കണ്ണൂർ: ഏറെനാളായി മൗനത്തിന്റെ വാത്മീകത്തിലാണ് സഖാവ് ഇ പി ജയരാജൻ. അത്യാവശ്യം ചിലത് തരം പോലെ പൊട്ടിച്ചാലായി. പാർട്ടിയിൽ നിന്ന് അവധി എടുത്തിരിക്കുകയാണെന്നാണ് സഖാക്കളോടും പറഞ്ഞത്. വേണ്ട വിധം പാർട്ടിയിലെ സ്ഥാനക്കയറ്റങ്ങളിൽ, വിശേഷിച്ച് സംസ്ഥാന സെക്രട്ടറി പദവിയിൽ, ഒക്കെ പരിഗണിക്കപ്പെടാത്തതിൽ, ഇ പി ക്ക് വല്ലാതെ പിണക്കമുണ്ടെന്നും ശ്രുതി പരന്നിരുന്നു. 'സിൻഡിക്കേറ്റ്' മാധ്യമ പ്രവർത്തകർ മാത്രമല്ല, പാർട്ടിക്കാരും ഇത് അടക്കം പറഞ്ഞു. എന്തായാലും, വലിയ ഒച്ചപ്പാടൊന്നും ഇല്ലാതെ കഴിഞ്ഞുകൂടിയിരുന്ന കേന്ദ്ര കമ്മിറ്റി അംഗവും, എൽ ഡി എഫ് കൺവീനറുമായ മുതിർന്ന നേതാവിന് എതിരെ പാർട്ടിയിലെ മറ്റൊരു അസംതൃപ്തനായ പി.ജയരാജൻ അനധികൃത സ്വത്തെന്ന കടുത്ത ആരോപണം ഉന്നയിക്കുമെന്ന് ആരും സ്വപ്‌നേപി വിചാരിച്ചില്ല.

വ്യാഴാഴ്ച നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഗുരുതര ആരോപണം ഉന്നയിച്ചത്. പരാതി എഴുതി നൽകണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. തരാമെന്ന് കണ്ണൂരിലെ ചെന്താരകം മറുപടി നൽകുകയും ചെയതു. കണ്ണൂർ ആയുർവേദ മെഡിക്കൽ കെയർ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയെ മറയാക്കി ഇപി ജയരാജൻ കോടികളുടെ അഴിമതി നടത്തിയെന്ന് പി ജയരാജൻ ആരോപിച്ചു. കണ്ണൂരിൽ ജയരാജന്റെ വീടിന് സമീപത്തുള്ള വിലാസത്തിലാണ് കണ്ണൂർ ആയുർവേദ ലിമിറ്റഡ് എന്ന കമ്പനി 2014ൽ സ്ഥാപിതമായത്. ഇപി ജയരാജന്റെ ഭാര്യയും മകനും ഡയറക്ടർമാരായ കമ്പനിയാണ് റിസോർട്ടിന്റെ നടത്തിപ്പുകാർ എന്നാണ് ആരോപണം.

പാർട്ടി നേതാക്കൾ തെറ്റായ വഴിക്ക് സഞ്ചരിക്കുന്നത് തടയാനായി അടിയന്തര കടമകൾ എന്ന രേഖ ചർച്ച ചെയ്യുമ്പോഴാണ് പി.ജയരാജൻ ആരോപണം ഉന്നയിച്ചത്. റിസോർട്ട് നിർമ്മാണ സമയത്ത് തന്നെ ആരോപണം ഉയർന്നിരുന്നതായി ജയരാജൻ ചൂണ്ടിക്കാട്ടി. ആരോപണം നേതൃത്വത്തെ ഞെട്ടിച്ചു.

