തിരുവനന്തപുരം: പിഎച്ച്ഡി വിവാദത്തിൽ സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനെ പിന്തുണച്ച് ഇടുമുന്നണി കൺവീനർ ഇ പി ജയരാജൻ രംഗത്ത്. തെറ്റ് പറ്റാത്തവരായി ആരുമില്ലെന്ന് ഇപി ജയരാജൻ സമൂഹ മാധ്യമത്തിലെഴുതിയ കുറിപ്പിൽ പറയുന്നു. എഴുത്തിലും വാക്കിലും പ്രയോഗത്തിലും അറിയാതെ പിഴവുകൾ വന്നുചേരാം.

ഇത്തരം കാര്യങ്ങളെ മനുഷ്യത്വപരമായി സമീപിക്കണം. ചിന്തയെ നിരന്തരം ആക്രമിക്കുക എന്നത് വേട്ടയാടലിന്റെ ഭാഗമാണ്. വളർന്നു വരുന്ന യുവ വനിതാ നേതാവിനെ മനഃപൂർവ്വം സ്ഥാപിത ലക്ഷ്യങ്ങൾ വെച്ച് വേട്ടയാടുകയാണെന്നും ഇടതുമുന്നണി കൺവീനർ ആരോപിച്ചു. ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം വിവാദമായ പശ്ചാത്തലത്തിലാണ് പ്രതികരണം.

'തെറ്റുകൾ വന്നു ചേരാത്തവരായി ആരുമില്ല മനുഷ്യരിൽ. ഒരുപാട് ശരികൾ ചെയ്യുന്നതിനിടയിൽ അറിയാതെ ചില പിഴവുകൾ വന്നുചേരാം. അതെല്ലാം മനുഷ്യസഹജമാണ്. എഴുത്തിലും വാക്കിലും പ്രയോഗങ്ങളിലും എല്ലാം തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ?'ഇ.പി.ജയരാജൻ കുറിപ്പിൽ പറയുന്നു.

വേട്ടയാടലിന് പിന്നിൽ കോൺഗ്രസാണെന്നും അദ്ദേഹം ആരോപിച്ചു. വ്യക്തിഹത്യയിലൂടെ നേതൃപദവിയിലേക്ക് വളർന്നുവരുന്നവരെ ദുർബലപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കം ഉപേക്ഷിക്കപ്പെടണമെന്നും ഇ.പി. ജയരാജൻ ഫേസ്‌ബുക്കിൽ കുറിച്ചു.

ചിന്തയുടെ ശമ്പള കുടിശിക വിവാദം കെട്ടടങ്ങും മുമ്പാണ് ഗവേഷണ പ്രബന്ധത്തിലെ തെറ്റുകൾ ചർച്ചയായത്. ഗവേഷണ പ്രബന്ധത്തിൽ വാഴക്കുലയുടെ രചയിതാവായി ചങ്ങമ്പുഴയ്ക്കു പകരം വൈലോപ്പിള്ളിയെന്ന് തെറ്റിച്ചെഴുതിയതാണ് ആദ്യം വിവാദമായത്. കേരള സർവകലാശാല പി. വി. സിയായിരുന്നു ചിന്തയുടെ ഗൈഡ്. ജന്മി കുടിയാൻ, അടിമ ഉടമ, കീഴാള മേലാള, ഉച്ച നീചത്വ വ്യവസ്ഥിതിക്കെതിരെ 85 കൊല്ലം മുമ്പ് കവിതയുടെ വാൾ വീശി ചങ്ങമ്പുഴ രചിച്ച അനശ്വര കൃതിയായ വാഴക്കുലയെ പറ്റി, ഇതേ ദുരാചാരങ്ങൾക്കെതിരെ പൊരുതിയ മഹാപ്രസ്ഥാനത്തിന്റെ യുവ വനിതാ നേതാവിന്റെ അജ്ഞത ഗവേഷണ പ്രബന്ധത്തിൽ തന്നെ പ്രകടമായത് സമൂഹത്തിലാകെ ചർച്ചയായിരുന്നു.

'നവലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ' എന്ന ഗവേഷണ വിഷയത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടിൽ വെള്ളം ചേർക്കുന്നതാണ് പ്രിയദർശന്റെയും രഞ്ജിത്തിന്റെയും സിനിമകളെന്ന് പറയുന്ന ഭാഗത്താണ് 'വാഴക്കുല ബൈ വൈലോപ്പിള്ളി' എന്ന് ചിന്ത എഴുതിയിരിക്കുന്നത്.

ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധത്തിൽ കോപ്പിയടിച്ച ഭാഗങ്ങളും ഉണ്ടെന്ന ആരോപണങ്ങൾ അടക്കം ചർച്ചയാകുന്നതിനിടെയാണ് എൽഡിഎഫ് കൺവീനർ പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഒരു തലമുറയ്ക്കാകെ വിപ്ലവ വീര്യം പകർന്ന വാഴക്കുല എന്ന കാലാതീത കവിതയുടെ രചയിതാവിനെ തെറ്റിച്ചെഴുതി, മലയാളത്തിലെ കാവ്യഗോപുരങ്ങളായ ചങ്ങമ്പുഴയെയും വൈലോപ്പിള്ളിയെയും അപമാനിച്ചെന്ന ആക്ഷേപം കേൾക്കുന്ന യുവജനകമ്മിഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ വിവാദ ഗവേഷണപ്രബന്ധത്തിൽ കോപ്പിയടിയും ഉണ്ടെന്ന് പുതിയ ആരോപണം.

ബോധി കോമൺസ് എന്ന വെബ് സൈറ്റിൽ 2010ൽ പ്രസിദ്ധീകരിച്ച ലേഖനത്തിലെ ആശയവും ആ ലേഖനത്തിൽ വാഴക്കുലയുടെ രചയിതാവിനെ തെറ്റായി രേഖപ്പെടുത്തിയത് അതേപടിയും ചിന്ത തീസിസിൽ പകർത്തിയെന്നാണ് ആക്ഷേപം. സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ഇതു സംബന്ധിച്ച് ഇന്നു തെളിവുസഹിതം കേരള സർവകലാശാല വൈസ് ചാൻസലർക്കു പരാതി നൽകും.

2010 ഒക്ടോബർ 17 നു 'ബോധി കോമൺസ്' എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച 'ദ് മൈൻഡ് സ്പേയ്സ് ഓഫ് മെയിൻ സ്ട്രീം മലയാളം സിനിമ' എന്ന ലേഖനത്തിലെ ആശയം ചിന്ത തന്റെ പ്രബന്ധത്തിൽ അതേപടി പകർത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ബ്രഹ്മപ്രകാശ് എന്നു പേരുള്ള ആൾ എഴുതിയ ലേഖനത്തിൽ 'വാഴക്കുല'യുടെ രചയിതാവിന്റെ പേര് 'വൈലോപ്പിള്ളി' എന്ന് തെറ്റായാണ് ചേർത്തിരിക്കുന്നത്. ഈ ഭാഗം അതേപടി ചിന്തയുടെ പ്രബന്ധത്തിലുമുണ്ട്. 'വൈലോപ്പള്ളി' എന്ന് അക്ഷരത്തെറ്റോടെയാണ് പേരു കുറിച്ചിരിക്കുന്നത്.

പ്രിയദർശന്റെയും രഞ്ജിത്തിന്റെയും സിനിമകളിലെ ജാതി, വർഗ, രാഷ്ട്രീയ തലങ്ങൾ ചർച്ച ചെയ്യുന്നതാണ് 'ബോധി കോമൺസി'ൽ വന്ന ബ്രഹ്മപ്രകാശിന്റെ ലേഖനം. ചിന്താ ജെറോമിന്റെ പ്രബന്ധവും ഇതിനു സമാനമാണ്. ലേഖനത്തിൽ 'ആര്യൻ' എന്ന സിനിമയിലെ സംഭാഷണത്തെ സൂചിപ്പിക്കുന്ന ഭാഗത്താണ് ചങ്ങമ്പുഴയ്ക്കു പകരമായി വാഴക്കുലയുടെ രചയിതാവായി വൈലോപ്പിള്ളിയെ രേഖപ്പെടുത്തിയിരിക്കുന്നത്.

കേരള സർവകലാശാല പ്രോ വൈസ് ചാൻസലറായിരുന്ന ഡോ. അജയകുമാറിന്റെ മേൽനോട്ടത്തിലാണ് ചിന്ത ഗവേഷണ പ്രബന്ധം സമർപ്പിച്ചത്. 2021 ൽ സർവകലാശാല ഇതിന് പിഎച്ച്ഡി നൽകുകയായിരുന്നു. ഗവേഷണ പ്രബന്ധം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പരാതിയും സർവകലാശാലയ്ക്കു മുന്നിലുണ്ട്.

ഗുരുതരമായ തെറ്റ് പുറത്തുവന്നിട്ടും കേരള സർവകലാശാല നടപടിയെടുക്കുന്നില്ലെന്ന പരാതിയും ശക്തമാണ്. തെറ്റ് കണ്ടെത്താൻ ഗൈഡായിരുന്ന മുൻ പി. വി. സി പി.പി. അജയകുമാറിനും മൂല്യനിർണയം നടത്തിയവർക്കും കഴിയാത്തതിനെതിരെയും പരാതികളുണ്ട്. ഓപ്പൺ ഡിഫൻസിൽ പോലും ഒരു ചർച്ചയും വിലയിരുത്തലും നടത്താതെയാണോ ഡോക്ടറേറ്റ് നൽകുന്നതെന്ന ചോദ്യമാണ് കേരള സർവകലാശാല നേരിടുന്നത്.

