- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇ പി-ജാവദേക്കർ കൂടിക്കാഴ്ച 'വൈദേക കെണിയിൽ' നിന്ന് രക്ഷപ്പെടാനോ?
കണ്ണൂർ: മൊറാഴയിലെ വൈദേകം ആയുർവേദ റിസോർട്ടിനെ ചൊല്ലി പാർട്ടിയിൽ ചോദ്യങ്ങൾ ഉയർന്നപ്പോഴും സാമ്പത്തിക ഇടപാടുകൾ തേടി ആദായ നികുതി വകുപ്പ് റെയ്ഡിനിറങ്ങിയപ്പോഴും മകന്റെയും ഭാര്യയുടെയും ഉയർന്ന ഷെയറുള്ള ആയുർവേദ ടൂറിസം വ്യവസായ സംരംഭത്തെ രക്ഷിക്കാനാണ് ഇ.പി ജയരാജൻ ബിജെപി ഉന്നത നേതാവുമായി ഒത്തുതീർപ്പിനിറങ്ങിയതെന്ന വിവരം പുറത്തുവരുന്നു.
വൈദേകം റിസോർട്ടിൽ ഇ.പി ജയരാജന്റെ കുടുംബത്തിനുള്ള സാമ്പത്തിക പങ്ക് അന്വേഷിക്കണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി.ജയരാജനാണ് ആരോപണം ഉന്നയിച്ചത്. ഇതിൽ ഉറച്ചു നിൽക്കുന്നുണ്ടെങ്കിൽ രേഖാമൂലം എഴുതി നൽകാൻ സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ രേഖാമൂലം നൽകിയ പരാതിയിൽ അന്വേഷണം പിന്നെ മുൻപോട്ടു പോയില്ല. ഇങ്ങനെയാണെങ്കിൽ തനിക്കും ചില കാര്യങ്ങൾ പറയേണ്ടി വരുമെന്ന് ഇ.പി ജയരാജൻ ഇടഞ്ഞതോടെയാണ് അന്വേഷണം ഒരിഞ്ചു പോലും മുൻപോട്ടുപോവാതെ നിലച്ചത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് എതിരെയായിരുന്നു രഹസ്യങ്ങൾ വിട്ടുപറയുമെന്ന പരോക്ഷ ഭീഷണി ഇ.പി മുഴക്കിയത്.
എന്നാൽ, പിന്നീട് ഇ.പി കുടുംബം, ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയുടെ പങ്കാളിത്തമുള്ള നിരാമയയുമായി ഡീൽ ഉറപ്പിക്കുകയും ഷെയർ കൈമാറുകയും ചെയ്തു. മറുവശത്ത് ആദായ നികുതി വകുപ്പും വൈദേകത്തിനെതിരെ റെയ്ഡ് ശക്തമാക്കിയിരുന്നു. അനധികൃത കള്ളപ്പണ ഇടപാട് കണ്ടെത്തുന്നതിനായിരുന്നു ആദായനികുതി വകുപ്പ് മാർച്ച് രണ്ടിന് വൈദേകത്തിൽ മിന്നൽ റെയ്ഡ് നടത്തിയത്. ഇതിനു ശേഷം കടുത്ത സമ്മർദ്ദത്തിലാവുകയായിരുന്നു ഇ.പി ജയരാജനും കുടുംബവും.
ഇതോടെയാണ് ബിജെപി നേതാവും കേരള പ്രഭാരിയുമായ പ്രകാശ് ജാവദേക്കറുമായി മാർച്ച് അഞ്ചിന് മകന്റെ ആക്കുളത്തെ ഫ്ളാറ്റിൽ ഇ.പി ജയരാജൻ കൂടിക്കാഴ്‌ച്ച നടത്തിയത് എന്നാണ് ആരോപണം. ഇതിനു മുൻപായി മകൻ കേരളത്തിലെ നേതാവായ ശോഭാ സുരേന്ദ്രനുമായി ഫോൺ വഴിയുള്ള ബന്ധം സ്ഥാപിച്ചിരുന്നു. ശോഭ വഴിയാണ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച നടത്തുന്നത്.