2014ലാണ് അരോളിയിൽ ഇ.പി.ജയരാജന്റെ വീടിനു തൊട്ടുചേർന്നുള്ള കടമുറിക്കെട്ടിടത്തിന്റെ വിലാസത്തിൽ മൂന്നു കോടി രൂപ മൂലധനത്തിൽ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി രജിസ്റ്റർ ചെയ്തത്. ഇ.പി.ജയരാജന്റെ മകൻ ജയ്‌സണാണു കമ്പനിയിൽ ഏറ്റവുമധികം (2500) ഓഹരിയുള്ള ഡയറക്ടർ. സിപിഎമ്മിന്റ പല സ്ഥാപനങ്ങളും ചില ഉന്നത നേതാക്കളുടെ വീടുകളും നിർമ്മിച്ചുനൽകിയ തലശ്ശേരിയിലെ കെട്ടിട നിർമ്മാണക്കരാറുകാരനാണു ബോർഡ് ഓഫ് ഡയറക്ടേഴ്‌സിലെ മറ്റൊരു പ്രധാനി. മൊറാഴയിലെ ഉടുപ്പക്കുന്ന് ഇടിച്ചുനിരത്തിയാണു റിസോർട്ട് നിർമ്മിക്കുന്നതെന്നു കാണിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് റിസോർട്ട് നിർമ്മാണത്തിനെതിരെ പ്രമേയം പാസാക്കുകയും കലക്ടർക്കു പരാതി നൽകുകയും ചെയ്തിരുന്നു.

2021ൽ ആയുർവേദ റിസോർട്ടിന്റെ ഉദ്ഘാടനത്തെച്ചൊല്ലിയും രാഷ്ട്രീയ വിവാദം ഉയർന്നിരുന്നു. കോൺഗ്രസിൽ കെ.സുധാകരൻ എംപിയുടെ എതിർപക്ഷത്തുനിൽക്കുന്ന കെപിസിസി നിർവാഹക സമിതിയംഗം മമ്പറം ദിവാകരനെയും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുപ്പിച്ചതിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കണ്ണൂർ രാഷ്ട്രീയത്തിൽ മാഫിയ ബന്ധമുണ്ടെന്ന് ആരോപിച്ചുള്ള പോസ്റ്ററുകളാണു കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ പതിച്ചത്. 'സഖാക്കളേ, കുന്നിടിച്ചു റിസോർട്ട്, കൂട്ടിനു മമ്പറം ദിവാകരൻ, രക്തസാക്ഷികൾ സിന്ദാബാദ്' തുടങ്ങിയ വാചകങ്ങളുള്ള പോസ്റ്ററുകളും പതിച്ചിരുന്നു.

പാർട്ടിയുടെ സാമ്പത്തിക ചാലകശക്തി

സിപിഎമ്മുകാർ വികസന വിരോധികൾ എന്നും സാമ്പത്തിക വരട്ടുവാദക്കാർ എന്നും ഒക്കെയുള്ള ചീത്തപ്പേരുകളിൽ നിന്നും മോചിപ്പിക്കാൻ സഖാവ് ഇപി. ജയരാജൻ ലളിതമായ ഒരു കാര്യംപറഞ്ഞു: പാർട്ടിയിൽ കട്ടൻചായയുടെയും പരിപ്പുവടയുടെയും കാലം കഴിഞ്ഞിരിക്കുന്നു! ഒന്നരപ്പതിറ്റാണ്ട് മുമ്പ് ഇ.പി നവമാർക്‌സിസത്തിന് കേരളത്തിൽ ഇത്തരമൊരു സൈദ്ധാന്തിക അടിത്തറ പാകിയപ്പോൾ പാർട്ടി ബുദ്ധിജീവികൾ പുച്ഛിച്ചു. കോർപറേറ്റ് ചാരൻ എന്ന് പരിഹസിച്ചു. പക്ഷേ, ഇ.പിയുടെ സിദ്ധാന്തമാണ് ശരിയെന്ന് കാലം തെളിയിച്ചു. അന്ന് ഇ.പിക്കെതിരെ ഉറഞ്ഞുതുള്ളിയവരെല്ലാമിപ്പോൾ സിൽവർ ലൈനിനുവേണ്ടി ഘോരഘോരം വാദിച്ചുകൊണ്ടിരിക്കുകയാണ്.

