ളരെക്കാലം മുമ്പുതന്നെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ മുന്നറിയിപ്പായിരുന്നു, ഫലസ്തീനിലെ ഹമാസ് ഭീകരര്‍ക്ക്, പാക് ഭീകരരുമായുള്ള ബന്ധം. ഇത് വാര്‍ത്തയായപ്പോഴൊക്കെ പാക്കിസ്ഥാന്‍ കാലാകാലങ്ങളില്‍ അത് നിഷേധിക്കയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പാക് ഭീകരസംഘടനയായ ലഷ്‌ക്കറെ ത്വയ്യിബയുടെ ക്യാമ്പില്‍ മുഖ്യാതിഥിയായി ഹമാസ് നേതാവ് പങ്കെടുത്തതിന്റെ ചിത്രങ്ങളാണ് പുറത്തുവരുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് മുമ്പും ഇതേ ഭീകരര്‍ പിഒകെയില്‍ എത്തിയതിന്റെ വിവരം പുറത്തുവരുന്നുണ്ട്.

പാക്ക്അധീന കാശ്മീരിലെ ഗുജ്റാന്‍ വാലിയില്‍ നടന്ന ലഷ്‌കര്‍ ഭീകര ക്യാമ്പില്‍ മുഖ്യാതിഥിയായി പങ്കെടുത്തത്, ഹമാസ് നേതാവ് നാജി സഹീറാണെന്ന് വ്യക്തമാവുകയാണ്. ലഷ്‌കറിന്റെ രാഷ്ട്രീയ മുഖമായ പാകിസ്ഥാന്‍ മര്‍കാസി മുസ്ലിം ലീഗ് (പിഎംഎംഎല്‍) ആണ് പരിപാടി സംഘടിപ്പിച്ചത്. ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ റാഷിദ് അലി സന്ധുവുമായി ഹമാസ് നേതാവ് കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. ലഷ്‌കറിന്‍്രറെയും ഹമാസിന്റെയും ഭീകരനേതാക്കള്‍ വേദി പങ്കിടുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

പഹല്‍ഗാമിന് മുമ്പുമെത്തി

പഹല്‍ഗാം ഭീകരാക്രമണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, ഫെബ്രുവരിയില്‍ നാജി സഹീര്‍ ഉള്‍പ്പെടെയുളള ഹമാസ് നേതാക്കള്‍ പിഒകെയില്‍ എത്തി രഹസ്യയോഗം നടത്തിയതായി വാര്‍ത്തകള്‍ പുറത്തുവരികയാണ്. ഫലസ്തീന്‍ ഭീകരസംഘടനകളും- പാക് ഭീകര സംഘടനകളും തമ്മിലുള്ള ബന്ധം ശക്തമാകുന്നതിന്റെ സൂചനകളാണ് പുറത്തുവന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഹമാസ് പ്രമുഖ നേതാക്കളും പ്രതിനിധികളും പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് പല തവണ സന്ദര്‍ശനങ്ങള്‍ നടത്തി എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ലഷ്‌ക്കറെ ത്വയ്യിബയോട് മാത്രമല്ല, ജെയ്ഷേ മുഹമ്മദ് എന്ന പാക് ഭീകരസംഘടനയോടും ഇവര്‍ക്ക് ബന്ധമുണ്ട് എന്ന് സംശയമുണ്ട്.

ഈ സന്ദര്‍ശനങ്ങളില്‍ ജനപങ്കാളിത്ത പരിപാടികളില്‍ സംസാരിക്കുകയും ഭീകര സംഘടനാ നേതാക്കളുമായി സംവദിക്കുകയും ചെയ്തതായി ഇന്ത്യാ ടുഡെ അടക്കമുള്ള മാധ്യമങ്ങള്‍ പറയുന്നുണ്ട്. കാശ്മീര്‍ ഐക്യദാര്‍ഢ്യം പോലുള്ള പരിപാടികളിലും ഹമാസ് നേതാക്കള്‍ പങ്കെടുത്തതായി വിവരമുണ്ട്. ഹമാസ് പ്രതിനിധികള്‍ പാക് ഭീകര സംഘടനകളോട് സൈനിക പരിശീലന, ആശയപരമായ സഹകരണ, കരാര്‍ സ്വഭാവമുള്ള ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട് എന്നാണ് വിവരങ്ങള്‍. എന്നാല്‍ ഫലസ്തീന്‍ എന്ന രാഷ്ട്രത്തിന് ഒപ്പമാണെങ്കിലും ഭീകരസംഘടനകളുമായി തങ്ങള്‍ക്ക് ബന്ധമില്ല എന്നാണ് പാക്കിസ്ഥാന്‍ ഔദ്യോഗികമായി പറയുന്നത്. പക്ഷേ കാര്യങ്ങള്‍ അങ്ങനെയല്ല എന്നാണ് രഹസ്യന്വേഷണ റിപ്പോര്‍ട്ടുകള്‍.

