- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡാറ്റാ സെന്ററിൽ റിലയൻസിനൊപ്പം; വിഴിഞ്ഞത്ത് അദാനിയുമായി വിഎസിനെ കണ്ട ദല്ലാൾ; കുണ്ടറ ബോംബാക്രമണത്തിൽ പിണറായി സംശയിച്ച കരങ്ങൾ; ഗോവിന്ദൻ ജാഥയെ മറന്ന ഇടതു കൺവീനർ നന്ദകുമാറിന്റെ അമ്മയെ ആദരിക്കാൻ കൊച്ചിയിലെത്തി; കൂടെയുണ്ടായിരുന്നത് ഡൽഹി പ്രതിനിധി കെവി തോമസ്; ഇപി ജയരാജന്റെ കൊച്ചി വീഡിയോ വിവാദത്തിൽ
കൊച്ചി: സിപിഎമ്മിൽ ഇപി ജയരാജനെതിരെ പുതിയ വിവാദം. സിപിഎം ജാഥയിൽ പങ്കെടുക്കാതെ ഇ.പി. ജയരാജൻ ഞായറാഴ്ച സ്വകാര്യ ചടങ്ങിൽ പങ്കെടുത്തതിന്റെ ദൃശ്യം പുറത്ത്. വിവാദ ദല്ലാൾ നന്ദകുമാറിന്റെ വീട്ടിൽ എത്തി. കൊച്ചി വെണ്ണലയിൽ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിലും പങ്കെടുത്തു. സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദന്റെ ജാഥ ആരംഭിക്കുന്നതിന്റെ തലേന്നായിരുന്നു ചടങ്ങ്. ഇ.പി.ജയരാജനൊപ്പം കെ.വി.തോമസും നന്ദകുമാറിന്റെ വീട്ടിലെത്തി. ജാഥയിൽനിന്ന് വിട്ടുനിൽക്കുന്നത് വിവാദമായിരിക്കെയാണ് പുതിയ വിവാദം. ഇക്കാര്യം ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് സിപിഎം നേതാവ് എം വിഗോവിന്ദൻ പറഞ്ഞു.
ജനകീയപ്രതിരോധയാത്രയിൽ കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്റെ അസാന്നിധ്യംമാത്രമല്ല, അദ്ദേഹത്തിന്റെ മൗനവും സിപിഎമ്മിനെ കുഴയ്ക്കുന്നുണ്ട്. തട്ടകമായ കണ്ണൂരിലെ ജാഥാപര്യടനം സമാപിക്കുമ്പോഴും ഇ.പി. ജയരാജൻ വിട്ടുനിൽക്കുകയാണ്. ഇതിനിടെയാണ് പുതിയ ദൃശ്യങ്ങൾ ചർച്ചയാകുന്നത്. കണ്ണൂരിലെ റിസോർട്ട് വിവാദത്തിന് പിന്നാലെയാണ് ദല്ലാൾ നന്ദകുമാറിന്റെ വീട്ടിലെ വീഡിയോയും വിവാദമാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പലപ്പോഴും വിമർശിച്ചിട്ടുള്ള വ്യക്തിയാണ് നന്ദകുമാർ.
ജഡ്ജിമാർക്കിടയിലും മറ്റും വലിയ സ്വാധീനമുള്ള വ്യക്തിയാണ്. അദാനിയുമായും അടുപ്പമുണ്ട്. വിഴിഞ്ഞം തുറമുഖ കരാറിന് പിന്നിലും നന്ദകുമാറായിരുന്നു ചരട് വലിച്ചതെന്ന ആരോപണമുണ്ട്. ഇത്തരമൊരു വ്യക്തിയുടെ വീട്ടിലാണ് ജയരാജൻ എത്തിയത്. വെണ്ണല തൈക്കാവ് മഹാദേവ അമ്പലത്തിലായിരുന്നു നന്ദകുമാറിന്റെ അമ്മയുടെ ആദരിക്കൽ ചടങ്ങ് നടന്നത്.
ഇടതും വലതും മുന്നണികളിലുള്ളവർ നന്ദകുമാറിന്റെ സേവനം പല ഘട്ടങ്ങളിലായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. അച്യുതാനന്ദന്റെ വ്യവഹാര ദല്ലാൾ എന്ന നിലയിലാണ് നന്ദകുമാർ പിൽക്കാലത്ത് വാർത്തകളിലും സിപിഎമ്മിലെ ആഭ്യന്തര ചർച്ചകളിലും ഇടംപിടിച്ചു. ലാവ്ലിൻ കേസിലും ഇടമലയാർ കേസിലുമൊക്കെ കോടതി വിധികളിൽ ഇയാളുടെ സ്വാധീനം കൃത്യമായി ആരോപിക്കപ്പെട്ടു. റിലയൻസ് ഗ്രൂപ്പിന്റെ ഉപദേഷ്ടാവായതോടെ ടി.ജി നന്ദകുമാർ കോർപറേറ്റ് ദല്ലാൾ പിന്നീട് അറിയപ്പെട്ടു. റിലയൻസിന് വേണ്ടി ഇയാൾ നടത്തിയ ഇടപെടലുകൾ അന്നത്തെ ചീഫ് ജസ്റ്റിസിനെ വരെ സംശയത്തിന്റെ നിഴലിലാക്കി.