പാർട്ടിക്കും  മുതലാളിമാർക്കും ഇടയിലുള്ള പാലമാണ് ഇ പി എന്ന്, അധിനിവേശ പ്രതിരോധ സമിതിയും, അതിന്റെ നേതാക്കളായ കെ സി ഉമേഷ് ബാബുവിനെപ്പോലുള്ളവരും ആരോപിക്കുന്നണ്ട്. പറശ്ശിനിക്കടവിലെ വിസ്മയ അമ്യൂസ്മെന്റ് പാർക്കിന്റെ ആശയം ഇ പിയുടേതായിരുന്നു. കണ്ണൂർ തെക്കിബസാറിൽ മാതൃകാപരമായി പ്രവർത്തിക്കുന്ന മൈത്രി വയോധികസദനത്തിലും ഈ ജനനേതാവിന്റെ സ്നേഹാർദ്രമായ കൈയൊപ്പു കാണാം. പാർട്ടിയുടെ കൃത്യമായ ഫണ്ട് റെയ്‌സറുമാണ് ഇ പി. നായനാർ ഫുട്‌ബോളിൽ ഫാരീസ് അബൂബക്കറിൽനിന്ന് അടക്കം ലക്ഷങ്ങളുടെ സംഭാവന ഇ പി നേടിയെടുത്തു.

ദേശാഭിമാനിയെ ആധുനികവത്കരിച്ച് പ്രൊഫഷണൽ മികവിലേക്ക് നയിച്ചതിൽ ഇ.പിയുടെ പങ്ക് വലുതാണ്. ഇ പി മാനേജർ ആയിരിക്കുന്ന സമയത്ത് ദേശാഭിമാനി സാമ്പത്തികമായി മെച്ചപ്പെട്ടു. പക്ഷേ ലോട്ടറി പരസ്യങ്ങളുടെ പേരിൽ സാന്റിയാഗോ മാർട്ടിനിൽനിന്ന് രണ്ടുകോടി വാങ്ങിയെന്നത്, വലിയ ചർച്ചയായി. വി എസ് പക്ഷം ആഞ്ഞടിച്ചതോടെ, പണം മാർട്ടിന് തിരികെകൊടുത്തു. ഇ പിയുടെ സ്ഥാനവും പോയി. അതുപോലെ സിപിഎം പ്ലീനത്തിന് വിവാദ വ്യവസായി വി എം രാധാകൃഷ്ണന്റെ പരസ്യം ഒന്നാം പേജിൽ കൊടുപ്പിച്ചതിന്റെയും സുത്രധാരൻ ഇ പിയാണെന്ന് ആരോപണമുണ്ട്.

ഇമേജ് ഇടിഞ്ഞത് മന്ത്രി ആയപ്പോൾ

അധികാരം നേതാക്കളെ ദുഷിപ്പിക്കുമെന്ന് ലെനിൻ പറഞ്ഞതിന്റെ ഏറ്റവും നല്ല ഉദാഹരണം ആയിട്ടാണ്, ആർഎംപി അടക്കമുള്ള സിപിഎം വിമർശകർ ഇ പി ജയരാജന്റെ രാഷ്ട്രീയ ജീവിതത്തെ വിലയിരുത്തുന്നത്. ഒന്നാം പിണറായി സർക്കാറിൽ മന്ത്രിയായി ജയരാജൻ എത്തിയപ്പോൾ പ്രതീക്ഷകൾ ഏറെ ആയിരുന്നു. എറ്റവും ഡൗൺ ടു എർത്തായ ഒരു മനുഷ്യന് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നാണ് കരുതിയത്. 2016 മെയ് 25നാണ് പിണറായി വിജയൻ മന്ത്രിസഭയിൽ വ്യവസായം, കായികം എന്നീ വകുപ്പുകളുടെ ചുമതലയേറ്റത്. മന്ത്രിസഭയിൽ രണ്ടാമനായിരുന്ന ഇ പി. പിണറായി കഴിഞ്ഞാൽ അടുത്ത തലവൻ.

