- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻഡോസൾഫാൻ ഇരകളുടെ പ്രധാന ആവശ്യം കാസർകോട്ട് മികച്ച മെഡിക്കൽ സൗകര്യങ്ങൾ വേണമെന്നത്; എയിംസിനായി ജില്ലയെ കൂടി പരിഗണിക്കണമെന്ന ആവശ്യത്തോടും മുഖംതിരിക്കൽ; പാലിയേറ്റീവ് കെയറുകൾ സ്ഥാപിക്കുന്നതിലും സർക്കാർ രേഖയിൽ മൗനം; മനുഷ്യത്വരഹിത സമീപനമെന്ന് സമരക്കാർ
തിരുവനന്തപുരം: എൻഡോസൾഫാൻ ഇരകൾക്ക് നീതിക്കായുള്ള സമരം തുടരുമെന്ന് ദയാബായി തുടരുന്നത് സർക്കാർ നൽകിയ ഉറപ്പുകളിൽ വിശ്വാസമില്ലാത്തതിനാൽ. കാലങ്ങളായി ഇത്തരം ഉറപ്പുകൾ പലരും നൽകുമെങ്കിലും കാസർകോട് ജില്ലയിലെ മെഡിക്കൽ ആവശ്യങ്ങളോട് മുഖം തിരിഞ്ഞു നിൽക്കുന്നതാണ് പതിവ്. കാസർകോട്ട് മികച്ച മെഡിക്കൽ സൗകര്യങ്ങൾ ഉണ്ടാക്കുക എന്ന സമരക്കാരുടെ ആവശ്യവും കണ്ടില്ലെന്ന് നടിച്ചാണ് സർക്കാർ ദയാബായിയുടെ സമരം ഒത്തു തീർക്കാൻ സന്നദ്ധമായിരിക്കുന്നത്. എന്നാൽ, പല കാര്യങ്ങളിലും ഒഴുക്കൻ മറുപടി പറഞ്ഞാണ് സർക്കാർ രേഖാമൂലം മറുപടി നൽകിയതെന്ന് സർക്കാർ പറയുന്നു.
പാലിയേറ്റീവ് കെയറുകൾ ജില്ലയിലുടനീളം സ്ഥാപിക്കുകയെന്ന സമരസമിതിയുടെ ആവശ്യം സർക്കാർ നൽകിയ രേഖയിൽ പരാമർശിച്ചിട്ടേയില്ലെന്നതാണ് ഇതിൽ ശ്രദ്ധേയം. ഇത തങ്ങളോടുള്ള കടുത്ത വഞ്ചനയാണെന്ന് സമരക്കാർ പറയുന്നു. രണ്ട് മാസം കൂടുമ്പോൾ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കണമെന്ന ആവശ്യത്തോടും സർക്കാർ മുഖം തിരിച്ചിരിക്കുകയാണ്. ജില്ലയിലെ എല്ലാ ആശുപത്രികളിലും ന്യൂറോ സേവനം ഉറപ്പാക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടെങ്കിലും സർക്കാർ ഇത് അംഗീകരിച്ചില്ല.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ മാത്രമേ ന്യൂറോ സേവനം ലഭ്യമാക്കുമെന്നാണ് സർക്കാർ അറിയിച്ചത്. ഇക്കാരണങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് ദയാബായി സമരം തുടരുമെന്ന് അറിയിച്ചത്. സമര സമിതിയുടെ ആവശ്യങ്ങൾ അംഗീകരിച്ച് രേഖാമൂലം സർക്കാർ ഉറപ്പ് നൽകിയാൽ മാത്രം സമരം അവസാനിപ്പിക്കാമെന്ന് ദയാബായി വ്യക്തമാക്കിയിരുന്നു. എന്നാൽ അഞ്ച് ആവശ്യങ്ങളിൽ മൂന്നെണ്ണം മാത്രമാണ് സർക്കാർ അംഗീകരിച്ചത്. എയിംസ് സ്ഥാപിക്കുന്നതിനുള്ള പരിഗണനാ പട്ടികയിൽ കാസർകോടും ഉൾപ്പെടുത്തണം എന്നാ ആവശ്യത്തോടും സർക്കാർ മുഖം തിരിക്കുകയാണ്.
കോടികളോ ലക്ഷങ്ങളോ ചെലവാക്കേണ്ടതില്ലാത്ത ആവശ്യങ്ങൾ ആയിരുന്നിട്ട് കൂടി സർക്കാർ കാസർഗോഡ് ജനങ്ങളോട് മനുഷ്യത്വരഹിതമായ സമീപനമാണ് നടത്തുന്നതെന്ന് സമരക്കാർ പറയുന്നു. രണ്ടുദിവസങ്ങൾക്കു മുമ്പ് മന്ത്രി ജോർജും ബിന്ദുവും ദയവായിയെ ആശുപത്രിയിൽ സന്ദർശിച്ചു സമരത്തിൽ നിന്ന് പിൻവാങ്ങണമെന്നും ആവശ്യങ്ങൾ നടപ്പിലാക്കാമെന്ന് രേഖാമൂലം നൽകാമെന്ന് പറഞ്ഞെങ്കിലും ചർച്ചചെയ്ത് തീരുമാനിച്ച കാര്യങ്ങൾ ആയിരുന്നില്ല രേഖയിലുണ്ടായിരുന്നത്. അല്പം പോലും ആത്മാർത്ഥതയില്ലാത്ത നിലപാടാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ഇനിയും ഇത് തുടങ്ങാനാണ് ഭാവമെങ്കിൽ സുഹൃത്തിന്റെ രീതികൾ മാറ്റി ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നാണ് സമരത്തിന് നേതൃത്വം കൊടുക്കുന്നവർ പറയുന്നത്.
