ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയും വ്യാപാരി-വ്യവസായി ഏകോപനസമിതിയും ചേർന്ന് നടത്തിയ നഗരോത്സവം എന്ന പരിപാടിയിൽ ഗാനമേള നടത്തിയതുമായി ബന്ധപ്പെട്ട് വിവാദം. മലബാറിലെ പ്രമുഖ സംഗീത കുടുംബമായ സജ്‌ല സലീം - സജിലി സലീം എന്നിവർ പങ്കെടുത്ത ഗാനമേളയെ ചൊല്ലിയാണ് ആസ്വാരസ്യങ്ങൾ ഉണ്ടായത്. സംഘാടനത്തിലെ ചില പ്രശ്‌നങ്ങളും സൗകര്യങ്ങൾ ഒരുക്കുന്നതിലെ വീഴ്‌ച്ചക്കുമൊപ്പം കാണികളിൽ ചിലർ മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ എന്നു വാശിപിടിച്ചതുമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.



ഗാനമേളക്കിടെ സജ്‌ല സലിമിനെ അധിക്ഷേപിക്കും വിധത്തിൽ സംസാരിച്ചയാളെ ഗായിക വേദിയിലേക്ക് വിളിച്ചു വരുത്തി ശകാരിക്കുകയും ചെയ്തു. ഈ വീഡിയോ സൈബറിടത്തിലും വൈറലാണ്. മാപ്പിളപ്പാട്ടായിരുന്നു ഗാനമേളാ സംഘം കൂടുതലായി ആലപിച്ചത്. ഇതിനിടെ സദസ്സിന്റെ കൂടി താൽപ്പര്യം മുതലെടുത്തു മറ്റു ഗാനങ്ങലും ഇവർ ആലപിക്കുകയുണ്ടായി. മികച്ച ഗാനമേള ആയതിനാൽ തന്നെ സ്ത്രീകളും കുട്ടികളും അടക്കമുള്ള വലിയ ആൾകൂട്ടം തന്നെ വീക്ഷിക്കാനുമെത്തി.

ഗാനമേള പുരോഗമിക്കവേയാണ് സദസ്സിൽ നിന്നും ഒരാൾ മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ എന്നും, സദസ്സിലുള്ള പ്രേക്ഷകരുമായി സംവദിക്കരുതെന്നും പറഞ്ഞു കൊണ്ട് രംഗത്തുവന്നത്. അല്ലാത്ത പക്ഷം അടിക്കുമെന്നുമൊക്കെയായിരുന്നി ഇയാൾ പറഞ്ഞത്. എന്നാൽ, ഈ ഭീഷണിയെ സജ്‌ല സലിം വേദിയിൽ വെച്ചു തന്നെ നേരിട്ടു. മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ തല്ലു കൊള്ളും എന്ന് ഭീഷണിപ്പെടുത്തിയത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് ഗായിക വ്യക്തമാക്കി.

അടക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആളെ ചൂണ്ടിവിളിച്ചു ഗായിക 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നും അവർ പറഞ്ഞു. എല്ലാവരും ഗാനമേള ആസ്വദിക്കാനാണ് വന്നതെന്നും വ്യക്തമാക്കി. ഇതോടെ ഗായികയ്ക്ക് കൈയടിക്കുകയും ചെയ്തു പ്രേക്ഷകർ. എന്നാൽ, ഇതിന് ശേഷം ഗാനമേള അവസാനിച്ചതിന് ശേഷം ഗാനമേളാ സംഘത്തെ കുറ്റപ്പെടുത്തി കൊണ്ട് വ്യാപാരി വ്യവസായി പ്രസിഡന്റ് ഖാദറും രംഗത്തുവന്നു.

ഈ വാക്കുകളും വിവാദമായി, ഗാനമേളക്കാരെ വാരി അലക്കാതെ വിട്ട നാട്ടുകാർക്ക് നന്ദിയെന്ന് പറഞ്ഞായിരുന്നു വ്യാപാരി വ്യവസായി നേതാവ് രംഗത്തുവന്നത്. അഹങ്കാരിയായ പാട്ടുകാരിയാണെന്നും പറഞ്ഞിരുന്നു. ഒരു ലക്ഷം മുടക്കി ബുക്ക് ചെയ്ത് പതിനായിരം രൂപം അഡ്വാൻസ് കൊടുത്തു. ഈരാറ്റുപേട്ടയിൽ എത്തിയപ്പോൾ സൗകര്യം ഒരുക്കിയെന്നും പറഞ്ഞു. എന്നാൽ, ആദ്യം ലോഡ്ജ് സൗകര്യം ഒരുക്കിയതിൽ അതൃപ്തി രേഖപ്പെടുത്തിയെന്നും ഗാനമേള മുഴുവിപ്പിക്കും മുമ്പും ഗായിക പോയെന്നും വ്യാപാരി നേതാവ് കുറ്റപ്പെടുത്തി. ഈ വീഡിയോയും സൈബറിടത്തിൽ ഉണ്ടായി.

