- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇവി എം പ്രവർത്തിക്കാൻ ഒ.ടി.പി ആവശ്യമില്ല; ഹാക്ക് ചെയ്തെന്ന വാർത്ത അടിസ്ഥാന രഹിതം
ന്യൂഡൽഹി: വോട്ടിങ് യന്ത്രങ്ങൾ നിരോധിക്കണമെന്ന ഇലോൺ മസ്‌ക്കിന്റെ പ്രസ്താവനയിൽ ചർച്ച മുറുകുകയാണ്. ഇതിനിടെയാണ് മുംബൈ നോർത്ത് വെസ്റ്റ് ലോക്‌സഭാ സീറ്റിൽ വോട്ടെണ്ണൽ യന്ത്രം ഹാക്ക് ചെയ്തുവെന്ന ആരോപണവും പുറത്തുവന്നത്. എന്നാൽ ഈ സാധ്യതയെല്ലാം തള്ളുകയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ. ആശയവിനിമയത്തിന് യാതൊരു സാധ്യതയുമില്ലാത്ത ഉപകരണമാണ് ഇ.വി എം. യന്ത്രത്തിന്റെ പ്രവർത്തനത്തിന് ഒ.ടി.പി ആവശ്യമില്ലെന്നും റിട്ടേണിങ് ഓഫീസർ വന്ദന സൂര്യവംശി വ്യക്തമാക്കി.
മൊബൈൽ ഫോൺ ഉപയോഗിച്ച് ഇ.വി എം അൺലോക്ക് ചെയ്യാൻ സാധിക്കില്ല. യാതൊരു രീതിയിലും പുറത്തുനിന്നുള്ള ആശയവിനിമയത്തിനുള്ള സാധ്യതയും യന്ത്രത്തിൽ ഇല്ല. ഇ.വി എം പ്രവർത്തിക്കാൻ ഒ.ടി.പി.യുടെ ആവശ്യമില്ല. ഒരു ബട്ടൺ വഴിയാണ് ഫലങ്ങൾ വ്യക്തമാകുന്നത്. നിലവിൽ പുറത്തുവരുന്ന അഭിപ്രായപ്രകടനങ്ങൾ പ്രചരിപ്പിക്കപ്പെടുന്ന നുണയെ അടിസ്ഥാനമാക്കിയാണെന്നും അവർ കുറ്റപ്പെടുത്തി.
എൻഡിഎയുടെ മഹാരാഷ്ട്രയിൽനിന്നുള്ള ലോക്സഭാ എംപി രവീന്ദ്ര വയ്ക്കറുടെ ബന്ധുവിനെ ഇ.വി എം അൺലോക്ക് ചെയ്യാൻ കഴിയുന്ന ഫോൺ ഉപയോഗിച്ചതിന് പൊലീസ് പിടികൂടിയെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മുംബൈ നോർത്ത് വെസ്റ്റിൽനിന്നുള്ള ശിവസേന (ഏക്നാഥ് ഷിൻഡെ പക്ഷം) എംപി രവീന്ദ്ര വയ്ക്കർക്കെതിരേയാണ് ആരോപണം ഉയർന്നത്. 48 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച വയ്ക്കറിന്റെ ബന്ധുവായ മങ്കേഷ് പണ്ടിൽക്കർ ഇ.വി എം അൺലോക്ക് ചെയ്യാൻ സാധിക്കുന്ന ഫോൺ ഉപയോഗിച്ചുവെന്നായിരുന്നു റിപ്പോർട്ട്.
ഇതിന് പിന്നാലെ രാഹുൽ ഗാന്ധി അടക്കമുള്ള പ്രമുഖർ രൂക്ഷവിമർശനവുമായി രംഗത്തെത്തി. ഇന്ത്യയിലെ വോട്ടെണ്ണൽ യന്ത്രങ്ങൾ ആരെയും പരിശോധിക്കാൻ അനുവദിക്കാത്ത 'ബ്ലാക്ക് ബോക്‌സുകളാ'ണെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർന്നുവരുന്നുവെന്നും രാഹുൽ എക്‌സിൽ കുറിച്ചു.
