കണ്ണൂർ: സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ ഇ.പി. ജയരാജന്റെ ആത്മകഥ 'ഇതാണ് എൻ്റെ ജീവിതം' നവംബർ മൂന്നിന് പ്രകാശനം ചെയ്യും. കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. മാതൃഭൂമി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. നേരത്തെ 'കട്ടൻ ചായയും പരിപ്പുവടയും' എന്ന പേരിൽ പുറത്തുവന്ന പുസ്തകം ഇ.പി. ജയരാജൻ തൻ്റെ ആത്മകഥയല്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.

തൻ്റെ അനുമതിയില്ലാതെയാണ് ഡി.സി. ബുക്സ് ഈ പുസ്തകം പ്രസിദ്ധീകരിക്കാൻ ശ്രമിച്ചതെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ഇ.പി. ജയരാജന്റെ ആത്മകഥയുടേതെന്ന പേരിൽ ഡി.സി. ബുക്സ് കവർചിത്രം പുറത്തുവിട്ടത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസമായിരുന്നു ഈ സംഭവം. ഇ.പി ജയരാജൻ്റെ വിദ്യാർത്ഥി ജീവിതം മുതലുള്ള രാഷ്ട്രീയജീവിത ചരിത്രമാണ് ആത്മകഥയിൽ പ്രതിപാദിക്കുന്നത്.

ഇതിൽ പാർട്ടിയിലെ ചില സംഭവവികാസങ്ങളും നേതാക്കളുമായുള്ള അടുപ്പവും അകൽച്ചയും മന്ത്രിയായിരുന്ന കാലയളവുമൊക്കെയുണ്ടെന്നാണ് സൂചന. പുതിയ ആത്മകഥയായ 'ഇതാണ് എൻ്റെ ജീവിതം' വഴി ഇ.പി. ജയരാജൻ തൻ്റെ അനുഭവങ്ങളും രാഷ്ട്രീയ ജീവിതത്തിലെ നാൾവഴികളും വായനക്കാരിലേക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിക്കും. ഈ പുസ്തകം ഇ.പി. ജയരാജന്റെ രാഷ്ട്രീയ ജീവിതത്തെയും വ്യക്തിപരമായ അനുഭവങ്ങളെയും കുറിച്ച് കൂടുതൽ ഉൾക്കാഴ്ച നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പരാതിയുടെ അടിസ്ഥാനത്തിൽ ഡി സി ബുക്സ് പബ്ലിക്കേഷൻസ് വിഭാഗം മേധാവി എ വി ശ്രീകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടിരുന്നു. നേരത്തെ ശ്രീകുമാറിന്റെ ജാമ്യഹർജി പരിഗണിക്കുന്നതിനിടെ ഡി സി ബുക്സിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനമുന്നയിച്ചിരുന്നു. എഴുത്തുകാരൻ്റെ അനുമതിയില്ലാതെയല്ലെ ആത്മകഥയുടെ തലക്കെട്ട് തയ്യാറാക്കിയതെന്നും പുസ്തകം പ്രസിദ്ധീകരണത്തിന് നൽകിയതെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.

എഴുത്തുകാരനെ മാനസികമായി ബുദ്ധിമുട്ടിക്കാനാണ് ആത്മകഥ പ്രസിദ്ധീകരിച്ചത് എന്നും എഴുത്തുകാരനെ അപമാനിക്കാനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. പുസ്തകത്തിന്റെ ഉള്ളടക്കം പുറത്തുവിട്ട ഡിസി ബുക്സിന്റെ നടപടി ശരിയാണോ? ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുന്നിൽ നിൽക്കുമ്പോൾ ഇങ്ങനെ ചെയ്തതെന്തിന്? പ്രസിദ്ധീകരിക്കാൻ അനുമതി നൽകാതെ എങ്ങനെ പുസ്തകം പുറത്തുവിടാനാകും? എഴുത്തുകാരനെ അപമാനിച്ചുവെന്നത് വസ്തുതയാണെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു.