കാസർകോട്: പുതുതായി വാങ്ങിയ ഹീറോ പാഷൻ പ്ലസ് പ്രോ ബൈക്ക് ഒരാഴ്ചയ്ക്കുള്ളിൽ തകരാറിലായതിനെ തുടർന്ന് നടത്തിയ രണ്ട് വർഷത്തെ നിയമപോരാട്ടത്തിൽ യുവാവിന് അനുകൂല വിധി. ഉദുമ സ്വദേശി ഗിരീശനാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ബൈക്കിന്റെ വില തിരികെ നൽകാനും നഷ്ടപരിഹാരവും കോടതിച്ചെലവും വഹിക്കാനും ഹീറോ മോട്ടോർസിന്റെ കാസർകോട്ടെ ഡീലർഷിപ്പിനോട് ഉപഭോക്തൃ കോടതി ഉത്തരവിട്ടു. അഭിഭാഷകനില്ലാതെയാണ് ഗിരീശൻ കേസ് വാദിച്ച് ജയിച്ചത്.

2023 ഡിസംബർ 20-നാണ് ഉദുമ സ്വദേശിയായ ഗിരീശൻ ഒരു ലക്ഷത്തിലധികം രൂപ മുടക്കി കാസർകോട്ടെ ഹീറോ ഡീലർഷിപ്പിൽ നിന്ന് ബൈക്ക് വാങ്ങിയത്. എന്നാൽ, ഒരാഴ്ചയ്ക്കുള്ളിൽ വാഹനം തകരാറിലായി. കുറച്ചുദൂരം ഓടുമ്പോൾ ബൈക്ക് ഓഫാകുന്നതും പിന്നീട് ഒരു മണിക്കൂറോളം കഴിഞ്ഞേ സ്റ്റാർട്ടാകൂ എന്നതുമായിരുന്നു പ്രധാന പ്രശ്നം. സെൽഫ് സ്റ്റാർട്ടോ കിക്കറോ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.

ഈ പ്രശ്നം ഷോറൂം മാനേജരെ അറിയിച്ചപ്പോൾ ബാറ്ററി പ്രശ്നമാണെന്ന് പറഞ്ഞ് രണ്ട് തവണ മാറ്റി നൽകിയെങ്കിലും തകരാർ പരിഹരിക്കപ്പെട്ടില്ല. പിന്നീട്, മൂന്ന് ലിറ്റർ പെട്രോൾ എപ്പോഴും നിലനിർത്തണമെന്ന് നിർദേശിച്ചതിനെ തുടർന്ന് ഫുൾ ടാങ്ക് അടിച്ചെങ്കിലും യാത്രാമധ്യേ വീണ്ടും വാഹനം ഓഫായി. ഇതോടെ ഷോറൂം മാനേജർ കൈമലർത്തുകയായിരുന്നുവെന്ന് ഗിരീശൻ പറയുന്നു. കൃത്യസമയത്ത് ജോലിസ്ഥലത്ത് എത്താൻ കഴിയാത്തതിനെ തുടർന്ന് ഗിരീശന് ജോലിയും നഷ്ടമായി.

തുടർന്നാണ് ഗിരീശൻ കാസർകോട് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ബൈക്ക് സർവീസ് ചെയ്തതിന്റെ രേഖകളും വാഹനം ഓഫാകുന്നതിന്റെ വീഡിയോയും അടക്കം അദ്ദേഹം കോടതിയിൽ ഹാജരാക്കി. അഭിഭാഷകന്റെ സഹായമില്ലാതെ സ്വന്തമായാണ് ഗിരീശൻ കേസ് വാദിച്ചത്. രണ്ട് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ ഗിരീശന് അനുകൂലമായി കോടതി വിധി പ്രസ്താവിച്ചു. ബൈക്കിന്റെ വിലയായ തുകയും, സേവനം നൽകാത്തതിനും ഉപഭോക്താവിനുണ്ടായ ബുദ്ധിമുട്ടുകൾക്കും നഷ്ടപരിഹാരവും, കോടതിച്ചെലവും നൽകാനാണ് കോടതി ഡീലർഷിപ്പിന് നിർദേശം നൽകിയിരിക്കുന്നത്.