വി എസ് അച്യുതാനന്ദന്റെ കാലത്ത് സ്റ്റേറ്റ് ഡാറ്റാ സെന്റർ റിലയൻസിന് കൈമാറിയ ഇടപാടിന് ഇടനിലക്കാരനായതും നന്ദകുമാറായിരുന്നു. പിന്നീട് അദാനിയുടെ വിശ്വസ്തനായി. കുണ്ടറ ബോംബാക്രമണത്തിലും സംശയ നിഴലിലായി. ഇത്തരം ദുരൂഹതകൾ നിറഞ്ഞ വ്യക്തിയുടെ വീട്ടിലാണ് ഇപി എത്തിയത്. കുണ്ടറ ബോംബാക്രമണത്തിൽ പിണറായി വിജയൻ പോലും നന്ദകുമാറിനെ പരോക്ഷമായി കുറ്റപ്പെടുത്തി രംഗത്തു വന്നിരുന്നു.
സിപിഎം ജാഥയുടെ ഭാഗമായി ജയരാജൻ എത്താത്തത് വിവാദമായിരുന്നു. എംവി ഗോവിന്ദൻ വിമർശനങ്ങളെ തള്ളി കളയുകയും ചെയ്തു. ഇ.പി. ജയരാജൻ ഇടതുമുന്നണി കൺവീനറാണെന്നും എവിടെവെച്ചും അദ്ദേഹത്തിന് ജാഥയുടെ ഭാഗമാകാമെന്നുമാണ് എം വി ഗോവിന്ദൻ പറഞ്ഞത്. എല്ലാവരും ജാഥയുടെ ഭാഗമാകുന്നില്ലല്ലോയെന്നായിരുന്നു ഇ.പി.യുടെ പ്രതികരണം. പാർട്ടിയിൽ തന്നെക്കാൾ ജൂനിയറായ എം വി ഗോവിന്ദൻ സംസ്ഥാനസെക്രട്ടറിയായതുമുതൽ ഇ.പി.ക്ക് പ്രശ്നങ്ങളുണ്ട്. അത് നേതാക്കൾക്കും നന്നായി അറിയാം. തന്റെ അതൃപ്തി പലരീതിയിലുമാണ് ഇ.പി. ജയരാജൻ പ്രകടിപ്പിച്ചത്. ജാഥയിലെ അസാന്നിധ്യം അതിലൊന്നുമാത്രമാണ്.
ഗവർണർക്കെതിരേയുള്ള സമരത്തിലും ഇ.പി.യുടെ പങ്കാളിത്തമുണ്ടായിരുന്നില്ല. ആരോഗ്യപ്രശ്നങ്ങളാൽ പാർട്ടിയിൽനിന്ന് അവധിയെടുത്ത് ചികിത്സയിലായിരുന്നു. ഒരുതവണ മുഖ്യമന്ത്രി നേരിട്ട് അദ്ദേഹവുമായി സംസാരിച്ചതൊഴിച്ചാൽ ഇ.പി.യുടെ മനസ്സിന്റെ അകലം മാറ്റാൻ നേതാക്കളാരും ഇടപെട്ടിട്ടില്ല. റിസോർട്ട് വിവാദത്തിൽ ഉയർന്ന ആരോപണങ്ങളിൽ ഗൂഢാലോചനയുണ്ടെന്ന് ഇ.പി. പരസ്യമായി പറഞ്ഞിരുന്നു. ഇതു പാർട്ടി ഗൗരവത്തോടെ കണക്കാക്കാത്തതും അദ്ദേഹത്തിന്റെ അതൃപ്തിക്ക് കാരണമാണ്.
പി. ജയരാജനാണ് സംസ്ഥാനസമിതി യോഗത്തിൽ ഇ.പി. ജയരാജനെതിരേ പരാതി ഉന്നയിച്ചത്. ജനകീയ പ്രതിരോധജാഥയിലെ കണ്ണൂരിലെ സ്വീകരണകേന്ദ്രങ്ങളിലെല്ലാം പി. ജയരാജന്റ സജീവസാന്നിധ്യമുണ്ട്. അസാന്നിധ്യം ഇതിനകം വിവാദമായെങ്കിലും ഇ.പി.ജയരാജൻ തുടർന്നും ജാഥയിൽ പങ്കെടുക്കില്ലെന്നാണ് വിവരം. പി.ജയരാജൻ സംസ്ഥാന സമിതിയിൽ ഉന്നയിച്ച ആയുർവേദ റിസോർട്ട് പരാതിയിൽ വിശദീകരണം നൽകിയിട്ടും തീരുമാനം വൈകുന്നതിലുള്ള നീരസത്തിലാണ് ഇ.പിയെന്നാണു വിവരം.
ഇക്കാര്യത്തിൽ അനുകൂല നടപടി നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായെങ്കിലേ തീരുമാനം മാറ്റൂ. ജാഥയുടെ ഉദ്ഘാടനച്ചടങ്ങിലോ കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലെ പര്യടനത്തിലോ ഇ.പി പങ്കെടുത്തിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