- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരഞ്ഞെടുപ്പ് സമയത്ത് ഒരു ബോംബ് എന്നുപറഞ്ഞാണ് അത് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്; തനിക്കെതിരേ പാര്‍ട്ടിക്കകത്തും പുറത്തും വ്യക്തിഹത്യ നടത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു അത്; ആത്മകഥാ വിവാദത്തില്‍ ഡിസിയ്ക്കെതിരെ വീണ്ടും ഇപി; കേസുമായി മുമ്പോട്ടു പോകാന്‍ ഇപി ജയരാജന്‍
കണ്ണൂര്‍: ഡിസിയെ വെട്ടിലാക്കി വീണ്ടും ഇ പി ജയരാജന്‍. ആത്മകഥ ചോര്‍ന്നത് ആസൂത്രിതമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ ആരോപിച്ചു. എഴുതിപൂര്‍ത്തിയാവാത്ത പുസ്തകത്തില്‍ എന്തടിസ്ഥാനത്തിലാണ് ഇല്ലാത്ത കാര്യങ്ങള്‍ എഴുതിചേര്‍ത്ത് പ്രചരിപ്പിക്കുന്നതെന്നും ഇ.പി ജയരാജന്‍ ചോദിച്ചു. താന്‍ ഒരു കോപ്പിയും ഒരാള്‍ക്കും കൊടുത്തിട്ടില്ലെന്നും വളരെയടുത്ത ബന്ധമുള്ള മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളെ എഴുതിയ കാര്യങ്ങള്‍ ഏല്‍പിച്ച് എഡിറ്റ് ചെയ്യാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും ജയരാജന്‍ പറഞ്ഞു. ഇത് ദേശാഭിമാനിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ്. ഇയാളുടെ പേര് ഇപ്പോഴും ഇപി പുറത്തു പറഞ്ഞിട്ടില്ല.
എഡിറ്റ് ചെയ്യാന്‍ ഏല്‍പിച്ച മാധ്യമപ്രവര്‍ത്തകന്‍ കൃത്യമായി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ആത്മകഥ ചോര്‍ന്നതിന് ഉത്തരവാദിത്തം ഡി.സി ബുക്സിനാണെന്നും ഇപി പറഞ്ഞു. തനിക്കെതിരെ നടക്കുന്ന നീക്കം പാര്‍ട്ടിയെ തകര്‍ക്കാനാണെന്നും ഇ.പി ജയരാജന്‍ പ്രതികരിച്ചു. കരാറില്ലെന്നത് സത്യസന്ധമായ കാര്യമാണെന്നും തനിക്കെതിരേ പാര്‍ട്ടിക്കകത്തും പുറത്തും വ്യക്തിഹത്യ നടത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ആത്മകഥാ വിവാദം സൃഷ്ടിച്ചതെന്നും ഇ.പി.ജയരാജന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
തിരഞ്ഞെടുപ്പ് സമയത്ത് ഒരു ബോംബ് എന്നുപറഞ്ഞാണ് അത് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ടൈംസ് ഓഫ് ഇന്ത്യയിലാണ് ഇത് ആദ്യം വന്നത്. പിന്നെ എല്ലാ ചാനലുകളിലും വാര്‍ത്തയായി. തനിക്കെതിരേ പാര്‍ട്ടിക്കകത്തും പുറത്തും വ്യക്തിഹത്യ നടത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു അത്. ആ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് പോലീസിനോട് ആവശ്യപ്പെട്ടതെന്നും ഇ.പി ജയരാജന്‍ വ്യക്തമാക്കി.
പുസ്തക വിവാദത്തില്‍ പബ്ലിക്കേഷന്‍സ് വിഭാഗം മാനേജര്‍ എ.വി ശ്രീകുമാറിനെ ഡി.സി.ബുക്സ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ നടപടികളില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്. പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ ഇ.പി ജയരാജനുമായി കരാറുണ്ടാക്കിയിട്ടില്ലെന്നാണ് ഡി.സി ബുക്‌സ് ഉടമ ഡി.സി രവി പോലീസിന് നല്‍കിയ മൊഴി. ഇതിന് പിന്നാലെയായിരുന്നു നടപടി. നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടേ ഡി.സി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാറുള്ളൂവെന്ന് ഡി.സി തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ വിശദീകരണവും നല്‍കിയിരുന്നു.
ആത്മകഥ സംബന്ധിച്ച കള്ളപ്രചാരണത്തില്‍ ഇ പി ജയരാജന്‍ നല്‍കിയ പരാതിയില്‍ കോട്ടയം പൊലീസ് ഡിസി ബുക്‌സ് ഉടമ രവി ഡിസിയുടെ മൊഴിയെടുത്തിരുന്നു. ആത്മകഥ പ്രസിദ്ധീകരിക്കാനായി കരാറില്ലെന്ന് രവി ഡിസി മൊഴി നല്‍കിയതായി അന്വേഷണ ഉദ്യോഗസ്ഥന്‍ കോട്ടയം ഡിവൈഎസ്പി കെ ജി അനീഷ് പറഞ്ഞു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു മൊഴി എടുത്തത്. അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി.
പ്രസിദ്ധീകരിക്കാന്‍ നല്‍കാത്ത ആത്മകഥയിലെ ഉള്ളടക്കം സംബന്ധിച്ച് ഉപതെരഞ്ഞെടുപ്പ് ഘട്ടത്തില്‍ തെറ്റായ വാര്‍ത്തകള്‍ വന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇ പി ജയരാജന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ കരാറൊന്നും ഇല്ലെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.