തലശേരി: തലശേരിയിലെ വ്യവസായിയും ഭാര്യയും സ്ഥാപനം അടച്ചുപൂട്ടിയതിനെ തുടർന്ന് നാടുവിടേണ്ടി വന്ന സംഭവത്തിൽ ദമ്പതികളെ കണ്ടെത്തി. തലശേരി കണ്ടിക്കൽ മിനി ഇൻഡസ്ട്രീയൽ എസ്റ്റേറ്റിൽ 18വർഷമായി പ്രവർത്തിക്കുന്ന ഫർണിച്ചർസ്ഥാപനത്തിന്റെ ഉടമയും പാനൂർ താഴെ ചമ്പാട് സ്വദേശിയുമായ തായാട്ട് ഹൗസിൽ രാജ്കബീർ(56) ഭാര്യ ശ്രീദിവ്യ(48) എന്നിവരെയാണ് കാണാതായത്. സഹോദരൻ രാജേന്ദ്രൻ തായാട്ട് നൽകിയ പരാതിയിലാണ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. ഇവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നു. ചൊവ്വാഴ്‌ച്ച രാത്രിയാണ് ഇരുവരെയും കാണാതായത്. ഇന്ന് പുലർച്ചെയോടെ ഇവരെ കണ്ടെത്തി. ഉച്ചയോടെ ഇവരെ തലശ്ശേരി കോടതിയിൽ ഹാജരാക്കും.

ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം നിർണ്ണായകമാവുകയായിരുന്നു. മൊബൈൽ പിന്തുടർന്ന് പൊലീസ് രാജ് കബീറിനേയും ഭാര്യ ശ്രീദിവ്യയേയും കണ്ടെത്തിയത് കോയമ്പത്തൂരിൽ് നിന്നാണ്. വ്യവാസായ ദമ്പതികളെ അതിവേഗം കണ്ടെത്തി വിവാദമൊഴിവാക്കാൻ കഴിഞ്ഞത് കണ്ണൂർ പൊലീസിന്റെ അന്വേഷണ മികവിൽ എന്നതും ശ്രദ്ധേയമാണ്്. പാനൂരിൽ ഇനിയൊരു 'ആന്തൂർ' ആവർത്തിക്കില്ലെന്ന് ഉറപ്പിച്ചിരിക്കുന്നു. കണ്ടെത്തിയവരെ തീവണ്ടി മാർഗ്ഗം കണ്ണൂരിൽ എത്തിക്കും. തലശ്ശേരി കോടതിയിലും ഹാജരാക്കും.

അതിനിടെ സംഭവത്തിൽ ന്യായീകരണ ക്യാപ്‌സൂളുമായി തലശേരി നഗരസഭാ അധികൃതർ ഇന്നലെ എത്തിയിരുന്നു. നഗരസഭയുടെ അധീനതയിലുള്ള സ്ഥലം കൈയേറിയതിനെതിരെ നടപടിയെടുക്കുകയെന്ന സ്വാഭാവിക നടപടി ക്രമം മാത്രമേ നഗരസഭ വ്യവസായ സംരഭകനോട് ചെയ്തിട്ടുള്ളുവെന്ന വാദവുമായി നഗരസഭാ ചെയർപേഴ്‌സൺ ജമുനാടീച്ചർ രംഗത്തുവന്നു. എല്ലാവരോടും ചെയ്യുന്ന നിയമനടപടിയാണിത്. കഴിഞ്ഞ മാസം 19നാണ് ഹൈക്കോടതി ഉത്തരവ് വന്നത്. 20ന് വ്യവസായം നടത്തുന്ന രാജ് കബീർ നഗരസഭാ ഓഫീസിൽ വന്നുവെങ്കിലും സെക്രട്ടറി അവധിയായതിനാൽ പണമടയ്ക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ സെക്രട്ടറി അവധി കഴിഞ്ഞു വന്ന 22ന് ചെക്ക് സ്വീകരിച്ചിട്ടുണ്ട്. കോടതി ഉത്തരവ് 23നാണ് നഗരസഭയിൽ ലഭിക്കുന്നത്. 24ന് നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് പൂട്ടിയിട്ട സ്ഥാപനത്തിന്റെ താക്കോൽ തിരിച്ചു നൽകാൻ നഗരസഭാ ജീവനക്കാർ അവിടെ പോയെങ്കിലും ആൾ മിസിങ്ങാണെന്ന വിവരമാണ് ലഭിക്കുന്നത്.

വ്യവസായ സംരംഭകരോട് സൗഹാർദ്ദപൂർണമായ നിലപാടുകളാണ് നഗരസഭ എന്നും സ്വീകരിച്ചിട്ടുള്ളതെന്നും ജമുനാറാണി ടീച്ചർ ചൂണ്ടിക്കാട്ടി. ഇതിനിടെ തലശേരിയിൽ വ്യവസായിക്കെതിരെ നഗരസഭ നടത്തിയ ഇടപെടലുകളിൽ വ്യവസായ വകുപ്പിന് അതൃപ്തിയുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. വ്യവസായിയെയും ഭാര്യയെയും കാണാതായതിനെ തുടർന്ന് പൊലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കെ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് സംഭവത്തെ കുറിച്ച് ജില്ലാവ്യവസായ വകുപ്പ് ഓഫീസറോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് വകുപ്പ്തല റിപ്പോർട്ട് അയച്ചിട്ടുണ്ട്. ദുരൂഹ സാഹചര്യത്തിൽ തലശേരിയിലെ വ്യവസായിയെയും ഭാര്യയെയുമാണ് കാണാതായത്. ഇവർ കോയമ്പത്തൂരിലുണ്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ടായിരുന്നു. ഈവിവരത്തെ തുടർന്ന് പാനൂർ പൊലീസ് കോയമ്പത്തൂരിലേക്ക് തിരിച്ചു. ഇതിനിടെയാണ് സംരഭകരെ കണ്ടെത്തുന്ന വാർത്ത എത്തുന്നത്.

