- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്റെ പുസ്തകം ഞാനറിയാതെ എങ്ങനെ പ്രസിദ്ധീകരിക്കും?' ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല; ക്രിമിനല്‍ കുറ്റമാണ് ചെയ്തതെന്നും ഇ പി ജയരാജന്‍; നിലപാട് കടുപ്പിച്ച് സിപിഎം; സരിനെതിരെ പരാമര്‍ശത്തിന് പിന്നാലെ പ്രചാരണത്തിന് ഇപി നാളെ പാലക്കാട്ടേക്ക്
പാലക്കാട് മുനിസിപ്പല്‍ ബസ്റ്റാന്‍ഡില്‍ പൊതുയോഗത്തില്‍ ഇപി സംസാരിക്കും
കണ്ണൂര്‍: താനെഴുതാത്ത, തന്നോട് സമ്മതം ചോദിക്കാത്ത ആത്മകഥ താനറിയാതെ പ്രകാശനം ചെയ്യുമെന്ന് പറയുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് സി.പി.എം. നേതാവും ഇടതു മുന്നണി മുന്‍ കണ്‍വീനറുമായ ഇ.പി. ജയരാജന്‍. താന്‍ ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണെന്നും ഇപ്പോഴും അത് പൂര്‍ത്തിയായിട്ടില്ലെന്നും ഇ.പി. ജയരാജന്‍ മാധ്യമങ്ങളോടു പറഞ്ഞു. ആത്മകഥാ വിവാദം കത്തിനില്‍ക്കെ ഇപി ജയരാജന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നാളെ പാലക്കാട് എത്തും. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ പി സരിനിനു വേണ്ടി പ്രചാരണം നടത്തും.
ആത്മകഥയിലെ സരിന് എതിരായ പരാമര്‍ശത്തിന് പിന്നാലെയാണ് സിപിഎം നീക്കം. വൈകിട്ട് അഞ്ചുമണിക്ക് മുനിസിപ്പല്‍ ബസ്റ്റാന്‍ഡില്‍ പൊതുയോഗത്തില്‍ ഇപി സംസാരിക്കും. സിപിഎം നിര്‍ദ്ദേശപ്രകാരമാണ് ഇപി എത്തുന്നത്. ആത്മകഥ തന്റേതല്ലെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇപി ജയരാജന്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎമ്മിന്റെ നിര്‍ണായക നീക്കം.
'ഞാന്‍ എഴുതാത്ത കാര്യങ്ങളാണ് മാധ്യമങ്ങളില്‍ പ്രചരിച്ചത്. തിരഞ്ഞെടുപ്പ് ദിവസം തയാറാക്കിയ ആസൂത്രിത പദ്ധതിയാണിത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഇതുപോലൊരു സംഭവമുണ്ടായെന്നും ജയരാജന്‍ പറഞ്ഞു. എന്റെ ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ബോധപൂര്‍വമാണ് വാര്‍ത്ത പുറത്തുവന്നത്. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ഡി.സി ബുക്‌സിനെ ഏല്‍പ്പിച്ചിട്ടില്ല. ഞാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. സമഗ്രമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. എന്റെ പുസ്തകം ഞാനറിയാതെ എങ്ങനെയാണ് പ്രസിദ്ധീകരിക്കുക ഇന്നലെ വന്ന പുസ്തകത്തിന്റെ ടീസര്‍ ശ്രദ്ധയില്‍പ്പെട്ടില്ല. ഒരാളും എന്നെ ഇക്കാര്യം അറിയിച്ചില്ല'' ജയരാജന്‍ പറഞ്ഞു.
