കണ്ണൂര്‍: ആത്മകഥാ വിവാദം കത്തിപ്പടരുന്നതിനിടെ ഡിസി ബുക്‌സിന് വക്കീല്‍ നോട്ടീസ് അയച്ച് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്‍. ഡി സി ബുക്‌സ് പുറത്തുവിട്ട ആത്മകഥ എന്ന ഭാഗങ്ങള്‍ പിന്‍വലിക്കണമെന്നും ഡിസി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് ഇ പി ജയരാജന്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ആത്മകഥ പ്രസിദ്ധീകരിച്ചത് തേജോവധം ചെയ്യാനാണെന്ന് ഇ പി ആരോപിക്കുന്നു. ഡി സി ബുക്‌സ് പുറത്തുവിട്ട ആത്മകഥ എന്ന ഭാഗം പിന്‍വലിക്കണം. എല്ലാ പോസ്റ്റുകളും പിന്‍വലിച്ച് മാപ്പ് പറയണമെന്നും ഇ പി നോട്ടീസില്‍ ആവശ്യപ്പെടുന്നു. അഡ്വ കെ വിശ്വന്‍ മുഖേനയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

പുറത്തുവന്നത് താന്‍ എഴുതിയതല്ലെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. ഉപതെരഞ്ഞെടുപ്പ് ദിവസം ആത്മകഥയെന്ന പേരില്‍ പിഡിഎഫ് പുറത്തുവിട്ടത് രാഷ്ട്രീയ എതിരാളികള്‍ക്ക് ആയുധം നല്‍കാനാണെന്നും ഇ പി ആരോപിക്കുന്നു.

ആത്മകഥാ വിവാദത്തില്‍ ഇപി ജയരാജന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡി സി ബുക്‌സിന് വക്കീല്‍ നോട്ടീസ് അയച്ചത്. ആത്മകഥയുടെ മറവില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നും പരാതിയില്‍ പറയുന്നു. ആത്മകഥ ഇതേ വരെ എഴുതി കഴിയുകയോ, പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ഇപി നല്‍കിയ പരാതിയില്‍ പറയുന്നു. തെരെഞ്ഞെടുപ്പ് ദിവസം വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്.

അതേസമയം, ഉപതെരഞ്ഞെടുപ്പ് ദിനത്തില്‍ പുറത്തുവന്ന ആത്മകഥാ വിവാദം സിപിഎമ്മിനെയും സര്‍ക്കാറിനെയും വെട്ടിലാക്കിയിരിക്കുകയാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്ന് മാറ്റിയതിലെ പ്രയാസം പാര്‍ട്ടി മനസ്സിലാക്കിയില്ലെന്നാണ് പുറത്ത് വന്ന ആത്മകഥയുടെ ഭാഗങ്ങളിലെ വിമര്‍ശനം.

രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബ്ബലമാണെന്നാണ് അടുത്ത വിമര്‍ശനം. പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി പി സരിന്‍ വയ്യാവേലിയാകുമെന്നും പരാമര്‍ശമുണ്ട്. പുറത്ത് വന്ന ആത്മകഥയിലെ ഭാഗങ്ങള്‍ തന്റേതല്ലെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ഇപി വ്യക്തമാക്കുന്നു. എന്നാല്‍ ഇന്നത്തെ പ്രസിദ്ധീകരണം മാറ്റിയെന്ന് അറിയിച്ച ഡിസി ബുക്‌സ് മാധ്യമങ്ങളില്‍ വന്ന ഉള്ളടക്കം നിഷേധിച്ചിരുന്നില്ല.

അതേ സമയം ഇപിയുടെ പുസ്തകം ഡിസി ബുക്‌സിനായി തയ്യാറാക്കിയത് ദേശാഭിമാനി ജീവനക്കാരനെന്നാണ് സൂചന. നേരത്തെ പൂര്‍ത്തിയായ പുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ സമകാലിക സംഭവങ്ങള്‍ കൂടി ചേര്‍ത്ത് പുതുക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ വിവാദ വിഷയമായത്. പുസ്തക വിവാദത്തില്‍ സിപിഎം അന്വേഷണം തുടങ്ങിയിട്ടുണ്ട്.

തന്റെ രാഷ്ട്രീയ ജീവിതവും ആരോപണങ്ങളുമൊക്കെ വിശദമായി പ്രതിപാദിക്കുന്ന പുസ്തകം ഉടന്‍ ഇറങ്ങുമെന്ന് കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണ് ഇപി പറഞ്ഞത്. ഏതാണ്ട് ഇതേ സമയം തന്നെയാണ് ഡിസി ഡിസി ബുക്‌സ് ഇ പി ജയരാജനുമായി പുസ്തകം ഇറക്കാന്‍ കരാര്‍ ഉണ്ടാക്കിയത്. ഇപിയെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കിയത് വലിയ വിവാദമായ പശ്ചാത്തലത്തിലായിരുന്നു പുസ്തകം എഴുതും എന്നുള്ള പ്രഖ്യാപനം.

