തിരുവനന്തപുരം: പോളിംഗ് ദിനത്തില്‍ വീണ്ടും ഇപി ബോംബ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ദിനത്തില്‍ ബിജെപി നേതാവ് പ്രകാശ് ജാവേദ്കറുമായി നടത്തിയ കൂടിക്കാഴ്ച പരസ്യപ്പെടുത്തി. ഇതിന് സമാനമായി വയനാടും ചേലക്കരയിലും വോട്ടെടുപ്പ് ദിനത്തിലും ഒരു വെളിപ്പെടുത്തല്‍ വന്നു. ഇപിയുടെ പുസ്തകത്തില്‍ ഗുരുതര പരാമര്‍ശം ഉണ്ടെന്നായിരുന്നു അത്. തന്നെ ഇടതു കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറ്റിയതില്‍ ദുഖമുണ്ടെന്നും പാലക്കാട്ടെ പി സരിന്‍ അവസര വാദിയാണെന്നും എല്ലാം വാര്‍ത്ത എത്തി. അതിന് ശേഷം ഇപി മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാര്യങ്ങള്‍ വിശദീകരിച്ചു. താന്‍ തന്റെ ആത്മകഥാ രചന പൂര്‍ത്തിയാക്കിയിട്ടില്ല. ആര്‍ക്കും എഴുതി നല്‍കിയതുമില്ല. പിന്നെ എങ്ങനെയാണ് ഈ വാര്‍ത്ത വന്നതെന്ന് ചോദിക്കുയാണ ഇപി. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും ഇ പി പറയുന്നു. പുറത്തു വന്നതൊന്നും തന്റെ ആത്മകഥയില്‍ ഇല്ലെന്നാണ് ഇപി പറയുന്നത്. ഇതോടെ ഇപിയുടെ ആത്മകഥ വിവാദത്തിലായി.

ഡിസി ബുക്‌സും മാതൃഭൂമി ബുക്‌സും പ്രസിദ്ധീകരിക്കാന്‍ അനുമതി തേടി എത്തിയിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കിയില്ല. ആത്മകഥയുടെ പേരോ ഒന്നും താന്‍ തീരുമാനിച്ചിട്ടില്ല. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് തീരുമാനിച്ചപ്പോള്‍ ഡിസിയും മാതൃഭൂമിയും അനുമതി തേടിയെത്തി. രണ്ടു പേര്‍ക്കും അനുമതി നല്‍കിയില്ല. ഏതായാലും ഇന്ന് പത്ത് മണിയോടെ ഇപി ജയരാജന്റെ ഡിസിയുടെ ആത്മകഥ പുറത്തിറങ്ങും. ഇതോടെ ഈ പുസ്തക പ്രകാശനം വലിയ വിവാദത്തിലേക്ക് പോകും. ഇപിയുടേയും ഇഎംഎസിന്റേയും മുഖചിത്രവുമായി പുസ്തകം പുറത്തിറങ്ങും. ഞാന്‍ എഴുതി കൊണ്ടിരിക്കുന്ന പുസ്തകം എങ്ങനെ പുറത്തിറങ്ങുമെന്നാണ് ഇപി ചോദിക്കുന്നത്. താന്‍ നിയമ നടപടിയിലേക്ക് കടക്കുമെന്നാണ് ഇപി പറയുന്നത്. ആരേയും തന്റെ ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇപി ആവര്‍ത്തിക്കുന്നത്.

ഇപിയുടെ ആത്മകഥയുടെ ഭാഗങ്ങള്‍ പുറത്തു വന്നതാണ് വിവാദത്തിന് കാരണമായത്. ഇടതു കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറ്റിയതില്‍ അതൃപ്തിയുണ്ട്. ഇത് കേന്ദ്ര കമ്മറ്റിയെ അറിയിച്ചിട്ടുണ്ട്. പാലക്കാട് സരിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ഇപി എതിര്‍ക്കുന്നുവെന്നാണ് വാര്‍ത്ത. സ്വതന്ത്രര്‍ തലവേദനായുകമെന്ന നിരീക്ഷണം പോലുമുണ്ടെന്നാണ് വാര്‍ത്ത. ഇതെല്ലാം ഇപി തള്ളുന്നു. ഇത് തിരഞ്ഞെടുപ്പ് ദിനത്തില്‍ നടത്തിയ ആസൂത്രിത നീക്കമാണ്. അതുകൊണ്ട് തന്നെ നിയമ നടപടികളിലേക്ക് കടക്കുമെന്ന് ഇപി പറയുന്നു. 24 ന്യൂസിനെതിരേയും ഇപി വിമര്‍ശനം ഉയര്‍ത്തുന്നു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ വളരെ ദുര്‍ബലമെന്ന് മുന്‍ എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ ഇപി ജയരാജന്‍ പറഞ്ഞതായാണ് വാര്‍ത്ത. 'കട്ടന്‍ ചായയും പരിപ്പുവടയും' ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്ന ആത്മകഥയിലാണ് രൂക്ഷവിമര്‍ശനം ഉന്നയിച്ചതെന്നായിരുന്നു വാര്‍ത്ത. ഈ കണ്ടന്റാണ് ഇപി നിഷേധിക്കുന്നത്.