പക്ഷേ അദ്ദേഹവുമായി ബന്ധപ്പെട്ട ആദ്യ മാധ്യമ വാർത്തതന്നെ, അന്ന് സ്പോർട്സ് കൗൺസിൽ പ്രസിഡന്റായിരുന്നു, പ്രശസ്ത അത്‌ലറ്റ് അഞ്ജു ബോബി ജോർജിനെ വാക്കുകൾകൊണ്ട് അപമാനിച്ചു എന്നാതായിരുന്നു. പിന്നീടാണ് ബോക്‌സിങ്ങ് ഇതിഹാസം മുഹമ്മദലി മരിച്ചപ്പോൾ, അനുസ്മരണം ചോദിച്ച് വിളിച്ച ചാനൽ റിപ്പോർട്ടറോട്, 'മലയാളിയായ മുഹമ്മദലി' എന്നൊക്കെ തട്ടിവിട്ട് ട്രോൾ ആയത്. അന്നു മുതൽ കേരളത്തിലെ ട്രോളന്മാരുടെ പ്രധാന വേട്ടമൃഗവും വലിയ ശരീരത്തിൽ ചെറിയ മനസ്സുള്ള നേതാവ് തന്നെ!

അങ്ങനെയിരിക്കെയാണ് ബന്ധു നിയമന വിവാദത്തിൽ ഇ പിക്ക് പടിയിറങ്ങേണ്ടി വന്നത്. 2016 ഒക്ടോബർ 14ന് ഇദ്ദേഹം മന്ത്രിപദം രാജി വെച്ചു. എന്നാൽ ഇ.പി. ജയരാജനുൾപ്പെട്ട ബന്ധുനിയമനക്കേസ് നിലനിന്നില്ല. ആർക്കും സാമ്പത്തിക നേട്ടമോ വിലപ്പെട്ട കാര്യസാധ്യമോ ഇല്ലാത്ത സാഹചര്യത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനിൽക്കില്ലെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ഇതോടെയാണ് ജയരാജന്റെ തിരിച്ചുവരവിനു കളമൊരുങ്ങിയത്. വീണ്ടും മന്ത്രിയായി. പക്ഷേ അപ്പോഴും ട്രോളന്മാർ ഇട്ട 'ചിറ്റപ്പൻ' എന്ന പേര് മാത്രം മാറിയില്ല!

വിവാദമായി മകന്റെ റിസോർട്ട്

കോടിയേരിയുടെ മകനെപ്പോലെ ഇ പിയുടെ മകനും വിവാദങ്ങളിൽ പെട്ടത് പുതിയ കഥയല്ല. പാരിസ്ഥിതിക നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് നിർമ്മിച്ച ആയുർവേദ റിസോർട്ടിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇപിയുടെ മകൻ ജെയ്സൺ വിവാദത്തിലായിരുന്നു. ജയരാജന്റെ മകനും വൻ വ്യവസായികളും ചേർന്നാണ് റിസോർട്ട് നിർമ്മിച്ചത്. ആന്തൂർ നഗരസഭയാണ് നിർമ്മാണത്തിന് അനുമതി നൽകിയത്. പ്രവാസി വ്യവസായിയുടെ ഓഡിറ്റോറിയം നിർമ്മാണം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ചുവപ്പുനാടയിൽ കുരുക്കി ആത്മഹത്യയിലേക്ക് നയിച്ച നഗരസഭയാണ് അനധികൃത റിസോർട്ടിന് അനുമതി നൽകിയതെന്നത് മാധ്യമങ്ങൾ കുത്തിപ്പൊക്കി.

കോടികൾ മുടക്കി കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് റിസോർട്ട് നിർമ്മിച്ചത്. ഏഴു പേരാണ് കമ്പനി ഡയറക്ടർമാർ. സ്വർണക്കടത്തു കേസിൽ അന്വേഷണപരിധിയിലുള്ള യുഎഎഫ്എക്സ് എന്ന വിസ സ്റ്റാംപിങ് ഏജൻസിയുടെ ഡയറക്ടർ സുജാതനും റിസോർട്ടിൽ നിക്ഷേപമുണ്ട് എന്നാണ് അന്ന് വാർത്തകൾ പുറത്തുവന്നത്.