ഹമാസ് നേതാക്കളും പാക്കിസ്ഥാന്‍ തീവ്രവാദികളും തമ്മില്‍ വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്ത പുറത്തുവരുമ്പോള്‍ ഇന്ത്യ കര്‍ശനമായ ജാഗ്രതയിലാണ്. 2024 ന്റെ തുടക്കത്തില്‍ സമാനമായ മീറ്റിംഗ് തീവ്രവാദികളും ഹമാസ് നേതാക്കളും തമ്മില്‍ പാക് അധീന കാശ്മീരില്‍ നടന്നു എന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. അന്ന് ഇത്രത്തോളം തീവ്രമായ ഒരു ഭീകര ആക്രമണത്തിലേക്കുള്ള കോപ്പുകൂട്ടലാണ് ആണ് എന്നത് ഇന്ത്യ മനസ്സിലാക്കിയിരുന്നില്ലെന്നാണ് വിമര്‍ശനം.

പിന്നില്‍ നാര്‍ക്കോ തീവ്രവാദം

അതേസമയം പാക് തീവ്രവാദികളും ഫലസ്തീന്‍ തീവ്രവാദികളും തമ്മിലുള്ള സഹകരണത്തില്‍ നാര്‍ക്കോ തീവ്രവാദം സംശയിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ പിന്തുണയോടെ ഉല്‍പ്പാദിപ്പിക്കുന്ന, കറുപ്പ്, വലിയ തോതില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നത് തീവ്രവാദ സംഘടനകളിലൂടെയാണ്. ഹമാസ് ഈ നെറ്റ്വര്‍ക്കില്‍ അംഗമാണ് എന്നതിന് തെളിവില്ല. പക്ഷേ ഖത്തറില്‍ നിന്ന് വരുന്ന ഫണ്ടടക്കം നിയന്ത്രിക്കാന്‍ ഇസ്രായേലിനും അമേരിക്കക്കും കഴിയുന്നുണ്ട്. എന്നിട്ടും ഹമാസിന് കോടികളുടെ പണം വരുന്നതിന് പിന്നിലാണ്, നാര്‍ക്കോ തീവ്രവാദം സംശയിക്കുന്നത്.

നമ്മള്‍ സംശയിക്കുന്നതിന്റെയും അപ്പുറത്താണ് പലപ്പോഴും തീവ്രവാദികളുടെ ബന്ധങ്ങള്‍. വെനസ്വേലയില്‍ നിലനില്‍ക്കുന്ന സംഘടിതമായ മയക്കുമരുന്ന് കടത്ത് ശൃംഖലയായ, കാര്‍ട്ടല്‍ ഡി ലോസ് സോളസ് അഥവാ സണ്‍ കാര്‍ട്ടലുമായിപ്പോലും ഇസ്ലാമിക തീവ്രവാദികള്‍ക്ക് ബന്ധമുണ്ടെന്ന് പറയുന്നത്. ഈ കാര്‍ട്ടലിന്റെ തലവന്‍ വെനസ്വേലയില്‍ നിന്ന് പൊക്കിയ പ്രസിഡന്റ് നിക്കോളസ് മഡൂറോയാണെന്നാണ് അമേരിക്ക പറയുന്നത്. സ്റ്റേറ്റ് സ്‌പോണ്‍സേഡ് ഡ്രഗ് കാര്‍ട്ടലാണ് ഇത്. അതായത് ഒരു രാജ്യം തന്നെ മയക്കുമരുന്ന് കടത്തിന് നേതൃത്വം കൊടുക്കുക. കൊളംബിയയില്‍ നിന്ന് എത്തുന്ന ഡ്രഗ്‌സിന്റെ വിതരണമാണ് സൈന്യത്തിലെ ജനറല്‍മാരും, മുന്‍ ഇടതുപക്ഷ തീവ്രവാദികളും, മയക്കുമരുന്ന് രാജക്കാന്‍മ്മാരും അടങ്ങുന്ന സണ്‍ കാര്‍ട്ടല്‍ നടത്തുന്നത്.

ഇനി അതിനേക്കാള്‍ ഭീകരം, ഹിസ്ബുള്ളയും, ഹൂത്തികളും എന്തിന് ഐസിസ് അടക്കമുള്ള ഇസ്ലാമിക ഗ്രൂപ്പുകളുമായി ഈ ഡ്രഗ് കാര്‍ട്ടല്‍ സഹകരിക്കുന്നുവെന്നതാണ്. സിറിയ, ഇറാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് എത്തിക്കുകയും അവിടെനിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും പോവുന്ന ഒരു നെറ്റ്വര്‍ക്കാണിത്. ഇതിന്റെ ഒരു ഭാഗം ലഷ്‌ക്കറേ ത്വയിബയിലേക്കും, ജെയ്‌ഷേ മുഹമ്മദിലേക്കുംവരെ എത്തുന്നുണ്ട് എന്ന് പറയുന്നത്. അതായത് നമ്മുടെ കാശ്മീരിനെ വരെ ഡ്രഗ് മണി ബാധിക്കുന്നുവെന്ന് വ്യക്തം. ഈ സാഹചര്യത്തില്‍ ഇന്ത്യ കൂടുതല്‍ ജാഗ്രതപുലര്‍ത്തേണ്ടത്, അനിവാര്യമാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന റിപ്പോര്‍ട്ട്.