കണ്ണൂർ: സി പി എം കേന്ദ്രകമ്മിറ്റിയംഗവും എൽ ഡി എഫ് കൺവീനറുമായ ഇ.പി ജയരാജനെതിരെ സാമ്പത്തിക ആരോപണവുമായി സംസ്ഥാന കമ്മിറ്റിയംഗമായ പി.ജയരാജൻ രംഗത്തുവന്നതോടെ കണ്ണൂരിലെ സി പി എം രാഷ്ട്രീയം വീണ്ടും വിഭാഗീയ ചൂടിൽ പുകയുന്നു. സി.പി. എം ശക്തി കേന്ദ്രമായ ആന്തൂർ നഗരസഭയിലെ മൊറാഴയിലെ വെള്ളിക്കീലെന്ന സ്ഥലത്ത് പാലോക്കുന്നിന് മുകളിൽ ഉടുപ്പകുന്ന് ഇടിച്ചുതിരത്തിയാണ് 2019-ൽ റിസോർട്ട് നിർമ്മാണം ആരംഭിച്ചത്.

ഇ.പി ജയരാജന്റെ ഭാര്യയും മകനും ഡയറക്ടറായ ആയുർവേദ റിസോർട്ടിനെ ചൊല്ലി അന്നേ പാർട്ടിയിൽ വിവാദമുയർന്നിരുന്നു. അന്നത്തെ ജില്ലാസെക്രട്ടറിയായിരുന്ന പി.ജയരാജൻ ഇപ്പോൾ ആരോപണവുമായി രംഗത്തുവന്നത് ഇ.പി ജയരാജനെ ലക്ഷ്യം വെച്ചുകൊണ്ടുള്ള രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമാണെന്ന സൂചന പാർട്ടിക്കുള്ളിൽ നിന്നും തന്നെ പുറത്തുവന്നിട്ടുണ്ട്.

ഇ.പി ജയരാജന്റെ മകന്റെ റിസോർട്ട് വരുന്നതു കൊണ്ടാണ് ബക്കളത്ത് പാറയിൽ സാജന്റെ പാർത്ഥാസ് കൺവെൻഷൻ സെന്ററിന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമള ടീച്ചറുടെ നേതൃത്വത്തിലുള്ള ഭരണ സമിതി പ്രവർത്തനാനുമതി നിഷേധിച്ചതെന്നും ഇതുകാരണമാണ് പാറയിൽ സാജനെന്ന പ്രവാസി സംരഭകൻ ആത്മഹത്യ ചെയ്യേണ്ടി വന്നതെന്നുമുള്ള ആരോപണം അന്നേ പാർട്ടിക്കുള്ളിൽ ഉയർന്നിരുന്നു.

നേരത്തെ ജില്ലാസെക്രട്ടറിയായിരുന്ന പി. ജയരാജനുമായി ഏറെ ആത്മബന്ധം പുലർത്തിയയാളാണ് കൊറ്റാളിയിലെ പാറയിൽ സാജൻ. അതുകൊണ്ടു തന്നെ ആന്തൂർ നഗരസഭയ്ക്കു ഇക്കാര്യത്തിൽ വീഴ്ചപറ്റിയെന്ന ആന്തൂരിൽ ചേർന്ന രാഷ്ട്രീയ വീശദീകരണ യോഗത്തിൽ പി.ജയരാജൻ പറഞ്ഞത് ഏറെ വിവാദമായിരുന്നു. പിന്നീട് ജില്ലാ സെക്രട്ടറിയായിരുന്ന എം വി ജയരാജന്റെ സാന്നിധ്യത്തിലായിരുന്നു പി.ജയരാജന്റെ വിമർശനം. ഇതോടെ പാർട്ടി ഇടപെടുകയും പി.ജയരാജൻ നടത്തിയ പ്രസംഗത്തെ തള്ളിപറയുകയും സംസ്ഥാന നേതൃത്വം താക്കീതു നൽകുകയും ചെയ്തിരുന്നു.

അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ ഇടപെട്ടാണ് ഈ വിഷയത്തിൽ പി.ജയരാജനെതിരെ പാർട്ടി നിലപാട് എടുത്തത്. പാറയിൽ സാജൻ ആത്മഹത്യ ചെയ്യാനുണ്ടായ വിഷയം സി.പി. എമ്മിൽ ചൂടേറിയ ചർച്ചയ്ക്കിടയാകുകയും അന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റംഗമായിരുന്ന എം.വി ഗോവിന്ദൻ പാർത്ഥാസ് വിഷയത്തിൽ ഇടപെട്ടതായുള്ള ആരോപണമുയരുകയും ചെയ്തിരുന്നു. അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ എം.വി ഗോവിന്ദന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഗോവിന്ദൻ മാസ്റ്ററെ എല്ലാവർക്കുമറിയാവുന്നതല്ലേ മാഷ് അങ്ങനെയൊന്നും ചെയ്യില്ലെന്നാണ് അന്ന് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്.

ഇപ്പോൾ പാർട്ടിയിൽ തെറ്റുതിരുത്തൽ രേഖ വീണ്ടും നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ എം.വി ഗോവിന്ദനെ പ്രതിക്കൂട്ടിലാക്കുന്ന വിധം വീണ്ടും ഇ.പി ജയരാജന്റെ മകന്റെ റിസോർട്ട് വിവാദം വീണ്ടും കുത്തിപ്പൊക്കിയ പി.ജയരാജന്റെ ലക്ഷ്യം ഇ.പി ജയരാജൻ മാത്രമല്ല എം.വി ഗോവിന്ദനെയും സമ്മർദ്ദത്തിലാക്കുകയാണെന്നാണ് സൂചന. ഇ.പി ജയരാജന്റെ മകനും ഭാര്യയും ഡയറക്ടമാരായുള്ള ആയുർവേദ റിസോർട്ട് വിവാദം വീണ്ടും പാർട്ടിയിൽ ഉയർന്നുവരുമ്പോൾ ആന്തൂർ പാർത്ഥാസ് കൺവെൻഷൻ സെന്ററിന് പ്രവർത്തനാനുമതി നിഷേധിച്ചതും പാറയിൽ സാജൻ ആത്മഹത്യ ചെയ്യേണ്ടി വന്നതും ചർച്ചയായി മാറുമെന്ന കണക്കുകൂട്ടലാണ് പി.ജയരാജനുള്ളതെന്നാണ് സൂചന.

ഇതോടെ ഇ.പി ജയരാജൻ മാത്രമല്ല സംസ്ഥാന സെക്രട്ടറിയായ എം.വി ഗോവിന്ദനും സമ്മർദ്ദത്തിലാകുമെന്ന കണക്കുകൂട്ടൽ പഴയ ആരോപണങ്ങൾ പൊടിതട്ടിയെടുക്കുമ്പോൾ പാർട്ടിയിൽ ഇനി ഒന്നും നഷ്ടപ്പെടാനില്ലാത്ത ഒതുക്കപ്പെട്ട നേതാവിനുള്ളത്. മക്കളുടെ സ്വത്തു സമ്പാദ്യവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ പാർട്ടിക്കുള്ളിൽ തുടരുകയാണെങ്കിൽ ഇ.പി. ജയരാജൻ മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളും മുൾമുനയിലായേക്കും.

ഐതിഹാസിക കർഷക പോരാട്ടമായ മുനയൻ കുന്നു സമരമടക്കം നടന്ന പ്രദേശത്ത് സി.പി. എം നേതാവിന്റെ മകൻ കുന്നിടിച്ചു ആയുർവേദ റിസോർട്ട് വില്ലേജ് പദ്ധതി തുടങ്ങിയപ്പോൾ തന്നെ ഇ.പി ജയരാജനെതിരെ പാർട്ടിക്കുള്ളിൽ അതൃപ്തി പടർന്നിരുന്നു. പന്തക്കപ്പാറയിലെ സി.പി. എം പ്രവർത്തകനുംബീഡിതൊഴിലാളിയുമായ കൊളങ്ങരേത്ത് രാഘവനെ കമ്പിനിയിൽ കയറി ബോംബെറിഞ്ഞുകൊന്നു വെന്ന കേസിൽ സി.പി. എം പ്രതി ചേർത്ത മമ്പറം ദിവാകരനെ അന്ന് റിസോർട്ട് ഉദ്ഘാടന ചടങ്ങിൽ വിളിച്ചതാണ് സി.പി. എമ്മിൽ വിവാദമായി മാറിയത്.