ഇത്തവണ ഉപതിരഞ്ഞെടുപ്പ് പോളിംഗ് ദിനത്തില്‍ ഇപി ജയരാജന്റെ ആത്മകഥാ വിവാദം പുതിയ തലത്തിലാണ്. കണ്‍വീനര്‍ സ്ഥാനത്തു നിന്ന് മാറ്റിയതില്‍ പ്രയാസമുണ്ടെന്നും പാര്‍ട്ടി എന്നെ മനസ്സിലാക്കിയില്ലെന്നുമടക്കം തുറന്നടിക്കുന്ന ജയരാജന്റെ ആത്മകഥയിലെ ഭാഗങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഇപി നിഷേധവുമായി എത്തിയത്. ജാവ്‌ദേക്കര്‍ കൂട്ടിക്കാഴ്ച്ച വിവാദം ആക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ഡിസി ആത്മകഥയിലെ പരാമര്‍ശം. ഇത് ഇപി നിഷേധിക്കുമ്പോള്‍ ഇപിയും ഡിസിയും തമ്മിലെ പോരായി അതു മാറും. എന്റെ നിലപാട് കേന്ദ്ര കമ്മിറ്റിയില്‍ വിശദീകരിച്ചു. കൂടിക്കാഴ്ച വ്യക്തിപരമായിരുന്നു. ഒന്നര വര്‍ഷത്തിന് ശേഷം അത് വിവാദമാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ശോഭ സുരേന്ദ്രന്‍ പറഞ്ഞത് പച്ച കള്ളം. അവരെ കണ്ടത് ഒരു തവണ മാത്രമാണ്. അതും പൊതു സ്ഥലത്ത് വെച്ചാണ്. പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി സരിനെതിരെ കടുത്ത വിമര്‍ശനം ഇപി ഉന്നയിക്കുന്നു. സരിന്‍ അവസര വാദിയാണ്. സ്വതന്ത്രര്‍ വയ്യാവേലി ആകുന്നത് ഓര്‍ക്കണം. ഇ എം എസ് തന്നെ ഇക്കാര്യം പറഞ്ഞു. അന്‍വറിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് ഇപിയുടെ വിമര്‍ശനം. മരിക്കും വരെ സിപിഎം ആയിരിക്കും. പാര്‍ട്ടി വിടുമെന്ന് സ്വപ്നം കണ്ടാല്‍ ഞാന്‍ മരിച്ചു എന്നര്‍ത്ഥമെന്നും ഇപി വിശദീകരിച്ചതായണ് കത്തിപ്പടരാന്‍ കട്ടന്‍ ചായയും പരിപ്പ് വടയും എന്ന പുസ്തകത്തിലുള്ളത്. ഇത് പുറത്തു വന്നതിന് പിന്നാലെ ഏറെ പ്രകോപിതനായാണ് ഇപി മാധ്യമങ്ങളോട് വിശദീകരണം നടത്തിയത്. ഇപിയ്ക്ക് ഡിസി എന്ത് വിശദീകരണം നല്‍കുമെന്നതാണ് ഇനി നിര്‍ണ്ണായകം. ഏതായാലും വലിയ നിയമ പോരാട്ടത്തിലേക്ക് കാര്യങ്ങള്‍ പോകാനാണ് സാധ്യത.


രാഷ്ട്രീയജീവിതവും വിവാദങ്ങളും ഉള്‍പ്പെടുത്തി ആത്മകഥ എഴുതാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് നേരത്തെ ഇപി ജയരാജന്‍ അറിയിച്ചിരുന്നു. ദേശാഭിമാനിയ്ക്കായി പരസ്യവും ബോണ്ടും വാങ്ങിയത് പാര്‍ട്ടിയുമായി ആലോചിച്ചാണെന്നും എന്നാല്‍ വിഎസ് അച്യുതാനന്ദന്‍ അത് തനിക്കെതിരെ ആയുധമാക്കിയെന്നും പരാമര്‍ശമുണ്ടെന്ന തരത്തിലായിരുന്നു വാര്‍ത്ത. ആദ്യ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിനൊപ്പം ഇ.പി ജയരാജന്‍ നില്‍ക്കുന്ന ചിത്രമാണ് പുസ്തകത്തിന്റെ കവറിലുണ്ടായിരുന്നത്. എന്നാല്‍ ഈ കവര്‍ കണ്ടിട്ടേയില്ലെന്ന് ഇപി പറയുന്നത് ഞെട്ടലായി മാറുകയാണ്.

കട്ടന്‍ചായ പിടിച്ചുനില്‍ക്കുന്ന ഇഎംഎസിനെ ചിരിയോടെ നോക്കുന്ന ജയരാജനാണ് ചിത്രത്തിലുള്ളത്. ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച വിവാദമായതിന് പിന്നാലെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് ദിനത്തിലാണ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതെന്ന് മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്. ആ വെളിപ്പെടുത്തല്‍ സിപിഎമ്മിനെ വലിയരീതിയില്‍ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഇപി ജയരാജനെ നീക്കിയിരുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും ആത്മകഥയിലുത്തരമുണ്ടാകുമെന്നായിരുന്നു ഇപി ജയരാജന്‍ അന്ന് പ്രതികരിച്ചിരുന്നത്. ഇപി ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ തന്നോട് ചര്‍ച്ചനടത്തിയെന്ന് ശോഭാസുരേന്ദ്രന്‍ ആഴ്ചകള്‍ക്കുമുമ്പ് വെളിപ്പെടുത്തിയിരുന്നു.