കോട്ടയം: ഒരു മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനം കൂടി കടന്നു പോകുകയാണ്്. ലക്ഷകണക്കിന് തീര്‍ത്ഥാടകരാണ് ശബരിമല സന്നിധിയില്‍ വന്ന് പോയത്. ശബരിമലയില്‍ ഒരിയ്ക്കല്‍ വന്നു പോയവര്‍ക്ക് വീണ്ടും വീണ്ടും വരാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒരു ഘടകം ഉണ്ടെന്ന് പലരും വിശ്വസിക്കുകയാണ്.

ചെറുപ്രായത്തില്‍ ശബരിമലയില്‍ അച്ഛനൊപ്പം പോയതിന്റെ ഓര്‍മ്മകളാണ് എരുമേലി സ്വദേശിനി ശോഭനയുടെ മനസ്സില്‍ ഉള്ളത്. 1982 ല്‍ ശബരിമലയില്‍ തീപിടുത്തമുണ്ടാകുമ്പോഴും ശോഭന അച്ഛനൊപ്പം അവിടെയുണ്ടായിരുന്നു. അന്ന് ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെട്ടതാണ്. അന്ന് മുതല്‍ ഇന്നു വരെ തികഞ്ഞ അയ്യപ്പ ഭക്തയാണ്. മലയ്ക്കു പോകാന്‍ പറ്റില്ലെങ്കിലും എല്ലാ മണ്ഡല മകരവിളക്ക്് കാലത്തും വ്രതമെടുക്കും.

പണ്ടൊരിക്കല്‍ അച്ഛന്‍ ശബരിമലയുടെ ഏതാനും ചിത്രങ്ങള്‍ നല്‍കിയിരുന്നു. അര നൂറ്റാണ്ട് മുന്‍പുള്ള ശബരിമലയിലെ ചിത്രങ്ങള്‍. ശബരിമലയില്‍ ഓല മേഞ്ഞ ഷെഡുകളും ഇരുവശങ്ങളിലും കല്‍ക്കെട്ട് നിറഞ്ഞ പതിനെട്ടാം പടിയുമെല്ലാം. പമ്പയാറിന്റെ തീരത്ത് വിരഹിക്കുന്ന ആനക്കൂട്ടങ്ങളെ കാണാം. മണ്ണ് നിറഞ്ഞ് കരിങ്കല്‍ പടവുകളിലൂടെ നീലിമല കയറുന്ന ഭക്തര്‍. ഈ ചിത്രങ്ങളെല്ലാം ശോഭന നിധി പോലെ കാത്തു സൂക്ഷിച്ചു.

ആ ചിത്രങ്ങളായിരുന്നു ശോഭനയുടെ ശബരിമലയെപ്പറ്റിയുള്ള ഓര്‍മ്മകള്‍. ഏറെകാലത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ വര്‍ഷം ശബരിമലയില്‍ പോകാന്‍ കഴിഞ്ഞു. ഇപ്പോള്‍ അതെല്ലാം മാറിയിരുക്കുന്നു. നീലിമലയിലെ കരിങ്കല്‍ പടവുകളെല്ലാം ടൈല്‍ പാകിയിട്ടുണ്ട്. പമ്പയാറിന്റെ തീരത്തെ വന്യമൃഗങ്ങളെ കാണാനില്ല. ഓല മേഞ്ഞ ഷെഡുകള്‍ക്ക് പകരമായി കൂറ്റന്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉയര്‍ന്നു.

ശബരിമല അപ്പാടെ മാറിയിട്ടും അവിടേയ്ക്ക് വരുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവില്ല. എരുമേലി സ്വദേശിനിയായ ശോഭനയുടെ ശേഖരത്തില്‍ എരുമേലി ക്ഷേത്രവും നൈനാര്‍ മസ്ജിദുമെല്ലാമുണ്ട്. 30 വര്‍ഷം മുന്‍പുള്ള നൈനാര്‍ മസ്ജിദിന്റെ ചി്രതവും ഇന്നും സൂക്ഷിച്ചിരിക്കുകയാണ് തയ്യല്‍ക്കാരി കൂടിയായ ശോഭന.