മിനി എസ്റ്റേറ്റിലെ സ്ഥാപനത്തിന് മുൻപിൽ താൽക്കാലിക ഷെഡ് കെട്ടിയതുമായി ബന്ധപ്പെട്ട് കൈയേറ്റമാണെന്ന് ആരോപിച്ചു നഗരസഭാ ഉദ്യോഗസഥർ രാജ്കബീറിന് നാലുലക്ഷം രൂപ പിഴയിട്ടിരുന്നു. ഇതേ തുടർന്ന് രാജ് കബീർ ഹൈക്കോടതിയെ സമീപിക്കുകയും പിഴ തവണകളായി അടയ്ക്കാനുള്ള വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ആദ്യഗഡുവായ 41,600 രൂപ അടയ്ക്കുന്നതിനായി കഴിഞ്ഞ 19ന് നഗരസഭാ കാര്യാലയത്തിൽ പോയെങ്കിലും റവന്യൂ വിഭാഗം അധികൃതർ അവധിയാണെന്ന് പറഞ്ഞു വട്ടം കറക്കി. എന്നാൽ കോടതി ഉത്തരവിന്റെ പകർപ്പ്് നഗരസഭയ്ക്കു ലഭിക്കാത്തതിനാലാണ് തുക സ്വീകരിക്കാൻ കഴിയാഞ്ഞതെന്നാണ് നഗരസഭാ അധികൃതരുടെ വിശദീകരണം.

മാത്രമല്ല രാജ് കബീർ നൽകിയത് ചെക്കാണെന്നും ഇതിന് കാഷ്‌റി സീവ്‌ഡെന്ന് പേരിൽ രസീതി ആവശ്യപ്പെട്ടതായും നഗരസഭാധികൃതർ പറയുന്നു. എന്നാൽ കോടതി ഉത്തരവ് ലഭിക്കുന്നതിന് മുൻപെ ചെക്ക് സ്വീകരിച്ചതായും പിറ്റേദിവസം തന്നെ പൂട്ടിയിട്ട സ്ഥാപനം തുറക്കാനായി താക്കോലുമായി പോയെങ്കിലും സംരംഭകൻ സ്ഥലത്തില്ലെന്ന വിവരമാണ് ലഭിച്ചതെന്നുമാണ് നഗരസഭാധികൃതർ പറയുന്നത്. എന്നാൽ പിഴയുടെ പേരിൽ രാജ്കബീറിന്റെ വ്യവസായ സ്ഥാപനത്തിലെ ഏഴുമുറികളുടെ ഷട്ടർ ഏഴുപൂട്ടിട്ടു പൂട്ടിയ നഗരസഭാധികൃതർ പണമടക്കാൻ വന്ന രാജ്കബീറിനെ അപമാനിക്കുകയും അവഹേളിക്കുകയും സാങ്കേതികാരണങ്ങൾ പറഞ്ഞ് മടക്കി അയക്കുകയും ചെയ്തുവെന്നാണ് ബന്ധുക്കളുടെ പരാതി. ഇതേ തുടർന്നാണ് രാജ് കബീർ നാടുവിട്ടതെന്നാണ് ഇവർ ആരോപിച്ചത്.

കേരളമാകെ കോളിളക്കം സൃഷ്ടിച്ച ആന്തൂർ പാർത്ഥാസ് കൺവെൻഷൻ സെന്റർ ഉടമ സാജൻപാറയിൽ തന്റെ വ്യവസായസംരഭത്തിന് തുറന്ന് പ്രവർത്തിക്കാൻ ആന്തൂർ നഗരസഭ അനുമതി നൽകാത്തതിനെ തുടർന്ന് ജീവനൊടുക്കിയ സംഭവത്തിന് സമാനമായ മറ്റൊരു വിവാദം കൂടിയുണ്ടായത് നിക്ഷേപ സൗഹൃദ മുദ്രാവാക്യമുയർത്തുന്ന വ്യവസായ വകുപ്പിന് ക്ഷീണമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടിയുമായി വകുപ്പ് മുൻപോട്ടുപോകുന്നത്. കഴിഞ്ഞ വർഷം കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് ഹാളിൽ നടന്ന പരിപാടിയിൽ മന്ത്രി പി.രാജീവിൽ നിന്നും മികച്ച വ്യവസായ സംരഭകർക്കുള്ള അവാർഡ് ലഭിച്ചവരാണ് രാജ് കബീറും മകൻ ദേവദത്തും.

ഇതിൽ ദേവദത്ത് സ്വന്തമായി സർക്കാർ ഉദ്യോഗം നോക്കാതെ മികച്ച വ്യവസായ സംരഭകനാകാൻ നടത്തുന്ന കണ്ടുപിടിത്തങ്ങളും നൂതനസംരഭങ്ങളെയും കുറിച്ചു വാഴ്‌ത്തി ദേശാഭിമാനി പത്രത്തിൽ വാർത്തകൾ വന്നിരുന്നു.