കൊച്ചി: ക്രമാതീതമായി ഗ്യാസ് കത്തിത്തീരുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് സ്റ്റൗവിന്റെ നിര്‍മാണത്തിലെ ഗുരുതര പിഴവ്. എന്നാല്‍ റിയപ്പര്‍ ചെയ്യുന്നതിന് മുന്‍കൂര്‍ തുക നല്‍കണമെന്നാണ് കമ്പനി ആവശ്യപ്പെട്ടത്. ഇതോടെയാണ് നിര്‍മ്മാണ തകരാര്‍ ചൂണ്ടിക്കാട്ടി മൂവാറ്റുപുഴ സ്വദേശി കെ ജെ വിജയകുമാര്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. സ്റ്റൗവിന്റെ വില്പനയ്ക്ക് മുന്‍പ് ഗുണനിലവാരമോ സുരക്ഷാ പരിശോധനയോ നടത്തിയിട്ടില്ലെന്ന ഗുരുതര ആരോപണവും പരാതിക്കാരന്‍ ഉന്നയിച്ചു. ഇതിലാണ് ഉപഭോക്തൃ കോടതിയുടെ നിര്‍ണായക ഉത്തരവ്.

സ്റ്റൗ നിര്‍മിച്ച ഡല്‍ഹിയിലെ സണ്‍ബ്ലേയ്‌സ്, വിതരണം ചെയ്ത റിയോ ഇന്റര്‍നാഷണല്‍ ഇടപ്പള്ളി, വില്‍പന നടത്തിയ ബിസ്മി ഹോം അപ്ലയന്‍സസ് എന്നിവര്‍ക്കെതിരെയാണ് പരാതി. 2019 മെയ് ഏഴിനാണ് 12700/ രൂപ നല്‍കി പരാതിക്കാരന്‍ ഗ്യാസ് സ്റ്റൗ വാങ്ങിയത്. മുന്‍പത്തേക്കാള്‍ വേഗത്തില്‍ സിലിണ്ടര്‍ കാലിയാകുന്നു എന്ന് ആദ്യം തന്നെ തിരിച്ചറിഞ്ഞു. 45 ദിവസം ഉപയോഗിക്കാവുന്ന പാചകവാതകത്തിന്റെ ഉപയോഗം 15 ദിവസമായി ചുരുങ്ങി. ടെക്‌നീഷ്യന്‍ പരിശോധിച്ച് ബര്‍ണറിന്റെ തകരാറ് കണ്ടെത്തിയെങ്കിലും മാറ്റിനല്‍കാന്‍ അവര്‍ തയ്യാറായില്ല. മാത്രമല്ല റിപ്പയര്‍ ചെയ്തതിന് 5,500 / രൂപ മുന്‍കൂര്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു.

ഇതോടെയാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. റിപ്പയര്‍ ചെയ്തു നല്‍കാനോ, പകരം സ്റ്റൗ നല്‍കാനോ തയ്യാറാകാത്തത് എതിര്‍കക്ഷിയുടെ നടപടി സേവനത്തിലെ ന്യൂനതയാണെന്ന് പരാതിക്കാരന്‍ ഉന്നയിച്ചു. എന്നാല്‍ ഉല്‍പ്പന്നത്തിന്റെ വാറണ്ടി കഴിഞ്ഞാണ് തകരാര്‍ സംഭവിച്ചതെന്നും, അതിനാല്‍ സൗജന്യമായി നല്‍കാന്‍ കഴിയില്ലെന്നും, പരാതി തള്ളിക്കളയണമെന്നും എതിര്‍കക്ഷി കോടതി മുമ്പാകെ ബോധിപ്പിച്ചു.

തകരാറുള്ള സ്റ്റൗ ഉപയോഗിച്ച് പാചകം ചെയ്തത് കുടുംബത്തിന്റെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ പുലര്‍ത്തേണ്ട സുരക്ഷയും ഗുണമേന്മയും ഉറപ്പുവരുത്തുക എന്നത് നിര്‍മ്മാതാക്കളുടെ നിയമപരമായ കര്‍ത്തവ്യമാണ്. അത് ചെയ്യാതിരിക്കുന്നത് നിര്‍മ്മാണപരമായ ന്യൂനതയായി തന്നെ പരിഗണിക്കേണ്ടതുണ്ട്. വിതരണക്കാരനും വില്പനക്കാരനും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട് എന്നും കമ്മീഷന്‍ വിലയിരുത്തി.

ഇത്തരം ഗൗരവകരമായ ന്യൂനത യഥാസമയം പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തുന്നത് തന്നെ സേവനത്തിലെ ന്യൂനതയാണ്. ഉല്‍പ്പന്നം കമ്പോളത്തില്‍ ഇറങ്ങുന്നതിന് മുമ്പ് തന്നെ വ്യാപാരികള്‍ പുലര്‍ത്തേണ്ട ഉത്തരവാദിത്വവും സുരക്ഷാ ജാഗ്രതയും അടിവരയിടുന്നത് കൂടിയാണ് ഈ പരാതി എന്ന് ഡി.ബി.ബിനു അധ്യക്ഷനും വി.രാമചന്ദ്രന്‍, ടി.എന്‍.ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇത്തരം വീഴ്ചകളുടെ അടിസ്ഥാനത്തില്‍ ഉത്പന്നത്തിന്റെ വിലയായ 12,700/ രൂപയും, നഷ്ടപരിഹാരമായി 5,000/ രൂപയും, കോടതി ചെലവായി 5000 രൂപയും 45 ദിവസത്തിനകം പരാതിക്കാരന് നല്‍കാനാണ് ഉത്തരവ്. പരാതിക്കാരന് വേണ്ടി അഡ്വ. ടോം ജോസഫ് ഹാജരായി.