കോട്ടയം: കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് അഭിഭാഷകയും രണ്ട് മക്കളും ഇന്നലെ മീനച്ചിലാറ്റില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം കേരളത്തെ നടുക്കുന്നതായിരുന്നു. ഷൈനിയുടെയും മക്കളുടെയും ആത്മഹത്യയുടെ നടുക്കം മാറുന്നതിന് മുമ്പാണ് ഈ സംഭവം ഉണ്ടായത്. ഏറ്റുമാനൂരിലാണ് ഈ ദാരുണ സംഭവവും ഉണ്ടായത്.

ഒരുമാസത്തിനിടെ തുടര്‍ച്ചയായ രണ്ടാമത്തെ കൂട്ട ആത്മഹത്യയാണ് ഏറ്റുമാനൂരില്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് രണ്ട് സംഭവങ്ങളിലും കൂട്ട ആത്മഹത്യകള്‍ ഉണ്ടായത് എന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്. ഈ രണ്ടു കേസുകളും കൈകാര്യം ചെയ്ത, ഏറ്റുമാനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ എ എസ് അന്‍സല്‍ ഇന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലായി മാറിയത്.

ഇന്നലെ ഉച്ചയോടെ ഏറ്റുമാനൂര്‍ പേരൂരില്‍ മീനച്ചിലാറ്റിലാണ് ആണ് ഹൈക്കോടതി അഭിഭാഷകയായ യുവതിയെയും രണ്ടു മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കേസ് അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥനാണ് ഏറ്റുമാനൂര്‍ എസ് എച്ച് ഒ അന്‍സല്‍. മനസ്സു തകര്‍ക്കുന്ന സംഭവമെന്നാണ് അന്‍സല്‍ ഇതേക്കുറിച്ച് പറയുന്നത്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് അഡ്വ. ജിസ്മോള്‍ തോമസ്(34) പള്ളിക്കുന്ന് കടവിലെത്തി മക്കളുമായി മീനച്ചിലാറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്. നേരത്തേ വീട്ടില്‍വെച്ച് കൈത്തണ്ട മുറിച്ചും മക്കള്‍ക്ക് വിഷം നല്‍കിയും ജീവനൊടുക്കാന്‍ ശ്രമം നടത്തിയിരുന്നു. ഈ പരിശ്രമം പരാജയപ്പെട്ടതിന് ശേഷമാണ് ദാരുണ സംഭവം നടന്നത്.

എസ് എച്ച് ഒ എ എസ് അന്‍സലിന്റെ കുറിപ്പ് വായിക്കാം!

ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ 2025, ജനുവരി 1മുതല്‍ മാര്‍ച്ച് 30 വരെ 700 പരാതികള്‍. (കോട്ടയം ജില്ല യില്‍ തന്നെ കൂടുതല്‍,അതില്‍ 500അടുത്ത് കുടുംബ പ്രശ്‌നങ്ങള്‍). ഇതില്‍ ഒരു 10ശതമാനം അടുത്ത് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടായില്ലെങ്കില്‍ ആത്മഹത്യ അല്ലാതെ വേറെ വഴി ഇല്ല എന്ന് പറഞ്ഞു വിലപിക്കുന്നവര്‍.. ഇത്തരത്തില്‍ മദ്യപിച്ചു കുടുംബങ്ങളില്‍ പ്രശ്‌നം ഉണ്ടാക്കുന്ന ആളുകള്‍ കുടുംബങ്ങളില്‍ പോയി വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സ്റ്റേഷനില്‍ വന്നു രാത്രി 8 മണിക്ക് ശേഷം ഒപ്പിടല്‍.

ദിവസവും 100 ന് അടുത്ത് ആളുകള്‍ വിവിധ വിഷയങ്ങളില്‍ ഒപ്പിടുന്ന ഒരു സ്റ്റേഷന്‍ ആണ് എറ്റുമാനൂര്‍. ഒപ്പിടാന്‍ വന്നില്ല എങ്കില്‍ വളരെ കൃത്യമായി അവരെ വിളിച്ചു ചോദിക്കും എന്താണ് വരാത്തത് എന്ന്. ഒപ്പിടല്‍ നിര്‍ത്തണം എങ്കില്‍ ഭാര്യ പറയണം ചേട്ടന്‍ ഇപ്പോള്‍ കുഴപ്പം ഇല്ല സര്‍, ഒപ്പിടില്‍ നിര്‍ത്തിക്കോ. ഇതു പോലെ വളരെ കൃത്യം ആയിട്ടു മേല്‍നോട്ടവും ആത്മാര്‍ത്ഥമായ സേവനവും നടത്തി ആണ് നടത്തി ആണ് ഏറ്റുമാനൂര്‍ പോലീസ് കാര്‍ 100കണക്കിന് ആത്മഹത്യകള്‍ തടഞ്ഞു കൊണ്ടിരിക്കുന്നത്.

എന്നാല്‍ കഴിഞ്ഞ 2 മാസംമുന്‍പ് ചിതറി തെറിച്ച ഷൈനിയും 2 കുഞ്ഞു ശരീരങ്ങളും, മെഡിക്കല്‍ കോളേജ് ഇന്‍ക്വസ്റ്റ് ടേബിളില്‍ പെറുക്കി വെച്ച് ഇന്‍ക്വസ്റ്റ് നടത്തുമ്പോള്‍ എന്റെ sidru വിന്റെ യും ayana യുടയും മുഖങ്ങള്‍ മനസ്സില്‍ മാറി വന്നു. ഒരു തവണ എങ്കിലും സ്റ്റേഷനില്‍ ഷൈനിയും മക്കളും വന്നു ഞങ്ങളെ കണ്ടിരുന്നെങ്കില്‍ എന്ന് വെറുതെ ആഗ്രഹിച്ചു പോയ നിമിഷം. ഒരു തരം യാന്ത്രികമായി ആ ജോലി കഴിഞു ഇന്നലെ വീണ്ടും സമാന സംഭവം. ഒരു അമ്മയും 2 കുട്ടികളും കാരിത്താസ് ഹോസ്പിറ്റലില്‍ ആ ചെറിയ മകളുടെ ചേതന അറ്റ കുഞ്ഞു മുഖം മനസ്സില്‍ നിന്നും പോകുന്നില്ല ഇന്നലെ രാത്രി കണ്ണ് കൂട്ടി അടക്കാന്‍ പറ്റാത്ത അവസ്ഥ...