''ഒന്നില്‍ കൂടുതല്‍ പ്രസാധകര്‍ എന്നെ സമീപിച്ചിരുന്നു. ഞാനെഴുതിയ പുസ്തകത്തിന്റെ പ്രകാശനം 10.30നാണെന്ന് ചാനലിലൂടെയാണ് അറിയിച്ചത്. പ്രസിദ്ധീകരിക്കാന്‍ ചിന്ത ബുക്‌സ് വന്നാല്‍ അവരോട് സംസാരിക്കും. വിശ്വസ്തനായ പത്രപ്രവര്‍ത്തകനെ എഡിറ്റ് ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം വഴി പുസ്തകം പുറത്തുപോകാന്‍ വഴിയില്ല. ഒരാളുമായും കരാറില്ല. എന്നെ പരിഹസിക്കുന്ന തലക്കെട്ട് പുസ്തകത്തിന് ഞാന്‍ കൊടുക്കുമോ കവര്‍ പേജൊന്നും തീരുമാനിച്ചിട്ടില്ല. ആത്മകഥ 200 പേജൊക്കെ എഴുതി കാണും. വാര്‍ത്ത വന്ന ശേഷം ഡി.സി ബുക്‌സിനെ വിളിച്ചിരുന്നു. അവര്‍ അന്വേഷിക്കാമെന്നാണ് പറഞ്ഞത്. എനിക്കെതിരെ വ്യക്തിഹത്യ നടത്തി പാര്‍ട്ടി തകര്‍ക്കുകയാണ് ലക്ഷ്യം. തിരഞ്ഞെടുപ്പ് അലങ്കോലമാക്കാനുള്ള ശ്രമമാണ്. മാങ്ങയുള്ള മാവിലല്ലേ കല്ലെറിയൂ. അതുകൊണ്ടാണ് എനിക്കെതിരെ കല്ലെറിയുന്നത്. പാര്‍ട്ടി വസ്തുനിഷഠമായി എല്ലാം പരിശോധിക്കും. തെറ്റ് ചെയ്തിട്ടുണ്ടെങ്കിലേ പ്രശ്‌നമുള്ളൂ. ഇപ്പോള്‍ വന്നിരിക്കുന്ന ഭാഗങ്ങള്‍ മാനിപ്പുലേറ്റ് ചെയ്തതാണ്'' ജയരാജന്‍ പറഞ്ഞു.
ആത്മകഥ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇ.പി. ജയരാജന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. തന്റെ ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ജയരാജന്‍ പരാതിയില്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് ദിവസം തന്നെ വാര്‍ത്ത വന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. ആത്മകഥയിലെ ഭാഗം എന്നു പറഞ്ഞ് മാധ്യമങ്ങളില്‍ വന്ന ഭാഗം വ്യാജമാണ്. വ്യാജരേഖ, ഗൂഢാലോചന എന്നിവ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് ജയരാജന്‍ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പുറത്തുവന്ന ആത്മകഥയിലെ ഭാഗങ്ങള്‍ തന്റേതല്ലെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ജയരാജന്‍ നേരത്തെ പറഞ്ഞിരുന്നു.
എന്നാല്‍ ഇന്നത്തെ പ്രസിദ്ധീകരണം മാറ്റിയെന്ന് അറിയിച്ച ഡിസി ബുക്‌സ് മാധ്യമങ്ങളില്‍ വന്ന ഉള്ളടക്കം നിഷേധിച്ചുമില്ല. ഉപതിരഞ്ഞെടുപ്പ് ദിനത്തില്‍ സിപിഎമ്മിനെയും സര്‍ക്കാരിനെയും വെട്ടിലാക്കിയാണ് രാവിലെ തന്നെ ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദം ഉടലെടുത്തത്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്ന് മാറ്റിയതിലെ പ്രയാസം പാര്‍ട്ടി മനസ്സിലാക്കിയില്ലെന്നാണ് പുറത്തുവന്ന ആത്മകഥയുടെ ഭാഗങ്ങളിലെ വിമര്‍ശനം. രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്നാണ് അടുത്ത വിമര്‍ശനം. പാലക്കാട്ടെ ഇടത് സ്ഥാനാര്‍ഥി പി.സരിന്‍ വയ്യാവേലിയാകുമെന്ന് ഉള്‍പ്പെടെയുള്ള ഗുരുതര പരാമര്‍ശങ്ങളും ആത്മകഥയിലുണ്ടായിരുന്നു. ഉപതെരഞ്ഞെടുപ്പ് ദിനത്തില്‍ പുറത്തുവന്ന ആത്മകഥാ വിവാദം സിപിഎമ്മിനെയും സര്‍ക്കാറിനെയും വെട്ടിലാക്കിയിരിക്കുകയാണ്. എന്നാല്‍ ഇന്നത്തെ പ്രസിദ്ധീകരണം മാറ്റിയെന്ന് അറിയിച്ച ഡിസി ബുക്‌സ് മാധ്യമങ്ങളില്‍ വന്ന ഉള്ളടക്കം നിഷേധിച്ചില്ല.
