തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് മടക്കി ഡി.ജി.പി. ഇപിയുടെ മൊഴിയിലും രവി ഡിസിയുടെ മൊഴിയിലും അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് മടക്കിയിരിക്കുന്നത്. ആത്മകഥ ചോര്‍ന്നത് ഡിസിയില്‍ നിന്നെന്ന് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ എന്തിന് ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല. വീണ്ടും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോട്ടയം എസ്പി ക്ക് ഡിജിപി നിര്‍ദേശം നല്‍കി.

വ്യക്തതയോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിര്‍ദേശം. ഇ പി ജയരാജന്‍ ഉള്‍പ്പെടെ എല്ലാവരുടെയും മൊഴി വീണ്ടുമെടുക്കണമെന്ന് മനോജ് എബ്രഹാം പറഞ്ഞു. ഡിജിപിയുടെ നിര്‍ദേശ പ്രകാരമാണ് എഡിജിപി വ്യക്തത തേടിയിരിക്കുന്നത്. ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് കോട്ടയം എസ്.പിയാണ് പ്രാഥമിക അന്വേഷണം നടത്തിയത്. ഈ റിപ്പോര്‍ട്ട് ഡി.ജി.പിക്ക് സമര്‍പ്പിച്ചപ്പോഴാണ് അന്വേഷണത്തില്‍ വ്യക്തതയില്ലെന്ന് കണ്ടെത്തിയത്. പുസ്തകത്തിലെ പ്രധാന ഭാഗങ്ങള്‍ എങ്ങനെ ചോര്‍ന്നു എന്നായിരുന്നു അറിയേണ്ടിയിരുന്നത്. അതറിഞ്ഞാല്‍ മാത്രമേ മറ്റ് നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ കഴിയൂ.

പുസ്തകത്തിന്റെ പി.ഡി.എഫ് ചോര്‍ന്നത് ഡി.സി.ബുക്‌സില്‍ നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ എങ്ങനെ ചോര്‍ന്നു എന്നതിലും ആര് ചോര്‍ത്തി എന്നതിലും വ്യക്തതയില്ല. ഇതിനാലാണ് സംഭവം വീണ്ടും അന്വേഷിക്കാന്‍ എസ്.പിക്ക് നിര്‍ദേശം നല്‍കിയത്. അന്വേഷണത്തിന്റെ ഭാഗമായി ഇ.പി.ജയരാജന്‍, രവി.ഡി.സി, പുസ്തകം തയ്യാറാക്കിയ മാധ്യമപ്രവര്‍ത്തകന്‍ എന്നിവരുടെ മൊഴിയെടുത്തിട്ടുണ്ട്. എന്നാല്‍ ഇതിലൊന്നും പുസ്തകം എങ്ങനെ ചോര്‍ന്നുവെന്ന് വ്യക്തതയില്ല.

കൂടാതെ ആരെയെങ്കിലും കുറ്റപ്പെടുത്തുന്ന രീതിയിലുള്ള പരാമര്‍ശം ഇവരാരുടേയും മൊഴിയിലുമില്ല. അതിനാല്‍ ഈ മൊഴികള്‍വെച്ച് അവ്യക്തമായ വിലയിരുത്തല്‍ മാത്രമാണ് എസ്.പി ഡി.ജി.പിക്ക് നല്‍കിയത്. ഏതെങ്കിലും തരത്തിലുള്ള പുനരന്വേഷണത്തിലേക്കോ തുടര്‍നടപടികളിലേക്കോ ഉള്ള ശുപാര്‍ശകളും റിപ്പോര്‍ട്ടിലില്ല. അതുകൊണ്ടാണ് റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന വിലയിരുത്തല്‍ പോലീസ് തലപ്പത്തുണ്ടായിരിക്കുന്നത്.

അതേ സമയം, ആത്മകഥാ വിവാദത്തിലെ രാഷ്ട്രീയ ഗൂഢാലോചന പുറത്ത് കൊണ്ട് വരണമെന്ന് ആവര്‍ത്തിക്കുകയാണ് ഇ.പി. ജയരാജന്‍. ഡിസി ബുക്‌സ് സസ്‌പെന്‍ഡ് ചെയ്ത പബ്‌ളിക്കേഷന്‍സ് വിഭാഗം മേധവിയെ അറിയില്ലെന്നാണ് ഇപിയുടെ വിശദീകരണം. പൊലീസ് റിപ്പോര്‍ട്ടിന്മേല്‍ കേസെടുത്ത് അന്വേഷണം വേണോ എന്നതില്‍ ഡിജിപി ഉടന്‍ തീരുമാനമെടുക്കും. ഇപിയുടെ ആത്മകഥയുടെ ചുമതല കൂടി ഉണ്ടായിരുന്ന പബ്ലിക്കേഷന്‍സ് വിഭാഗം മേധാവി എ.വി. ശ്രീകുമാറിനെ ഡിസി സസ്‌പെന്‍ഡ് ചെയ്തതതോടെ വിവാദം പുതിയ വഴിത്തിരവിലാണ്. ഡിസിക്ക് വീഴ്ചയുണ്ടായെന്ന സമ്മതിക്കല്‍ കൂടിയാണ് അച്ചടക്ക നടപടി. ഇതോടെ വിവാദത്തില്‍ ഇപിയുടെ വാദങ്ങള്‍ക്കാണ് ബലം ഏറുന്നത്.

പോളിംഗ് ദിനത്തില്‍ ആത്മകഥാ ഭാഗം പുറത്തുവന്നതിലാണ് ഇപി ഇപ്പോഴും ഗൂഢാലോചന ആവര്‍ത്തിക്കുന്നത്. ബോംബായി പ്രചരിച്ച ആത്മകഥ പിഡിഎഫിന് പിന്നിലാരാണെന്നതില്‍ അടിമുടി ദുരൂഹത തുടരുകയാണ്. ഇപി തിരുത്താന്‍ ഏല്‍പ്പിച്ച മാധ്യമപ്രവര്‍ത്തകനും ഡിസി നടപടി എടുത്തയാളും തമ്മിലായിരുന്നു ആത്മകഥാ പ്രസിദ്ധീകരണത്തിലെ ആശയവിനിമയം എന്നാണ് സൂചന. ആരില്‍ നിന്ന് ചോര്‍ന്നു, സരിനെ കുറിച്ചുള്ള വിമര്‍ശനമടക്കം പിന്നീട് ചേര്‍ത്തതാണോ എങ്കില്‍ അതാരാണ് ആരാണ് പ്രസിദ്ധീകരണത്തിന് പോളിംഗ് ദിനം തെരഞ്ഞെടുത്തത് തുടങ്ങിയ ആദ്യം ദിനം മുതല്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഇപ്പോഴും തുടരുന്നു.