ഇതിനായി ഇപി പാര്‍ട്ടി അനുമതി തേടിയിരുന്നില്ല. ഒരു മുതിര്‍ന്ന ദേശാഭിമാനി ലേഖകനാണ് ഇ പി പുസ്തകം തയ്യാറാക്കാന്‍ വിവരങ്ങള്‍ കൈമാറിയത്. ഇപി പറഞ്ഞുകൊടുത്ത കാര്യങ്ങള്‍ അദ്ദേഹമാണ് പകര്‍ത്തി എഴുതിയത്. ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ പുസ്തകത്തിന്റെ എഴുത്ത് ജോലി തുടങ്ങിയിരുന്നു.

ദേശാഭിമാനി ലേഖകന്‍ തന്നെയാണ് ഡിസി ബുക്‌സിന് പുസ്തകത്തിന്റെ ടൈപ്പ് ചെയ്ത പകര്‍പ്പ് എത്തിച്ചത്. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നിട്ടും ഇയാള്‍ വിവരങ്ങള്‍ പാര്‍ട്ടി അറിയിച്ചില്ല എന്ന കാര്യത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സമീപകാലത്തെ സംഭവ വികാസങ്ങള്‍ കൂടി ചേര്‍ത്ത് പിന്നീട് നേരത്തെ നല്‍കിയ കരടില്‍ പേജുകള്‍ വര്‍ധിപ്പിച്ചു.

എല്ലാ വിവരങ്ങളും ഇപിയുടെ നിര്‍ദ്ദേശപ്രകാരമാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്. ലേഔട്ട് ചെയ്ത പുസ്തകത്തിന്റെ പിഡിഎഫ് പകര്‍പ്പ് ദേശാഭിമാനി ലേഖകനും ഇ പി ജയരാജനും അയച്ചു കൊടുത്തിരുന്നു എന്ന് പ്രസാധകര്‍ അവകാശപ്പെടുന്നുണ്ട്. പുസ്തകത്തിന്റെ പേരടക്കം ഇ പി യുമായി ആലോചിച്ചാണ് നല്‍കിയത് എന്നും അവര്‍ അവകാശപ്പെടുന്നു.

എന്നാല്‍ ആത്മകഥയുടെ പേരോ കവര്‍ പേജോ പോലും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് പരാതി നല്‍കിയ ശേഷം ഇ.പി പ്രതികരിച്ചിരുന്നു. മാധ്യമങ്ങളില്‍ വന്നത് തെറ്റായ കാര്യങ്ങളാണ്. തെരഞ്ഞെടുപ്പു ദിവസം പുസ്തകം പുറത്തുവന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്

വിശ്വസ്തനായ മാധ്യമപ്രവര്‍ത്തകനെ ആത്മകഥ എഴുതാന്‍ ഏല്‍പ്പിച്ചിരുന്നു. പുസ്തക പ്രകാശനത്തിന്റെ കാര്യം ചാനല്‍ വാര്‍ത്തയിലൂടെയാണ് അറിയുന്നത്. പുസ്തകത്തിന് ഇങ്ങനെയൊരു പേര് നിര്‍ദേശിച്ചത് ആരാണ്? ഡി.സി ബുക്‌സിന്റെ നിലപാട് ശരിയല്ല. ഞാന്‍ എഴുതിയെന്ന് പറയുന്ന പുസ്തകം ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. പുസ്തകം എഴുതാനോ പ്രസിദ്ധീകരിക്കാനോ ഡി.സി ബുക്‌സിനെ ഏര്‍പ്പാടാക്കിയിട്ടില്ല. ഗുരുതരമായ തെറ്റാണ് അവരുടേത്. എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകം എങ്ങനെയാണ് പ്രസിദ്ധീകരിക്കുന്നത്? ഡി.സി ബുക്‌സ് ക്രിമിനല്‍ കുറ്റമാണ് ചെയ്തതെന്നും ഇ.പി ആരോപിച്ചിരുന്നു.

'കട്ടന്‍ ചായയും പരിപ്പുവടയും' എന്ന പേരില്‍ പേരില്‍ കഴിഞ്ഞ ദിവസമാണ് ഡിസി ബുക്‌സ് ഇ.പി ജയരാജന്റെ ആത്മകഥയുടെതെന്ന പേരില്‍ കവര്‍ചിത്രം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. എന്നാല്‍ വിവാദങ്ങള്‍ കനത്തതോടെ സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്നും പ്രകാശനം മാറ്റിവെച്ചെന്നും ഡി.ഡി ബുക്സ് പറഞ്ഞു.