പോളിംഗ് ദിനം മുട്ടന്‍പണിയായി കട്ടന്‍ ചായയും പരിപ്പ് വടയും ആത്മകഥാ വിവാദം. ഇന്നലെ രാത്രി തന്നെ ഡിസി ബുക്‌സ് അവരുടെ പേജില്‍ ഇപിയുടെ ആത്മകഥ വരുന്ന കാര്യം പരസ്യപ്പെടുത്തിയിരുന്നു. കട്ടന്‍ ചായയും പരിപ്പ് വടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം എന്ന പുസ്തകത്തിന്റെ മുഖ ചിത്രം വരെ നല്‍കിയിരുന്നു. ഇപിയെ ടാഗ് ചെയ്തായിരുന്നു അറിയിപ്പ്. രാവിലെ പുസ്തകത്തിലെ വിശദാംശങ്ങള്‍ ബോംബായാണ് പുറത്തേക്ക് വന്നത്. സര്‍ക്കാറിനും പാര്‍ട്ടിക്കുമെതിരെ ഇപിയുടെ തുറന്നടിക്കല്‍ വന്‍ ചര്‍ച്ചയായി.
പുറത്ത് വന്ന ആത്മകഥയിലെ പ്രധാന ഭാഗങ്ങള്‍ ഇങ്ങനെ:
കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതില്‍ പ്രയാസമുണ്ട്. പദവി നഷ്ടപ്പെട്ടതിലല്ല, പാര്‍ട്ടി തന്നെ മനസ്സിലാക്കാത്തതിലാണ് പ്രയാസം. നിലപാട് കേന്ദ്രകമ്മിറ്റിയെ അറിയിച്ചു. ഒന്നാം പിണറായി സര്‍ക്കാറിനെക്കാള്‍ ദുര്‍ബ്ബലമാണ് രണ്ടാം പിണറായി സര്‍ക്കാര്‍ എന്ന് അടുത്ത വിമര്‍ശനം. തിരുത്തല്‍ വരുമെന്ന് പറഞ്ഞാല്‍ പോരാ, അടിമുതല്‍ മുടി വരെ വേണം. സരിന്‍ നാളെ വയ്യാവേലിയാകുമെന്നാണ് അടുത്ത വിവാദ പരാമര്‍ശം. തലേന്ന് വരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ചയാള്‍ കിട്ടാതെ ആയപ്പോള്‍ മറുകണ്ടം ചാടി. പലഘട്ടത്തിലും സ്വതന്ത്രന്‍ ഗുണം ചെയ്തിട്ടുണ്ട്. പക്ഷേ വയ്യാവേലിയായി സന്ദര്‍ഭങ്ങളും ഉണ്ട്. അന്‍വര്‍ ഉദാഹരണണെന്ന് ആത്മകഥ.
ബുധനാഴ്ച രാവിലെ മുതലാണ് ഇടതുമുന്നണിയെ വെട്ടിലാക്കി ഇ.പി.യുടെ ആത്മകഥാ വിവാദം ചൂടുപിടിക്കുന്നത്. പാര്‍ട്ടി തന്നെ കേള്‍ക്കാന്‍ തയ്യാറായില്ലെന്നും രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്നും ആത്മകഥയില്‍ പറയുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാര്‍ഥി സരിനെതിരെയും വിമര്‍ശനമുള്ളതായും ആരോപണങ്ങള്‍ ഉയര്‍ന്നു. വിവാദങ്ങള്‍ക്ക് പിന്നാലെ ഇ.പി. ജയരാജന്‍ എഴുതിയതെന്ന് ഡി.സി ബുക്‌സ് അവകാശപ്പെട്ട കട്ടന്‍ ചായയും പരിപ്പുവടയും എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത് നീട്ടിവെച്ചതായി പിന്നീട് പ്രസാധകര്‍ അറിയിച്ചു. നിര്‍മിതിയിലുള്ള സാങ്കേതിക പ്രശ്‌നം മൂലമാണ് തീരുമാനമെന്നാണ് വിശദീകരണം. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാകുന്നതാണെന്നും ഡി.സി ബുക്‌സ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.