അതേസമയം സമരത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു യുഡിഎഫും രംഗത്തുവന്നു. ദയാബായി ഉയർത്തുന്നത് ന്യായമായ ആവശ്യങ്ങളാണെന്നും സമരത്തെ അവഗണിക്കുന്നതിലൂടെ സർക്കാർ അവഗണിക്കുന്നത് എൻഡോസൾഫാൻ ഇരകളെയാണെന്നും ദയാബായിയെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
'എൻഡോസൾഫാൻ ഇരകൾക്ക് നീതി ലഭിക്കാൻ ദയാബായിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് പൂർണ പിന്തുണ നൽകാനാണ് ഇന്ന് ചേർന്ന യുഡിഎഫ് യോഗത്തിൽ തീരുമാനമായിരിക്കുന്നത്. കാരണം അവരുയർത്തുന്നത് ന്യായമായ ആവശ്യങ്ങളാണ്. എൻഡോസൾഫാൻ ഇരകൾക്ക് വേണ്ടി പുതിയ മെഡിക്കൽ ക്യാംപ് നടത്തിയവരെ കണ്ടുപിടിക്കണമെന്നുള്ളത്, ഡേ കെയർ സെന്റർ അവർക്കനുവദിക്കണമെന്നുള്ളത്,കാസർഗോഡ് മെഡിക്കൽ കോളേജ് എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നുള്ള ആവശ്യം,കാസർഗോട്ടെ മറ്റ് ആശുപത്രികളിലെ സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന ആവശ്യം തുടങ്ങിയവയാണ് സമരം മുന്നോട്ട് വയ്ക്കുന്നത്. ഈ ആവശ്യങ്ങളൊക്കെയും നടപ്പിലാക്കാൻ സർക്കാരിന് തടസ്സങ്ങളൊന്നുമില്ല.
പക്ഷേ ദൗർഭാഗ്യവശാൽ ദയാബായി നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനമായ കാര്യങ്ങൾക്ക് വിരുദ്ധമായാണ് രേഖാമൂലം അവരെ അറിയിച്ചിരിക്കുന്ന കാര്യങ്ങൾ. അതുകൊണ്ട് തന്നെ ഇത് ന്യായമായ സമരമാണ്. എൺത്തിരണ്ട് വയസ്സുകാരിയായ ദയാബായി കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിന് മുന്നിൽ മഴയും വെയിലും കൊണ്ട് നടത്തുന്ന സമരം കാണാതിരിക്കാൻ സർക്കാരിനെങ്ങനെ കഴിയുന്നു എന്ന് മനസ്സിലാകുന്നില്ല. ഇത് എൻഡോസൾഫാൻ ഇരകളോടും സമരം നടത്തുന്നവരോടുമുള്ള ക്രൂരമായ അവഗണനയാണ്. അതുകൊണ്ട് തന്നെ ദയാബായിക്ക് പൂർണ പിന്തുണയുമായി യുഡിഎഫ് ഒപ്പമുണ്ട്.
യുഡിഎഫ് യോഗത്തിന് ശേഷം മുഴുവൻ നേതാക്കളും ദയാബായിയെ ആശുപത്രിയിലെത്തി കണ്ടതിന് കാരണമതാണ്. ഇതുമായി ബന്ധപ്പെട്ട സമരപരിപാടികളുൾപ്പടെ പിന്നീട് വിശദമായി അറിയിക്കും. ഇന്ന് മുഖ്യമന്ത്രിയുമായി ഇക്കാര്യം നേരിട്ട് സംസാരിക്കാനും തീരുമാനമുണ്ട്. ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് വലിയ വീഴചയാണ് ഇക്കാര്യത്തിലുണ്ടായിരിക്കുന്നത് എന്നത് കൂടി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. സമരം ചെയ്യണമെന്നല്ല.അതെങ്ങിനെയും ഒത്തുതീർപ്പാക്കണമെന്നതാണ് യുഡിഎഫിന്റെ ആഗ്രഹം.
ഒരു സർക്കാരിന് യോജിച്ച രീതിയിലുള്ള കത്തല്ല ദയാബായിക്ക് സർക്കാർ നൽകിയത്. മന്ത്രിമാരുമായി ചർച്ച ചെയ്ത് തീരുമാനമായ കാര്യങ്ങൾക്ക് നേരെ വിപരീതമായ കാര്യങ്ങളാണ് കത്തിൽ. മാടമ്പി സ്വഭാവമെടുക്കുകയാണ് സർക്കാർ'. വി.ഡി സതീശൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