ഇപി ജയരാജന്റെ ഫേസ്‌ബുക്ക് കുറിപ്പ്

വളർന്നു വരുന്ന ഒരു യുവ വനിതാ നേതാവിനെ, ഒരു മഹിളാ നേതാവിനെ മനഃപൂർവ്വം സ്ഥാപിത ലക്ഷ്യങ്ങൾ വെച്ചുകൊണ്ട് വേട്ടയാടുകയാണ്. അതിന്റെ ഭാഗമായി പലതരത്തിലുള്ള ആക്ഷേപങ്ങളും ഉയർത്തിവിടുകയാണ്. യുവജന കമ്മീഷൻ ചെയർപേഴ്സണിന്റെ ശമ്പളം നിശ്ചയിക്കുന്നതും ആനുകൂല്യങ്ങൾ തീരുമാനിക്കുന്നതും ചിന്തയല്ല. അത് ഗവൺമെന്റിന്റെ പൊതുനയത്തിന്റെ ഭാഗമായാണ്. അതിന്റെ പേരിൽ ചിന്തയെ വേട്ടയാടാൻ പലരും രംഗത്ത് ഇറങ്ങി.

യുവജനകമ്മീഷന്റെ അഭിനന്ദനീയമായ പ്രവർത്തനങ്ങൾ കണ്ട്, സാമൂഹ്യ രാഷ്ട്രീയ സാസംസ്‌കാരിക രംഗത്ത് നടത്തുന്ന ഇടപെടലുകൾ കണ്ട് അസഹിഷ്ണരായ ആളുകൾ ചിന്ത ജെറോമിനെ വ്യക്തിഹത്യ നടത്തുകയാണ്. ഈ വേട്ടയാടലിന്റെ ഭാഗമായാണ് ഒരോ കാര്യങ്ങളും തേടിപ്പിടിക്കുന്നതും വസ്തുതകൾ അന്യേഷിക്കാതെയുള്ള നീക്കങ്ങൾ നടത്തുന്നതും. ഇത്തരം നീചമായ പ്രവർത്തനങ്ങളിലൂടെ, നിരന്തര വേട്ടയാടലിലൂടെ, വിദ്യാർത്ഥി രംഗത്തും യുവജനരംഗത്തും ശക്തമായ സാന്നിദ്ധ്യമായി വളർന്നു വരുന്ന ഒരു മഹിളാനേതാവിനെ തളർത്തിക്കളയാമെന്നും തകർത്ത് കളയാമെന്നും ആരും വ്യാമോഹിക്കണ്ട.

വളർന്നുവരുന്ന നേതൃത്വത്തെ മാനസീകമായി തളർത്തി ഇല്ലാതാക്കി കളയാമെന്നത് ഒരു കോൺഗ്രസ് അജണ്ടയാണ്. സിപിഎമ്മിന്റെ ഭാഗമായി നേതൃനിരയിലേക്ക് വളർന്നു വരുന്ന ആളുകളെ ഒരോരുത്തരേയും തെരെഞ്ഞുപിടിച്ച് അക്രമിക്കുക, അതിലൂടെ അവരുടെ രാഷ്ട്രീയപരമായ വളർച്ചയെ തടയുക എന്നതൊക്കെ ഈ അജണ്ടയിൽ വരും. ഇത് അങ്ങേയറ്റം അപലപനീയമാണ്. തെറ്റുകൾ വന്നുചേരാത്തവരായി ആരുമില്ല മനുഷ്യരിൽ. ഒരുപാട് ശരികൾ ചെയ്യുന്നതിനിടയിൽ അറിയാതെ ചില പിഴവുകൾ വന്നുചേരാം. അതെല്ലാം മനുഷ്യസഹജമാണ്. എഴുത്തിലും വാക്കിലും പ്രയോഗങ്ങളിലും എല്ലാം തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ?. ഇത്തരത്തിലുള്ള കാര്യങ്ങളെ മനുഷ്യത്വപരമായി സമീപിക്കാതെ അതിനെ ഉപയോഗിച്ച് അവരെ ആക്രമിക്കുക എന്നതാണ് ചിന്തക്ക് നേരെ നടക്കുന്നത്.

ഒരോന്നിനെ കുറിച്ചും നിരീക്ഷണം നടത്താനും പരിശോധനകൾ നടത്താനും അതിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങളെ വിശകലനം ചെയ്യാനും എല്ലാം അഥോറിറ്റികൾ ഈ രാജ്യത്തുണ്ട്. അങ്ങിനെയാണ് കാര്യങ്ങളിൽ നിഗമനത്തിലെത്തുന്നത്. അതെല്ലാം അവർ ചെയ്യട്ടെ. അതിനാൽ ഇത്തരം വ്യക്തിഹത്യയിലൂടെ നേതൃപദവിയിലേക്ക് വളർന്നുവരുന്നവരെ ദുർബലപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കം ഉപേക്ഷിക്കപ്പെടേണ്ടതാണ്.