- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജേഷിന് മുൻപിൽ പൊലീസും സല്യൂട്ടടിച്ചു; അപകടത്തിൽ പെട്ട തീർത്ഥാടക സംഘത്തിനായി പിറ്റേന്ന് വരെ ഉറക്കമൊഴിച്ച് സഹായം; കുട്ടി മരിച്ച പിതാവിന് സാന്ത്വനമായി ഒപ്പം; റബർ തോട്ടത്തിൽ ഉപേക്ഷിച്ച 18 ഇരുമുടി കെട്ടുകൾ ശബരിമലയിലെത്തിച്ച് നെയ്യഭിഷേകം നടത്തി; എരുമേലി കണ്ണിമല അപകടം കണ്മുമ്പിൽ കണ്ട രാജേഷിന് 10 വയസുകാരിയുടെ മരണം തീരാനൊമ്പരം
എരുമേലി: ഡിസംബർ 16 നാണ് എരുമേലിക്ക് സമീപം കണ്ണിമലയിൽ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുന്നത്. തമിഴ്‌നാട് ചെന്നൈ താമ്പ്രം സ്വദേശികളായ 21 തീർത്ഥാടകരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. കുത്തിറക്കം ഇറങ്ങി വരും വഴി ഇവർ സഞ്ചരിച്ചിരുന്ന മിനി വാൻ വളവിൽ നിയന്ത്രണം വിട്ട് ഇറക്കത്തിലേയ്ക്ക് മറിഞ്ഞു. അപകടത്തിൽ പതിനെട്ടോളം പേർക്ക് പരുക്കേൽക്കുകയും സംഘത്തിലുണ്ടായിരുന്ന രാമുവിന്റെ മകൾ സംഘമിത്ര (10) മരണപ്പെടുകയും ചെയ്തു.
അപകടം മുന്നിൽ കണ്ട രാജേഷ് എന്നയാൾ തീർത്ഥാടക സംഘത്തെ രക്ഷപ്പെടുത്തി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുമ്പോൾ മുതൽ പിറ്റേന്ന് വരെ സഹായവുമായി നിൽക്കുകയും റബർ തോട്ടത്തിൽ ഉപേക്ഷിച്ച ഇരുമുടിക്കെട്ടുകൾ മുണ്ടക്കയത്തുള്ള ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ സേവന കേന്ദ്രത്തിലെത്തിക്കുകയും അവിടെ നിന്നും തീർത്ഥാടക സംഘം ശബരിമലയിലെത്തിച്ച് നെയ്യ്അഭിഷേകം നടത്തുകയും ചെയ്തു. പ്രസാദവും അരവണയുമെല്ലാം തീർത്ഥാടകർക്ക് എത്തിച്ചു നൽകുന്നതിനുള്ള തയ്യാറെടുപ്പിലാണ് രാജേഷ്. അപകടത്തിൽ മരിച്ച കുട്ടിയുടെയും പിതാവിന്റെയും കുട്ടിയുടെയും അമ്മാവന്റെയും ഇരുമുടികൾ അഴുതയാറ്റിൽ ഒഴുക്കി. മറ്റു 18 പേരുടെയും ഇരുമുടി കെട്ടിലുണ്ടായിരുന്ന നെയ്യ് തേങ്ങ ഉൾപ്പെടെ വഴിപാട് സാധനങ്ങൾ ശബരിമലയിലെത്തിച്ചു. ഓരോരുത്തരുടെയും ഇരുമുടി തിരിച്ചറിയുന്നതിനായി നമ്പറുകൾ ഉണ്ടായിരുന്നു.
അപകടം കണ്ട സമീപവാസികളാണ് രക്ഷാപ്രവർത്തനത്തിനായി ആദ്യം ഓടിയെത്തിയത്. ഉച്ചവരെ ജോലി മതിയാക്കി പുലിക്കുന്ന് കറുകംപള്ളി രാജേഷ് വീട്ടിലേയ്ക്കു സുഹൃത്തിന്റെ ബൈക്കിൽ പോകുമ്പോഴാണ് അപകടം കാണുന്നത്. രാജേഷും നാട്ടുകാരും ചേർന്ന് ആദ്യം കുട്ടിയെ അതുവഴി വന്ന ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിലേയ്ക്ക് അയച്ചു. തുടർന്ന് പരുക്കേറ്റ സ്വാമിമാരുമായി രാജേഷ് എരുമേലി സർക്കാർ ആശുപത്രിയിലും പിന്നീട്് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലുമെത്തിച്ചു. പൊലീസും ഫയർ ഫോഴ്്സും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുമെത്തിയിരുന്നു.