എന്നാൽ ബിജെപിയിലേക്ക് ക്ഷണിക്കുകയല്ല തൃശൂരിൽ സുരേഷ് ഗോപിക്ക് വേണ്ടി വോട്ടുമറിക്കുകയായിരുന്നു ജാവേദക്കറുടെ ലക്ഷ്യമെന്നാണ് ആരോപണം. തൃശൂർ ജില്ലാസെക്രട്ടറിയായും ജില്ലയുടെ ചുമതല വഹിക്കുകയും ചെയ്ത ഇ.പി ജയരാജന് പാർട്ടിയിലെ സ്വാധീനം വോട്ടാക്കി മറിക്കുകയായിരുന്നു ലക്ഷ്യം. വൈദേകം റിസോർട്ടിനെതിരെയുള്ള ആദായ നികുതിവകുപ്പിന്റെ റെയ്ഡ് മരവിപ്പിക്കുന്നതും നിരാമയയുടെ രംഗപ്രവേശനത്തോട് കൂടിയാണ് ഉണ്ടാവുന്നത്.
ഈ സമയം പാർട്ടി സംസ്ഥാന നേതൃത്വത്തിനോട് ഇ പി പൂർണമായി അകന്നിരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനോടുള്ള അഭിപ്രായഭിന്നത മൂർച്ഛിച്ചതു കാരണം ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധജാഥ തുടങ്ങുന്ന കാസർകോട്ടു മുതൽ കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്വീകരണ സമ്മേളനങ്ങളിൽ എൽ.ഡി.എഫ് കൺവീനറെന്ന നിലയിൽ ഇ.പി ജയരാജൻ പങ്കെടുത്തില്ല.
എന്നാൽ അപ്രതീക്ഷിതമായി മാർച്ച് നാലിന് തൃശൂരിൽ ജാഥയുടെ ആദ്യദിവസത്തെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത് ഇ.പി ജയരാജൻ താൽക്കാലികമായി അനുരഞ്ജനത്തിന് തയ്യാറാവുകയും ചെയ്തു. സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജൻ വിമർശനമുന്നയിച്ചതിനു പിന്നാലെ ഏപ്രിൽ 15-നാണ് ഇ.പി ജയരാജന്റെ കുടുംബത്തിന് ഉയർന്ന ഓഹരി പങ്കാളിത്തമുള്ള വൈദേകം റിസോർട്ടിന്റെ നടത്തിപ്പ് ചുമതല രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ജൂപിറ്റർ ക്യാപിറ്റിലിന്റെ കീഴിലുള്ള നിരാമയ റീട്രിറ്റിസിന് രേഖാമൂലം കൈമാറിയത്.
എന്നോ കഴിഞ്ഞു പോയ സംഭവം ഇപ്പോൾ പൊക്കി കൊണ്ടുവന്നത് തനിക്കെതിരെയുള്ള ഗൂഢാലോചനയാണെന്ന് ഇ.പി ജയരാജൻ ആരോപിക്കുന്നുണ്ട്. തന്നെയല്ല മുഖ്യമന്ത്രിയെയാണ് ചിലർ ലക്ഷ്യമിടുന്നതെന്ന തന്ത്രപരമായ നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്. പാപിയോടൊപ്പം ശിവൻ ചേർന്നാൽ ശിവനും പാപിയായി മാറിടുമെന്നു പറഞ്ഞു തന്നെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് താനും ചിലതൊക്കെ പറയേണ്ടി വരുമെന്ന വ്യക്തമായ സൂചനയാണ് ഇ.പി ജയരാജൻ നൽകുന്നത്.
തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നാണ് ഏറ്റവും ഒടുവിൽ ഇ.പി ജയരാജൻ കണ്ണൂരിൽ പ്രതികരിച്ചത്. ബിജെപിയുടെ നേതൃത്വത്തിലാണ് ഗൂഢാലോചന നടന്നത്.കാര്യങ്ങൾ അന്വേഷിക്കാതെ മാധ്യമങ്ങളും ഇതിനൊപ്പ ചേർന്നു. ശോഭാസുരേന്ദ്രനെ നേരിട്ട് തനിക്ക് പരിചയമില്ലെന്നാണ് ഇ.പിയുടെ വിശദീകരണം.