ഭരണത്തിന്റെയും രാഷ്ട്രീയ ബന്ധത്തിന്റെയും തണലിൽ കോടിയേരിയുടെയും, ഇ.പി. ജയരാജന്റെയും, മുഖ്യമന്ത്രിയുടേയും മക്കൾ ബിസിനസ് വിപുലപ്പെടുത്തുകയാണെന്ന് ഇതോടെ ആരോപണം ഉയർന്നു. ആർഎംപി നേതാക്കൾ പറയുന്നത് പ്രകാരം, റിയൽ എസ്റ്റേറ്റ് മേഖലയിലടക്കം പല ബിസിനസുകളിലും ഇവർക്ക് പങ്കാളിത്തമുണ്ട്. ഗൾഫിലും ബെംഗളൂരുവിലുമടക്കം ഇവരെല്ലാം നിരവധി ബിസിനസ്സുകളിൽ വ്യാപൃതരാണ്.പാർട്ടിയെ ഹൈജാക്ക് ചെയ്താണ് ഇതെല്ലാം നേടിയെടുക്കുന്നത് എന്നാണ് വിമർശനം. എന്നാൽ എല്ലാം നിയമാനുസൃതമാണെന്നും, തന്റെ മക്കൾ ഒരു നിയമവിരുദ്ധ പ്രവർത്തനവും നടത്തിയിട്ടില്ല എന്നുമാണ് ഇ പി പറയുന്നത്.

അവ്യക്തമായ ആ ചിത്രത്തിന് പിന്നിൽ

സ്വപ്നാ സുരേഷുമായി ചേർന്ന് നിൽക്കുന്നത് ജയരാജന്റെ മകനാണെന്ന തരത്തിൽ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ഇടക്കാലത്ത് പ്രചരിച്ചിരുന്നു. ലൈഫ് മിഷനിൽ മന്ത്രി പുത്രനും കമ്മീഷൻ കിട്ടിയെന്ന് മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തയെ സാധൂകരിക്കും വിധമാണ് ചിത്രം പ്രചരിച്ചത്. ചിത്രം അത്ര വ്യക്തമല്ല. ഈ ചിത്രത്തിന്റെ ആധികാരികത സ്ഥിരീകരിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളും തയ്യാറുമല്ല. അതുകൊണ്ട് തന്നെ ആ വിവാദം ഒഴിഞ്ഞു പോയി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിവാദത്തിലായ യുഎഎഫ്എക്‌സ് സൊല്യൂഷൻസുമായി അന്ന്‌ത്തെ വ്യവസായ മന്ത്രി ഇ.പി ജയരാജന് അടുത്ത ബന്ധമുണ്ടെന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു. മന്ത്രിയുടെ മകൻ ചെയർമാനായ ആയുർവേദ റിസോർട്ടിൽ യുഎഎഫ്എക്‌സ് ഡയറക്ടർക്ക് ബിസിനസ് പങ്കാളിത്തമുണ്ടെന്ന് കോൺഗ്രസ് ചാനലയാ ജയ്ഹിന്ദ് ടിവിയാണ് നൽകിയത്. ഇത് ശരിയുമാണ്.

സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് എൻഫോഴ്സ്മെന്റിന് നൽകിയ മൊഴിയിലാണ് യുഎഎഫ്എക്സിനെ കുറിച്ച് പ്രതിപാദിക്കുന്നത്. തന്റെ ലോക്കറിൽ നിന്ന് കണ്ടെടുത്ത ഒരു കോടി രൂപ യുഎഎഫ്എക്സ് ഉൾപ്പെടെയുള്ള കമ്പനികൾ യുഎ ഇ കോൺസുലേറ്റുമായി നടത്തിയ ഇടപാടിൽ ലഭിച്ച കമ്മീഷൻ എന്നായിരുന്നു മൊഴി. ഇതിൽ എൻഫോഴ്‌സ്‌മെന്റ് ഉൾപ്പെടെ അന്വേഷണം നടത്തുന്നുണ്ട്. യുഎഎഫ്എക്‌സ് സൊല്യൂഷൻ ഡയറക്ടർ സുജാതന്റെ ഉടമസ്ഥതയിലുള്ള മാർബിൾ വിപണന ശൃംഖലയുടെ ഉദ്ഘാടനത്തിൽ ഇ.പി. ജയരാജന്റെ സാന്നിധ്യമുണ്ട്. ഇ.പി.ജയരാജന് ഇദ്ദേഹത്തിന്റെ വ്യവസായ സംരഭങ്ങളിൽ നിക്ഷേപമുണ്ടെന്നാണ് സിപിഎം നേതാക്കൾക്കിടയിലെ സംസാരമെന്നും ജയ്ഹിന്ദ് ടിവി വാർത്ത കൊടുത്തിരുന്നു.

