൻഡ് സംഘം, പിന്നാലെ പഞ്ചവാദ്യവും കേരള പൊലീസ് അശ്വാരൂഢസേനയും അനുഗമിച്ച് വൈവിധ്യമാർന്ന നാടൻ കലാരൂപങ്ങളും ഫ്‌ളോട്ടുകളും നിരത്തിലിറങ്ങിയതോടെ ജനം ഇളകിമറിഞ്ഞു. സംസ്ഥാന സർക്കാരിന്റെ വിവിധ പ്രവർത്തനങ്ങളും നേട്ടങ്ങളും വിളിച്ചോതുന്നതും മലയാളത്തനിമ ചോരാത്തതുമായ ഫ്‌ളോട്ടുകൾ വ്യത്യസ്തമായ അനുഭവമായി.
വെള്ളയമ്പലം മുതൽ കിഴക്കേകോട്ട വരെയുള്ള റോഡിനിരുവശവും ഉച്ച മുതൽ അണിനിരന്ന ജനക്കൂട്ടങ്ങൾക്കിടയിലേക്ക് മിന്നുന്ന കലാരൂപങ്ങൾ ഒന്നൊന്നായി മുന്നേറി. മുത്തുക്കുടയും ആലവട്ടവും വെഞ്ചാമരങ്ങളുമായി വിവിധ സംഘങ്ങൾ... തെയ്യം, തിറ, പടയണി, കോൽക്കളി, പൊയ്ക്കാൽ കുതിര, ഒപ്പന, തുടങ്ങിയ പാരമ്പര്യകലാരൂപങ്ങൾ... കശ്മീർ മുതൽ തമിഴ്‌നാട് വരെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ കലാകാരന്മാർ... ഒപ്പം സർക്കാറിന്റെ വിവിധ വകുപ്പുകളുടെ നിശ്ചല ദൃശ്യങ്ങൾ, കെഎസ്ആർടിസി ഡബിൾ ഡക്കറിലേറി മാവേലി....
കേരളത്തിന്റെ തനത് കലാരൂപങ്ങൾക്ക് പുറമെ പത്തോളം ഇതരസംസ്ഥാനങ്ങളിൽ നിന്നുമുള്ള കലാരൂപങ്ങളും ഘോഷയാത്രക്ക് അകമ്പടിയായി. വിനോദസഞ്ചാര വകുപ്പിന്റെ കാരവൻ, കേരള പൊലീസ് തണ്ടർ ബോൾട്ട് കമാൻഡോ വിഭാഗത്തിന്റെ കവചിത വാഹനം, വളർത്തുനായ്ക്കളെ തെരുവിൽ ഉപേക്ഷിക്കരുതെന്ന സന്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്, വനസംരക്ഷണ സന്ദേശവുമായി കേരള വനം വന്യജീവി വകുപ്പ് എന്നിവയുടെ ഫ്‌ളോട്ടുകൾ, കെഎസ്ആർടിസിയുടെ സിറ്റി റൈഡ് ഇരുനില ബസ് തുടങ്ങിയവ ജനശ്രദ്ധ നേടി. ഏറ്റവും പിന്നിലായി അണിനിരന്ന കെഎസ്ഇബിയുടെ ഫ്‌ളോട്ടും ദൃശ്യമികവ് കൊണ്ട് ശ്രദ്ധേയമായി.
യൂണിവേഴ്‌സിറ്റി കോളജിന് മുന്നിൽ സ്ഥാപിച്ചിരുന്ന വിവിഐപി പവലിയനിൽ ഘോഷയാത്ര വീക്ഷിക്കാൻ തമിഴ്‌നാട് ഐടി വകുപ്പ് മന്ത്രി ടി. മനോ തങ്കരാജ് പ്രത്യേക അതിഥിയായെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ആന്റണി രാജു, ജി.ആർ.അനിൽ, വി.ശിവൻകുട്ടി, കെ.രാജൻ, പി.എ.മുഹമ്മദ് റിയാസ്, ജെ.ചിഞ്ചുറാണി, പി.പ്രസാദ്, അഹമ്മദ് ദേവർകോവിൽ, മേയർ ആര്യാ രാജേന്ദ്രൻ, ശശി തരൂർ എംപി, എംഎൽഎമാരായ ഡി.കെ.മുരളി, വി.കെ.പ്രശാന്ത്, ഐ.ബി.സതീഷ് തുടങ്ങിയവരും വിവിഐപി പവലിയനിൽ ഘോഷയാത്ര വീക്ഷിച്ചു.
ഒരാഴ്ച നീണ്ട ആഘോഷങ്ങൾക്ക് കൊടിയിറങ്ങി. ഘോഷയാത്ര കാണാനും ആസ്വദിക്കാനും തിരക്ക് കുറയ്ക്കാനുമായി തലസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും 2 മണിക്ക് ശേഷം അവധി പ്രഖ്യാപിച്ചിരുന്നു.
രാത്രി 8ന് നിശാഗന്ധിയിൽ നടന്ന സമാപന സമ്മേളനം ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനവിതരണവും അദ്ദേഹം നിർവഹിച്ചു. നടൻ ആസിഫ് അലി മുഖ്യാതിഥി ആയി. ഘോഷയാത്രയോട് അനുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