2021-ലായിരുന്നു റിസോർട്ടിന്റെ ഉദ്ഘാടനം നടത്തിയത്. അന്ന് ഉടുപ്പക്കുന്ന് ഇടിച്ചു റിസോർട്ട് നിർമ്മിക്കുന്നതിനെതിരെ ശാസ്ത്രസാഹിത്യപരിഷത്തടക്കമുള്ള സംഘടനകൾ രംഗത്തുവരികയും ജില്ലാകലക്ടർക്ക് പരിസ്ഥിതി പ്രവർത്തകർ പരാതി നൽകിയിരുന്നുവെങ്കിലും ഇതൊക്കെ മറികടന്നുകൊണ്ടു അനുമതി നൽകുകയായിരുന്ന ആന്തൂർ നഗരസഭ ചെയ്തത്.
2014-ൽ ഇ.പി ജയരാജന്റെ വീടിനു തൊട്ടുചേർന്നുള്ള കടമുറികെട്ടിട വിലാസത്തിലാണ് മൂന്നുകോടി രൂപ മൂലധനത്തിൽ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പിനി രജിസ്റ്റർ ചെയ്തത്. ഇ.പി ജയരാജന്റെ മകനായ ജയ്സനാണ് കമ്പിനിയിൽ ഏറ്റവും വലിയ ഓഹരിയുള്ള ഡയറക്ടർ.

സി.പി. എമ്മിന്റെ സഹകരണ സ്ഥാപനങ്ങളും വീടുകളും നിർമ്മിച്ചു നൽകിയ തലശേരിയിലെ ഒരു നിർമ്മാണ കരാറുകാരനാണ് കമ്പനിയുടെ മറ്റൊരു ഡയറക്ടർ. പിന്നീട് ജില്ലാബാങ്കിൽ നിന്നും വിരമിച്ച ശേഷം2021- ൽഇ.പിയുടെ ഭാര്യയും ഡയറക്ടറായി മാറി. ഇന്നത്തെ കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പാർട്ടിക്കുള്ളിലെ വിമർശകനായിരുന്ന മമ്പറം ദിവാകരനെന്ന അന്നത്തെ കെപിസിസി അംഗം ഇ.പിയുടെ മകന്റെ റിസോർട്ട് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത് കോൺഗ്രസിനുള്ളിലും വിവാദമായിരുന്നു.

മമ്പറം ടൗണിലടക്കം ദിവാകരനെതിരെ അന്ന് പോസ്റ്റർ പതിക്കുകയുണ്ടായി. സഖാക്കളെ കുന്നിടിച്ചു റിസോർട്ട്, കൂട്ടിന് മമ്പറം ദിവാകരൻ, രക്തസാക്ഷികൾ സിന്ദാബാദ് എന്നായിരുന്നു പോസ്റ്ററിലെ മുദ്രാവാക്യങ്ങൾ. ഈ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തതോടെയാണ് പാർട്ടിക്കുള്ളിൽ സുധാകരവിഭാഗം മമ്പറം ദിവാകരനെതിരെയുള്ള നീക്കങ്ങൾ ശക്തമാക്കി. ഒടുവിൽ മമ്പറം ചെയർമാനായ തലശേരി മഞ്ഞോടിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി കോൺഗ്രസ് ഔദ്യോഗിക നേതൃത്വം പിടിച്ചെടുക്കുകയും ചെയ്തു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടു ടേം നിബന്ധനയുടെ പേരിൽ മട്ടന്നൂരിൽ നിന്നും സീറ്റു നിഷേധിക്കപ്പെട്ട ഇ.പി ജയരാജൻ സംസ്ഥാന സെക്രട്ടറിയായി മാറുമെന്ന് കരുതിയെങ്കിലും കോടിയേരിയുടെ മരണത്തോടെ ജൂനിയറായ എം.വി ഗോവിന്ദനെയാണ് പാർട്ടി ആ സ്ഥാനം ഏൽപ്പിച്ചത്. പി.ബിയിലേക്കും എം.വി ഗോവിന്ദന് സ്ഥാനക്കയറ്റം ലഭിച്ചു. എൽ.ഡി. എഫ് കൺവീനറെന്ന ഉത്തരവാദിത്വം പാർട്ടി ഇ.പി ജയരാജനെ ഏൽപ്പിച്ചിരുന്നുവെങ്കിലും വെറും ആലങ്കാരിക പദവിയായ കൺവീനർ സ്ഥാനത്തു നിന്നും ആരോഗ്യപരമായ കാരണങ്ങളാൽ അവധിയെടുത്ത ഇ.പി സജീവരാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കുകയാണ്.