സുജാതൻ ഡയറക്ടറായ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാൻ ജയരാജന്റെ മകൻ പുതുശ്ശേരി കോറോത്ത് ജയ്സൺ ആണെന്നത് ഇതിന്റെ ഏറ്റവും വലിയ തെളിവാണ്. 2014 മുതൽ ജയ്‌സൺ കമ്പനിയിൽ ഡയറക്ടറാണ്. 2021ലാണ് അമ്മ ഇന്ദിരയും ഡയറക്ടർ ബോർഡിലെത്തി. ഇതിന് പിന്നാലെ തന്നെ പാർട്ടിയിൽ വീണ്ടും രഹസ്യമായി ഈ ചർച്ച ഉയർന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ചേർന്ന് നിന്ന ഇപിക്കെതിരെ ആരും മിണ്ടിയില്ല. കോടിയേരിയുടെ മരണത്തോടെ സമവാക്യങ്ങൾ മാറി. എംവി ഗോവിന്ദൻ സെക്രട്ടറിയായി. പിന്നാലെ കണ്ണൂരിലെ സിപിഎം രാഷ്ട്രീയത്തിലും മാറ്റമുണ്ടായി. ഈ സാഹചര്യത്തിലാണ് ഇപിക്കെതിരെ പിജെ എത്തുന്നതെന്നും ശ്രദ്ധേയമാണ്.

പിണറായിയുടെ 'സുഗ്രീവൻ'

സിപിഎമ്മിൽ പിണറായി ഭക്തിയിൽ സുഗ്രീവനാണ് ഇ പിയെന്നാണ് അഡ്വ ജയശങ്കറിനെപ്പോലുള്ള രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ലാവ്‌ലിൻ കേസിൽ പിണറായി വിജയന് നേരെയുണ്ടായ ആക്രമണത്തെ ഏറ്റവും ശക്തമായി നേരിട്ടത് ഇ പിയാണ്. പൊതുയോഗങ്ങളിൽ നെഞ്ചത്തെ രോമം പറിച്ച്, ആകാശത്തേക്ക് ഊതിവിട്ട് അദ്ദേഹം സിബിഐയെ വെല്ലുവിളിച്ചു. ലാവലിൻ കേസിൽ ഒരു കാലിച്ചായ പിണറായി കുടിച്ചോ എന്ന് ചോദിച്ച് ആഞ്ഞടിച്ചു. അതുകൊണ്ടുതന്നെ വി എസ് അച്യുതാനന്ദന്റെ കണ്ണിലെ കരടായിരുന്നു ഇ പി. അദ്ദേഹം ദേശാഭിമാനിയിൽ ഇരിക്കുമ്പോൾ ഉണ്ടായ പല വാർത്തകൾക്കും പിന്നിൽ വി എസ് പക്ഷം തന്നെ ആയിരുന്നു.