എരുമേലിയിലെ സർക്കാർ ആശുപത്രിയിലെത്തിക്കുമ്പോൾ പരുക്കേറ്റ സ്വാമിമാർക്കൊപ്പം ആംബുലൻസിൽ പോകാൻ ആരുമില്ലായിരുന്നു. അവരുടെ ദയനീയ അവസ്ഥ കണ്ട് രാജേഷും ഇവർക്കൊപ്പം കയറി. മരിച്ച കുട്ടിയുടെ പിതാവിനൊപ്പം രാജേഷ് ഉണ്ടായിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടയിലാണ് കുട്ടി മരിച്ച വിവരം പിതാവ് അറിയുന്നത്. രാജേഷ് ഒപ്പം നിന്ന് അയാളെ സാന്ത്വനിപ്പിച്ചു. പിന്നീട് കുട്ടിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി വീട്ടിലേയ്ക്ക് കൊണ്ടുപോകുന്നത് വരെ രാജേഷ് ഇവർക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്നു. തിരികെ പോകാനുള്ള വണ്ടിക്കൂലി പോലും രാജേഷ് കരുതിയിരുന്നില്ല. ഈ അവസ്ഥയറിഞ്ഞ സ്വാമിമാർ വണ്ടിക്കൂലി നൽകി സഹായിച്ചു.
പിറ്റേദിവസം അപകടം നടന്ന സ്ഥലത്തെത്തിയപ്പോൾ പൊലീസ് അപകട വളവിൽ കരിങ്കല്ല് കൊണ്ട് സംരക്ഷണ ഭിത്തി നിർമ്മിക്കാനുള്ള ഒരുക്കത്തിലായിരുന്നു. മേസ്തിരിപ്പണിക്കാരനായ രാജേഷ് സംരക്ഷണ ഭിത്തി നിർമ്മാണവും ഏറ്റെടുത്തു. അതിനിടയിൽ അപകടം കണ്ടതാണെന്നും വാഹനത്തിനുള്ളിലുണ്ടായിരുന്ന കുട്ടികളുടെ കരച്ചിലും മുതിർന്നവരുടെയും കുട്ടികളുടെയും ഭയത്തോടെയുള്ള മുഖമൊന്നും മറക്കാൻ കഴിയില്ലായെന്നും പൊലീസിനോട് പറഞ്ഞു. പൊലീസിന്റെ ആവശ്യപ്രകാരം സുരക്ഷ സംവിധാനത്തിന്റെ ആവശ്യകത മനസിലാക്കിയ രാജേഷും സഹായികളും പിറ്റേ ദിവസം തന്നെ കരിങ്കൽ അടുക്കി ടയർ സ്ഥാപിച്ച് മഞ്ഞ പെയ്ന്റടിച്ച് സുരക്ഷ വലയം തീർത്തു.
സ്വാമിമാർ പറഞ്ഞതനുസരിച്ച് അപകടത്തിൽപ്പെട്ട വാഹനം കിടന്ന റബർ തോട്ടത്തിൽ അവരുടെ നഷ്ടമായ ബാഗ് തിരഞ്ഞ് കിട്ടിയെങ്കിൽ അറിയിക്കണമെന്ന് പറഞ്ഞിരുന്നതിനാലാണ് വീണ്ടും അവിടെയെത്തിയത്. ബാഗ് തിരയുന്നതിനിടയിൽ സ്വാമിമാർ കൊണ്ടു വന്ന ഇരുമുടികെട്ടുകൾ വാഹനം കൊണ്ടു പോകാൻ വന്നവർ റബർ തോട്ടത്തിൽ ഉപേക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. എന്നാൽ രാജേഷ് തന്നെ ഇരുമുടിക്കെട്ടല്ലാം ശേഖരിച്ച് മുണ്ടക്കയം 35 ാം മൈലിലുള്ള സേവന കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. പൊലീസും ഇരുമുടിക്കെട്ടുകൾ എടുക്കുന്നതിന് സഹായിച്ചു.
തമിഴ്‌നാട്ടിൽ നിന്നുമെത്തിയ മുൻപരിചയം പോലുമില്ലാത്ത തീർത്ഥാടക സംഘത്തെ ഒരു ദിവസം ആശുപത്രിയിൽ നിന്ന് വേണ്ട സഹായം ചെയ്തു നൽകിയ രാജേഷിനെ എരുമേലി പൊലീസ് ആദരിച്ചു. കാഞ്ഞിരപ്പള്ളി ഡി. വൈ. എസ്. പി. എൻ. ബാബുക്കുട്ടൻ പൊന്നാട അണിയിച്ചു. തമിഴ്‌നാട് ചെന്നൈയിലുള്ള സ്വാമിമാർ ഇപ്പോഴും രാജേഷിനെ മറന്നിട്ടില്ല. അവർ ഇപ്പോഴും രാജേഷിനെ വിളിക്കാറുണ്ട്. ശബരിമലയിൽ നിന്നുള്ള പ്രസാദം അയച്ചു നൽകുന്നതും കാത്തിരിക്കുകയാണ് സ്വാമിമാർ.