തിരുവനന്തപുരം: സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ അന്വേഷണം തുടരാന്‍ പോലീസ്. വീണ്ടും മൊഴി രേഖപ്പെടുത്തും. അതിന് ശേഷമേ കേസെടുക്കുന്നതില്‍ തീരുമാനം എടുക്കൂ. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മടക്കുകയാണ് പോലീസ് എഡിജിപി. ഇ.പി ജയരാജന്റെ മൊഴിയിലും രവി ഡി.സിയുടെ മൊഴിയിലും അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എ. ഡി.ജി.പി റിപ്പോര്‍ട്ട് മടക്കിയത്. ആത്മകഥ ചോര്‍ന്നത് ഡി.സിയില്‍ നിന്നാണെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ എന്തിന് ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തതതയില്ല. വീണ്ടും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോട്ടയം എസ്.പിക്ക് ഡി.ജി.പി നിര്‍ദ്ദേശം നല്‍കി.

ഇ.പി.ജയരാജന്റെ ആത്മകഥ വിവാദം സംബന്ധിച്ച് കോട്ടയം എസ്പി സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ നിരവധി പഴുതുകളുണ്ടെന്നാണ് വിലയിരുത്തല്‍. അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് എഡിജിപി മനോജ് ഏബ്രഹാം റിപ്പോര്‍ട്ട് തള്ളിയത്. വീണ്ടും അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോട്ടയം എസ്പിക്ക് എഡിജിപിക്കു നിര്‍ദേശം നല്‍കി. ഇ.പി.ജയരാജന്റെ ഉള്‍പ്പെടെ മൊഴികളില്‍ വ്യക്തതക്കുറവ് ഉണ്ടെന്നാണ് കണ്ടെത്തല്‍. ആത്മകഥ ഇ.പി.ജയരാജന്‍ തന്നെ എഴുതിയതാണോ അല്ലെങ്കില്‍ അദ്ദേഹത്തിനു വേണ്ടി മറ്റാരെങ്കിലും എഴുതിയതാണോ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഇതടക്കം കണ്ടെത്തേണ്ടി വരും. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ധാരണാപത്രം ഉണ്ടായിരുന്നോ, ചോര്‍ന്നത് ഡിസിയില്‍ നിന്നെങ്കില്‍ അതിന് പിന്നിലെ ഉദേശ്യമെന്ത് എന്നീ കാര്യങ്ങളിലും വ്യക്തതയില്ല.

ഡിസി ബുക്‌സുമായി കരാര്‍ ഉണ്ടാക്കിയില്ലെന്നാണ് ഇപിയുടെ മൊഴി. എന്നാല്‍ തന്റെ സ്വകാര്യ ശേഖരത്തിലുള്ള ചിത്രങ്ങള്‍ ഡിസിയുടെ കൈവശം എത്തിയത് എങ്ങനെയെന്ന് വ്യക്തമാക്കിയിട്ടില്ല. ആത്മകഥയുടെ പകര്‍പ്പ് പുറത്ത് പോയതുള്‍പ്പെടെ എന്തുസംഭവിച്ചുവെന്ന കാര്യത്തില്‍ ഡിസിയും വ്യക്തത വരുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ രണ്ടു പേരുടേയും മൊഴി വീണ്ടും രേഖപ്പെടുത്തും. ഇ പി ജയരാജന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് കരാറില്ലെങ്കിലും ധാരണ ഉണ്ടായിരുന്നവെന്നായിരുന്നു രവി ഡി സിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോയതെന്നുമായിരുന്നു രവി ഡി സി അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരമാണ് എഡിജിപി ആദ്യ റിപ്പോര്‍ട്ട് തള്ളുന്നത്.

ആത്മകഥാ വിവാദത്തിലെ രാഷ്ട്രീയ ഗൂഢാലോചന പുറത്ത് കൊണ്ട് വരണമെന്ന് ഇ പി ജയരാജന്‍ ആവര്‍ത്തിച്ചു. ഡി സി ബുക്സ് സസ്പെന്‍ഡ് ചെയ്ത പബ്ളിക്കേഷന്‍സ് വിഭാഗം മേധവിയെ അറിയില്ലെന്നാണ് ഇപിയുടെ വിശദീകരണം. പോലീസ് റിപ്പോര്‍ട്ടിന്മേല്‍ കേസെടുത്ത് അന്വേഷണം വേണോ എന്നതില്‍ ഡി ജി പി ഉടന്‍ തീരുമാനമെടുക്കും. പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഡി.സിയും ഇ.പിയും കരാറില്ലെന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ ഗൗരവതരമെന്നാണ് സര്‍ക്കാര്‍ നിലപാട്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന ഘട്ടത്തില്‍ പുസ്തക വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന വാദം നിരത്തി സി.പി.എമ്മും പ്രതിരോധം തീര്‍ക്കും.

തുടരന്വേഷണം വേണമെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ അഭിപ്രായം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാകും അന്വേഷണം. അതിനിടെ, ആത്മകഥ വിവാദത്തില്‍ ഗൂഢാലോചന ആവര്‍ത്തിച്ച് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്‍. പുസ്തകം തയാറാക്കാന്‍ ഡി.സി ബുക്‌സുമായി കരാര്‍ ഉണ്ടാക്കിയിട്ടില്ല. ഒരു കോപ്പിയും ആര്‍ക്കും നല്‍കിയിട്ടില്ലെന്നും ഇ.പി. ജയരാജന്‍ പറയുന്നു.

സാധാരണ പ്രസാധകര്‍ പാലിക്കേണ്ട ഒരുപാട് നടപടിക്രമങ്ങളുണ്ട്. ഇതിലൊരു നടപടിയും ഡി.സി ബുക്‌സ് സ്വീകരിച്ചിട്ടില്ല. പുസ്തകത്തിന്റെ പ്രകാശന വിവരം ഡി.സിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ വന്നത് താനറിയാതെയാണ്. തെരഞ്ഞെടുപ്പ് ദിവസം മുന്നില്‍ക്കണ്ടുള്ള ബോധപൂര്‍വമായ നടപടിയാണ് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.