ഓരോതവണയും ഇ പി കുടുങ്ങുമ്പോൾ രക്ഷിച്ചതും പിണറായി തന്നെ. ബന്ധു നിയമനത്തിൽ മന്ത്രിസ്ഥാനം പോയത് തിരിച്ചുകിട്ടിയത് തൊട്ട്, ദേശാഭിമാനി വിവാദത്തിലെ നടപടി ഒഴിവായത് അടക്കമുള്ള എത്രയോ ഉദാഹരണങ്ങൾ. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് സിപിഎം രണ്ടുടേം നിബന്ധന കർശനമാക്കിയതോടെ ഇ പിക്കും സീറ്റ് കിട്ടിയില്ല. അതിൽ അൽപ്പം അതൃത്പിയുള്ളപോലെ ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന, കടുത്ത രാഷ്ട്രീയ പ്രസ്താവന നടത്തിയപ്പോൾ, ഈ നേതാവിന്റെ വനവാസമാണ് പലരും പ്രവചിച്ചത്. പക്ഷേ പിണറായി ഇ പിയെ കൈവിട്ടില്ല. അദ്ദേഹം എൽഡിഎഫ് കൺവീനർ എന്ന സുപ്രധാന ചുമതലയുമായി വൈകാതെ തിരുവനന്തപുരത്ത് എത്തി. ചുമതലയേറ്റതും ഇ പി വീണ്ടും വിവാദത്തിൽ പെട്ടു. പ്രതിപക്ഷത്തുള്ള മുസ്ലിം ലീഗിനെ, എൽഡിഎഫിലേക്ക് എത്തിക്കാനുള്ള ചൂണ്ട എന്ന രീതിയിലുള്ള ഇ പിയുടെ മുന്നണി വിപുലീകരണ പ്രസ്താവനകൾ വൻ വിവാദമായി. ട്രോളുമായി.

പിണറായിയെക്കുറിച്ച് ഒരു അഭിമുഖത്തിൽ ഇ പി ഇങ്ങനെ പറയുന്നു. 'ഒരു ജ്യേഷ്ഠ സഹോദരനായി കാണുന്ന അദ്ദേഹത്തോട് ആഴമേറിയ ആത്മബന്ധമാണുള്ളത്. രാഷ്ട്രീയ രംഗത്ത് അദ്ദേഹം നൽകിയ പ്രോത്സാഹനവും പിന്തുണയും എനിക്ക് പറഞ്ഞറിയിക്കാനാവില്ല. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം താങ്ങും തണലുമായി, സഹോദരതുല്യനായി കൂടെ നിന്നു. അദ്ദേഹത്തിന്റെ കുടുംബവുമായും ഏറെ അടുപ്പമുണ്ട്. തിരിച്ചും അങ്ങനെ തന്നെ. പിണറായിലെ വീട്ടിലെത്തിയപ്പോഴെല്ലാം ഒരു കുടുംബാംഗത്തിന്റെ സ്‌നേഹവും സ്വാതന്ത്ര്യവും അനുഭവിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അമ്മ എന്നെ സ്വന്തം മകനെ പോലെയാണ് കണ്ടിരുന്നത്. ജ്യേഷ്ഠനുമായുമൊക്കെ ബന്ധമുണ്ടായിരുന്നു.

പിണറായി വിജയൻ അതിധീരനാണ്, കരുത്തൻ, അദ്ദേഹം നല്ല നീന്തൽ വിദഗ്ധനാണ്, നല്ല കായികാഭ്യാസിയാണ്. അത് പക്ഷേ നിങ്ങളിൽ പലർക്കും അറിയില്ല. അദ്ദേഹം നല്ല ഫിസിക്കൽ പരിശീലകൻ. ഞാൻ പഠിക്കുന്ന കാലത്ത് അദ്ദേഹത്തിന് കീഴിൽ നീന്തൽ പരിശീലിച്ചിട്ടുണ്ട്. അദ്ദേഹം നന്നായി തമാശ പറയും. രസകരമായി തമാശകൾ പറയും. പാട്ട് പാടുന്നത് ഞാൻ കണ്ടിട്ടുണ്ട്, എന്നൊക്കെ ഇപി വാഴ്‌ത്തിയിട്ടുണ്ട്. റിസോർട്ട് വിവാദത്തിൽ ആപത്ബാന്ധവനെ പോലെ പിണറായി ഇപിയെ രക്ഷിക്കാൻ എത്തുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.