നേരത്തെ ഇലോൺ മസ്‌ക്കിന്റെ പ്രസ്താവന വിവാദമായതോടെ ഇനിയുള്ള തെരഞ്ഞെടുപ്പുകൾ ബാലറ്റ് പേപ്പറിൽ നടത്തണമെന്ന ആവശ്യവുമായി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തയിരുന്നു. ലോകത്തെ പ്രമുഖരായ സാങ്കേതിക വിദഗ്ദ്ധർ പോലും ഇവിഎമ്മിൽ ക്രമക്കേട് സാധ്യമെന്ന് പറയുകയാണെന്നും എന്തിനാണ് ഇവി എം അടിച്ചേൽപ്പിക്കുന്നതെന്ന് ബിജെപി വിശദീകരിക്കണമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
അതേസമയം, ഇലോൺ മസ്‌ക്കിന്റെ വാദം തെറ്റെന്നും ബാലറ്റ് പേപ്പറിനെക്കാൾ സുരക്ഷിതവും വിശ്വാസ്യതയും ഇവിഎമ്മിനുണ്ടെന്നുമാണ് മുൻ ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിന്റെ സുതാര്യതയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയരുന്നുവെന്നായിരുന്നു രാഹുൽഗാന്ധിയുടെ പ്രതികരണം. പ്യൂർട്ടോ റിക്കോയിൽ പ്രൈമറി തെരഞ്ഞെടുപ്പിനിടെ വോട്ടിങ് യന്ത്രത്തിൽ ക്രമക്കേട് ഉണ്ടായെന്ന വിവാദം തുടരുമ്പോഴാണ് ഇവി എം യന്ത്രങ്ങളെ കുറിച്ച് ഇലോൺ മസ്‌ക് പ്രതികരിച്ചത്.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ മനുഷർക്കോ നിർമ്മിത ബുദ്ധി വഴിയോ ഹാക്ക് ചെയ്യാൻ കഴിയുമെന്നും വോട്ടിങ് യന്ത്രങ്ങൾ ഉപേക്ഷിക്കണമെന്നും സ്‌പെസ് എക്‌സ് മേധാവിയായ ഇലോൺ മസ്‌ക് പറഞ്ഞു. മുൻ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ അനന്തിരവൻ റോബർട്ട് എഫ് കെന്നഡിയുടെ പ്രതികരണത്തിലായിരുന്നു മസ്‌കിന്റെ പ്രസ്താവനയെങ്കിലും വിഷയം ചർച്ചയാകുന്നത് ഇന്ത്യയിലാണ്. വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയിൽ നേരത്തെ മുതൽ ചോദ്യങ്ങൾ ഉന്നയിക്കുന്ന പ്രതിപക്ഷം പ്രസ്താവന ഏറ്റെടുക്കുകയാണ്.
ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങൾ ആർക്കും പരിശോധിക്കാൻ കഴിയാത്ത ബ്ലാക്ക് ബോക്‌സുകളെന്ന് കുറ്റപ്പെടുത്തിയ രാഹുൽഗാന്ധി ഭരണഘടന സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തം ഇല്ലാതാകുമ്പോൾ ജനാധിപത്യം വഞ്ചിക്കപ്പെടുമെന്നും പറഞ്ഞു. പ്രസ്താവന മുൻ ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറും ഇലോൺ മസ്‌കും തമ്മിലുള്ള വാക്‌പോരിനും വഴിവെച്ചു. മസ്‌ക്കിന്റെ വാദം ഇന്റർനെറ്റ് ബന്ധിപ്പിക്കുന്ന ഇവി എം ഉള്ള അമേരിക്കയിൽ ബാധകമായിരിക്കും. എന്നാൽ, ഇന്ത്യയിലെ ഇവിഎമ്മുകൾ ബ്ലൂടുത്തോ ഇന്റർനെറ്റോ ആയി ബന്ധിപ്പിക്കാനാകാത്തതാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എന്തും ഹാക്ക് ചെയ്യാമെന്നായിരുന്നു ഇതിനോടുള്ള മസ്‌കിന്റെ പ്രതികരണം. ആ വാദം സാങ്കേതികമായി ശരിയാണെങ്കിലും ബാലറ്റിലെ വോട്ടിങിനേക്കാൾ എത്രയോ വിശ്വാസ്യതയും സുരക്ഷിതവും ഇവിഎമ്മിനുണ്ടെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.