- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഫാ. മാത്യു വടക്കേമുറി സ്മാരക മന്ദിരം നിര്‍മ്മാണത്തിനെതിരെ വിചിത്ര വാദവുമായി എരുമേലി പഞ്ചായത്ത്; നാട്ടുകാര്‍ പണം പിരിച്ച് സ്ഥലം വാങ്ങി പഞ്ചായത്തിന് കൈമാറി; ത്രിതല പഞ്ചായത്തുകള്‍ 17 ലക്ഷവും അനുവദിച്ചപ്പോള്‍ സ്ഥലം ജില്ലയിലല്ലെന്ന് പഞ്ചായത്ത്; ഉടക്കിന് പിന്നില്‍ രാഷ്ട്രീയ പോര്
ഫാ. മാത്യു വടക്കേമുറി സ്മാരക മന്ദിരം നിര്‍മ്മാണത്തിനെതിരെ വിചിത്ര വാദവുമായി എരുമേലി പഞ്ചായത്ത്
കോട്ടയം: എല്‍. ഡി. എഫിനും യു. ഡി. എഫിനും ഭൂരിപക്ഷം ലഭിക്കാതെ ഭരണം മാറി മറിഞ്ഞ എരുമേലി ഗ്രാമപഞ്ചായത്തില്‍ വീണ്ടും രാഷ്ട്രീയ പോര് മുറുകുന്നു. 12 ാം വാര്‍ഡില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഫാ. മാത്യു വടക്കേമുറി സ്മാരക മന്ദിരത്തെ ചൊല്ലിയാണ് യു. ഡി. എഫും എല്‍. ഡി. എഫും തമ്മില്‍ പുതിയ പോര്. സ്മാരക മന്ദിരത്തിനായി നാട്ടുകാരില്‍ നിന്നും പണം പിരിച്ച് വാങ്ങിയ സ്ഥലം പഞ്ചായത്തിന് കൈമാറി. ത്രിതല പഞ്ചായത്തുകള്‍ 17 ലക്ഷം രൂപയും അനുവദിച്ച് പദ്ധതി കരാറും നല്‍കി.
എരുമേലി തെക്ക് വില്ലേജില്‍ നിന്നും കൈവശാനുഭവ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടും കോട്ടയം ജില്ലയിലല്ല വസ്്തുവെന്ന് വിചിത്ര വാദവുമായി എല്‍. ഡി. എഫ്. ഭരണസമിതി. മാത്രമല്ല നിര്‍ദ്ദിഷ്ട സ്ഥലം പത്തനംതിട്ട ജില്ലയിലെന്നും നിര്‍മ്മാണം തടസ്സപ്പെടുത്തണമെന്നും കോണ്‍ഗ്രസ് നേതാവിന്റെ പേരില്‍ പഞ്ചായത്തില്‍ പരാതിയും ലഭിച്ചു. എന്നാല്‍ വ്യാജ പരാതിയെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നേതാവ് പോലീസിനേ സമീപിച്ചു.
പത്തനംതിട്ട -കോട്ടയം അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്താണ് എരുമേലി. പമ്പ നദിയുടെ അക്കരയിക്കര രണ്ട് ജില്ലകളാണ്. കുടിയേറ്റ കര്‍ഷക മേഖലയായ ഇവിടെ ഭൂരിഭാഗവും പട്ടയം ലഭിക്കാത്ത ഭൂമിയായിരുന്നു. നിലവില്‍ പട്ടയ വിതരണം നടന്നു വരികയാണ്. 2022 ലാണ് ഫാ. മാത്യു വടക്കേമുറി മന്ദിര നിര്‍മ്മാണ സമിതി രൂപീകരിച്ച് ഫണ്ട് പിരിച്ച് അഞ്ച് സെന്റ് സ്ഥലം വാങ്ങിയത്. സ്ഥലം പഞ്ചായത്തിന് കൈമാറുകയും ചെയ്തു. ജില്ല പഞ്ചായത്ത് 10 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷവും ഗ്രാമപഞ്ചായത്ത് 2 ലക്ഷവും അനുവദിച്ചു.
കരാര്‍ നല്‍കുകയും ചെയ്തു. ഇരു നിലകളിലായി പണിയുന്ന കെട്ടിടത്തിന് അംഗന്‍വാടി, കമ്മ്യൂണിറ്റി ഹാള്‍ ഉള്‍പ്പെടെയുള്ള സൗകര്യമാണ് നടപ്പിലാക്കുന്നത്. നിലവില്‍ ഗ്രാമസഭയും മറ്റും ചേരുന്നതിനായി കെട്ടിട സൗകര്യം ഇല്ലെന്ന് വാര്‍ഡംഗം മാത്യു ജോസഫ് പറഞ്ഞു. അതിനാലാണ് ജനങ്ങള്‍ മുന്‍കൈയെടുത്ത് സ്ഥലം വാങ്ങിയത്. എന്നാല്‍ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ തന്റെ വാര്‍ഡിലെ വികസന പദ്ധതികളെല്ലാം മുടക്കുകയാണ് പഞ്ചായത്ത് ഭരണസമിതി ചെയ്യുന്നതെന്ന് മാത്യു ജോസഫ് പറഞ്ഞു.