എന്നാൽ സംഘാടകർ വേണ്ട സൗകര്യങ്ങൾ ഒരുക്കിയിരുന്നില്ലെന്നാണ് സജ്‌ല പറയുന്നത്. സംഘടകർ പറുയുന്ന കാര്യങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അവർ വ്യക്തമാക്കി. റയീസ് എന്ന ആളുമായിട്ടായിരുന്നു ഗാനമേളയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചിരുന്നത്. ഏൽപ്പിക്കുമ്പോൾ തന്നെ രണ്ടര, മൂന്ന് മണിക്കൂറാണ് ഷോ ഉണ്ടാകുക എന്നു വ്യക്തമാക്കിയിരുന്നു. ഏഴ് മണി മുതൽ പത്ത് മണി വരെ എന്ന സമയമാണ് പറഞ്ഞിരുന്നതും. പത്ത് മണിക്ക് കഴിഞ്ഞാൽ 12 മണിക്ക് മടങ്ങാം എന്ന വിധത്തിലായിരുന്നു ക്രമീകരണം. പാലയിൽ മറ്റൊരു ഷോ ഉള്ളതു കൊണ്ട് സജ്‌ല പാലയിൽ തങ്ങാനും സഹോദരി സജിലി ട്രെയിനിൽ മടങ്ങാനുമായിരുന്നു പദ്ധതി.

ഇക്കാര്യങ്ങളെല്ലാം റയീസിനോട് പറഞ്ഞിരുന്നത്. എന്നാൽ ഷോ തുടങ്ങാൻ വൈകി. അതുകൊണ്ട് തന്നെ സിജിലിക്ക് പോകേണ്ടി വന്നു. എന്നാൽ, സജ്‌ല ഗാനമേളയിൽ തുടരാനായിരുന്നു പദ്ധതിയിട്ടത്. സജിലി പോകുന്ന കാര്യം സംഘാടകരെ അറിയിച്ചപ്പോൾ തീർത്തും മാന്യമല്ലാത്ത രീതിയിൽ പ്രതികരിച്ചുവെന്നുമാണ് സജ്‌ല പറയുന്നത്. അതിനിടെ സംഘാടകർ സജിലിയെ പോകാൻ അനുവദിക്കുകയും ചെയ്തില്ല. ഇതോടെ സ്‌റ്റേജിൽ പെർഫോം ചെയ്യാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് താനെന്നും സജ്‌ല പറയുന്നു. സംഘാടകരോട് എന്താണ് ഇവിടെ സംഭവിക്കുന്നത് എന്നാണ് ചോദിച്ചത്. എന്നാൽ, ഇക്കാര്യങ്ങളെല്ലാം റയീസ് എന്ന സംഘാടകനെ അറിയിച്ചിരുന്നതാണെന്നും ഗായിക വ്യക്തമാക്കി. ഇതിന് വ്യക്തമായ തെളിവുണ്ടെന്നും അവർ വ്യക്തമാക്കി.
മലബാറിൽ മാപ്പിള പാട്ടിനെ ജനകീയമാക്കിയ കണ്ണൂർ സലീമിന്റെ മക്കളാണ് സജ്‌ലയും സിജിലിയും. പതിനഞ്ചോളം സിനിമകളിൽ ഗാനങ്ങളാലപിച്ച സലീം അകാലത്തിൽ വാഹനാപകടത്തെത്തുടർന്നാണ് മരണമടഞ്ഞത്. അദ്ദേഹം പാടി ഫലിപ്പിച്ച പല ഗാനങ്ങളും ഇന്നും നമ്മുടെ കാതുകൾക്ക് കുളിരു പകരുന്നുണ്ട്. എന്തിനാണീ കള്ള നാണം,യാ ഹബീബി തുടങ്ങി സൂപ്പർ ഹിറ്റ് ഗാനങ്ങൾക്ക് ശബ്ദമായിട്ടുണ്ട് കണ്ണൂർ സലീം. തന്റെ സംഗീത പാരമ്പര്യം കൈവിടാത്ത ഒരു തലമുറയെ വാർത്തെടുത്താണ് കണ്ണൂർ സലീം വിട വാങ്ങിയത്. വീടകത്തു നിന്നു തന്നെ ഒരു ട്രൂപ്പിനെ വാർത്തെടുത്താണ് അദ്ദേഹം യാത്രയായത്. തന്റെ നാലു മക്കളേയും അദ്ദേഹം സംഗീതലോകത്തേക്ക് കൈപിടിച്ചു നടത്തുകയായിരുന്നു. സലീജ് സലീം, സജ്‌ല സലീം, സലീൽ സലീം, സജ്‌ലി സലീം എന്നീ നാല് മക്കളും കണ്ണൂർ സലീമിന്റെ പാതയിൽ ഇപ്പോഴും സജീവമാണ്.