കോട്ടയം: എരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. പുറത്തേൽ സ്വദേശി ചാക്കോച്ചൻ(65) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്ലാവനാക്കുഴിയിൽ തോമാച്ചനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കണമല അട്ടിവളവിൽ രാവിലെ എട്ടിനാണ് സംഭവം. മരിച്ചയാൾ വീടിന്റെ പൂമുഖത്ത് ഇരിക്കുകയായിരുന്നു. ഇതിനിടെ പാഞ്ഞുവന്ന കാട്ടുപോത്ത് ഇയാളെ ആക്രമിച്ചു. ചാക്കോച്ചൻ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ബഹളം വച്ചതോടെ കാട്ടുപോത്ത് ഒഴിഞ്ഞ പറമ്പിലേയ്ക്ക് ഓടി. പരിക്കേറ്റയാൾ തോട്ടത്തിൽ ജോലിയിലായിരിക്കേയാണ് ആക്രമണമുണ്ടായത്. ഇരുവരെയും ആക്രമിച്ച ശേഷം കാട്ടുപോത്ത് കാടിനകത്തേക്ക് ഓടി.

പരിക്കേറ്റയാളെ പ്രദേശവാസികൾ റബ്ബർ തോട്ടത്തിൽനിന്ന് എടുത്തുകൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഇയാളുടെ കാലുകൾക്ക് സാരമായ പരിക്കേറ്റു.