ഇതിനെക്കാൾ എത്രയോ മടങ്ങ് ഒതുക്കലാണ് പി.ജയരാജനും അനുഭവിക്കേണ്ടി വന്നത്. സംസ്ഥാന സെക്രട്ടറിയേറ്റ് സ്ഥാനമോ എംഎൽഎ സ്ഥാനമോ നൽകാതെ വെറും ഖാദി ബോർഡ് വൈസ് ചെയർമാനായി ഒതുക്കപ്പെട്ടിരിക്കുകയാണ് പി.ജയരാജൻ. പാർട്ടി കണ്ണൂർ ജില്ലാസെക്രട്ടറിയായിരുന്ന കാലത്ത് വ്യക്തി പൂജാ വിവാദമുണ്ടായപ്പോൾ മുതലാണ് അണികളുടെ ചെന്താരകമായ പി.ജയെയുടെ കഷ്ടകാലം തുടങ്ങുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ അപ്രീതിക്കിരയായ പി.ജയരാജനെ വടകര ലോക്സഭാ സീറ്റിൽ മത്സരിപ്പിച്ചു ചാവേറാക്കുകയും ജില്ലാ സെക്രട്ടറിയായി അന്നത്തെ ജില്ലാസെക്രട്ടറി എം.വി ജയരാജനെ കൊണ്ടുവരികയുമായിരുന്നു. ഈ സാഹചര്യത്തിലാണ് നാലുവർഷങ്ങൾക്കിപ്പുറം ഇച്ഛാഭംഗം വന്ന രണ്ടു നേതാക്കൾ പാർട്ടിക്കുള്ളിൽ പരസ്പരം പോരടിക്കുന്നുവെന്ന പ്രതീതി ഉയരുന്നത്. കണ്ണൂരിലെ സി.പി. എമ്മിനെ സംബന്ധിച്ചിടുത്തോളം അസാധാരണ സാഹചര്യത്തിലൂടെയാണ് പാർട്ടി കടന്നു പോകുന്നത്.

പി. ജയരാജൻ തെറ്റുതിരുത്തൽ രേഖ പാർട്ടി സംസ്ഥാന കമ്മിറ്റി നടപ്പിലാക്കാൻ പോകുന്ന സാഹചര്യത്തിൽ ഇ.പി ജയരാജനെതിരെ ആധികാരികമായി ആരോപണമുന്നയിച്ചത് കണ്ണൂരിലെ പാർട്ടിയെ പിടിച്ചുകുലുക്കിയിട്ടുണ്ട്. ജയരാജന്റെ പിന്നിൽ സി. പി. എമ്മിലെ ചില തെക്കൻ നേതാക്കളുണ്ടെന്ന അഭ്യൂഹവും പരന്നിട്ടുണ്ട്. ഇ.പിയെ മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ ലക്ഷ്യമിട്ടുള്ള കരുനീക്കങ്ങളാണ് സി.പി. എമ്മിൽ നടക്കുന്നതെന്ന സൂചന പുറത്തുവരുന്നതോടെ വരാനിരിക്കുന്നത് വിഭാഗീയതയുടെ അണിയറനീക്കങ്ങളും ഒളിയുദ്ധങ്ങളുമാണെന്ന ആശങ്കയും പരന്നിട്ടുണ്ട്.