നിലവില്‍ കാലുവാരലും കൂറുമാറ്റവും കൊണ്ട് ശ്രദ്ധേയമാണ് എരുമേലി പഞ്ചായത്ത്. എല്‍. ഡി. എഫിലും യു. ഡി. എഫിലും 11 അംഗങ്ങള്‍ വന്നതോടെ ഇരുകൂട്ടര്‍ക്കും ഭൂരിപക്ഷം ഉറപ്പിക്കാന്‍ ആകെയുള്ള സ്വതന്ത്രന്റെ സഹായം തേടേണ്ടി വന്നു. കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച സ്വതന്ത്രഅംഗം യു. ഡി. എഫിനൊപ്പം നിന്നപ്പോള്‍ മറ്റൊരു കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായി. യു. ഡി. എഫിന് ഭരണം നഷ്ടമായി. തുടര്‍ന്ന് നറുക്കെടുപ്പിലൂടെ എല്‍. ഡി. എഫ്. ഭരണസമിതി അധികാരത്തിലെത്തി.
ഭൂരിപക്ഷമുറപ്പിച്ച്് കോണ്‍ഗ്രസ് അവിശ്വാസം കൊണ്ടു വന്നപ്പോള്‍ മറ്റൊരു കോണ്‍ഗ്രസ് അംഗത്തിനെ കാണാനില്ല. അവിശ്വാസം പരാജയപ്പെട്ടു. കുറച്ചു നാളുകള്‍ക്ക് ശേഷം വോട്ട് അസാധുവായ കോണ്‍ഗ്രസ് അംഗം രാജി വച്ച് പോയതോടെ ഉപതെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ് അംഗം വിജയിച്ച് ഭൂരിപക്ഷം ഉറപ്പിച്ചു. കോണ്‍ഗ്രസിലെ തന്നെ ധാരണ പ്രകാരം പ്രസിഡന്റ് സ്ഥാനമാറ്റം നടന്ന ദിവസം നാടകീയ നീക്കത്തിലൂടെ ഭരണം വീണ്ടും എല്‍. ഡി. എഫ്. നേടി. കോണ്‍ഗ്രസ് അംഗത്തെ എല്‍. ഡി. എഫ്. തട്ടിയെടുത്തു. ഒടുവില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ പ്രസിഡന്റായിരുന്ന അംഗമായ സുബി സണ്ണി കൂറുമാറി എല്‍. ഡി. എഫിനൊപ്പം ചേര്‍ന്ന് പ്രസിഡന്റായി തുടരുകയാണ്.
ഇവര്‍ക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം കോടതിയെ സമീപിച്ചത് മാത്യു ജോസഫാണ്. തന്നെ കേസില്‍ നിന്നും പിന്തിരിപ്പിക്കാനാണ് വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്റ് തടസം നില്‍ക്കുന്നതെന്നാണ് ആരോപണം. മറ്റ് പല വിഷയങ്ങളിലും തന്നെ സമ്മര്‍ദ്ദത്തിലാക്കുന്നതിനായി പ്രസിഡന്റ് നീക്കം നടത്തിയതിന് തെളിവുണ്ടെന്നും അംഗം ആരോപിച്ചു. ഇതിനെതിരെ കോണ്‍ഗ്രസിലെ അംഗങ്ങള്‍ പഞ്ചായത്തിന് മുന്‍പില്‍ ഉപവാസ സമരം നടത്തി.
സ്ഥലം പത്തനംതിട്ട ജില്ലയിലാണെന്നും ഉദ്യോഗസ്ഥര്‍ എസ്റ്റിമേറ്റ് തയ്യാറാക്കിയത് എങ്ങനെയെന്ന് അന്വേഷിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. വസ്തു കോട്ടയം ജില്ലയിലാണ് എന്ന് ഉത്തരവ് ലഭിച്ചാല്‍ മന്ദിരം നിര്‍മ്മിക്കാന്‍ തടസ്സം ഇല്ലെന്നും പ്രസിഡന്റ് പറഞ്ഞു. നിലവില്‍ ഈ വസ്തുവിന് താഴെ ഭാഗത്തായി റോഡരികില്‍ പമ്പയാറിനോട് ചേര്‍ന്ന് പഞ്ചായത്ത് ടേക് എ ബ്രേക്ക് പദ്ധതിയില്‍ കെട്ടിടം നിര്‍മ്മിച്ചതും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധം.
ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയ്ക്ക് സമഗ്ര സംഭാവന ചെയ്ത വൈദികനാണ് മാത്യു വടക്കേമുറി. ചെകുത്താന്‍തോട് എന്നറിയപ്പെട്ടിരുന്ന സഥലം ഏയ്ഞ്ചല്‍വാലിയെന്ന പേരിലാക്കിയത് വടക്കേമുറിയച്ചനാണ്. ആദ്യമായി 12 കിലോമീറ്റര്‍ ദൂരത്തില്‍ റബറൈസ്ഡ് റോഡ് കൊണ്ടു വന്നതും രണ്ട് കോസ്വേകള്‍ പൊതുജന പിന്തുണയോടെ നിര്‍മ്മിച്ച് മേഖലയില്‍ യാത്രാ സൗകര്യം ഒരുക്കിയതും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തന്നെ. വൈദ്യുതി ഇതുംമുമ്പ് 1991 ല്‍ സ്വയം വൈദ്യുതി നിര്‍മ്മിച്ചു നല്‍കി മേഖലയില്‍ വെളിച്ചമേകിയതും ഫാ. മാത്യു വടക്കേമുറി തന്നെ. കാര്‍ഷിക മേഖലയില്‍ സമഗ്ര സംഭാവന ചെയ്ത ഫാ. മാത്യു വടക്കേമുറിയുടെ പേരില്‍ മന്ദിരം നിര്‍മ്മാണത്തിന് രാഷ്ട്രീയ വൈരാഗ്യം തടസ്സമാകുമോയെന്നാണ് ആശങ്ക.