- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അനിലിന്റെ തെറ്റ് കണ്ടുപിടിച്ചത് താനാണ്, അതിലുള്ള വൈരാഗ്യമാണ് ആരോപണങ്ങൾക്ക് പിന്നിൽ; ആശുപത്രിയിൽ തന്റെ കാലിൽ വീണ് മാപ്പുപറഞ്ഞു; കേസിൽ പ്രതിയായപ്പോൾ നിലപാട് മാറ്റി'; ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് എറണാകുളം മെഡിക്കൽ കോളേജ് സൂപ്രണ്ട്
കൊച്ചി: എറണാകുളം മെഡിക്കൽ കോളജിൽ നിന്ന് വ്യാജ ജനന സർട്ടിഫിക്കറ്റ് നൽകിയ കേസിൽ പ്രതിയും അഡ്‌മിനിസ്ട്രേറ്റീവ് അസിസ്റ്റന്റുമായ അനിൽകുമാറിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് കളമശേരി മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ഗണേശ് മോഹൻ. തന്നെ തകർക്കാൻ ശ്രമിക്കുന്നെന്ന് ഡോ. ഗണേശ് മോഹൻ ആരോപിച്ചു. അനിലിന്റെ തെറ്റ് കണ്ടുപിടിച്ചത് താനാണ്. അതിലുള്ള വൈരാഗ്യമാണ് ആരോപണങ്ങൾക്ക് പിന്നിലെന്നും ഗണേശ് മോഹൻ മാധ്യമങ്ങളോട് പറഞ്ഞു.
വ്യാജ ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഓഫീസിലേക്ക് വിളിച്ചുവരുത്തിയപ്പോൾ ക്ഷമിക്കണമെന്നാണ് അനിൽ തന്നോട് പറഞ്ഞത്. അനിൽ ആശുപത്രിയിൽ തന്റെ കാലിൽ വീണ് മാപ്പ് പറഞ്ഞു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ട്. കേസിൽ പ്രതിയായപ്പോൾ അനിൽ നിലപാട് മാറ്റിയെന്നും ഗണേശ് മോഹൻ പറഞ്ഞു.
മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകൻ സ്ഥിരമായി ആശുപത്രിയിൽ ചികിത്സ തേടി വരുന്നയാളാണ്. ചികിത്സയിലായിരുന്നതുകൊണ്ട് ഒരു ദിവസം പ്രൈവറ്റ് സെക്രട്ടറിയുടെ മകന് കോളജിൽ പോകാൻ സാധിച്ചില്ല. ഒരു ദിവസത്തേയ്ക്കുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് വേണമെന്ന് പറഞ്ഞു. സ്ഥിരമായി ചികിത്സ തേടി വരുന്നയാൾ എന്ന നിലയിലാണ് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയതെന്നും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകന് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകി എന്ന ആരോപണത്തിന് മറുപടിയായി ഗണേശ് മോഹൻ പറഞ്ഞു.
കാന്റീൻ നടത്തിപ്പുമായി ബന്ധപ്പെട്ട അനിൽ കുമാറിന്റെ ആരോപണവും സൂപ്രണ്ട് തള്ളി. മെഡിക്കൽ കോളജിന്റെ കാന്റീൻ ഇ- ടെൻഡർ വഴിയാണ് വിളിക്കുന്നത്. ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി നിശ്ചയിച്ച തുക തന്നെയാണ് വാടകയായി വാങ്ങുന്നത്. ഇ-ടെൻഡർ വിളിച്ച് ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി നിശ്ചയിച്ച തുക വാടകയായി വാങ്ങുന്നതിൽ താൻ എന്തു അഴിമതി നടത്താൻ ആണെന്നും അദ്ദേഹം ചോദിച്ചു.
ഡോ. ഗണേശ് മോഹന്റെ നിർദേശപ്രകാരമാണ് വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയത് എന്നായിരുന്നു അനിൽകുമാറിന്റെ മുഖ്യ ആരോപണം. തന്നെ ബലിയാടാക്കി രക്ഷപ്പെടാൻ ചിലർ ശ്രമിക്കുകയാണെന്നും അനിൽ കുമാർ ആരോപിച്ചു. സർട്ടിഫിക്കറ്റിനുള്ള പൂരിപ്പിച്ച അപേക്ഷ ആശുപത്രി ജീവനക്കാരൻ എത്തിച്ചു നൽകി. സൂപ്രണ്ട് നിർദേശിച്ചുവെന്ന് പറഞ്ഞതിനാലാണ് ജീവനക്കാരി ജനന സർട്ടിഫിക്കറ്റ് നൽകിയത് എന്നുമാണ് അനിൽകുമാർ ആരോപിച്ചത്.
സംഭവത്തിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് അനിൽ കുമാറിനെതിരെ കേസെടുത്ത് കളമശേരി പൊലീസ് അന്വേഷണം നടത്തിവരികയാണ്. വ്യാജ രേഖ ചമയ്ക്കൽ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. സംഭവം വിവാദമായതിനെ തുടർന്ന് അനിൽകുമാറിനെ സസ്‌പെൻഡ് ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