ന്യൂഡൽഹി: പ്രണയങ്ങൾക്കും ബ്രേക്കക്കപ്പുകൾക്കും കുപ്രസിദ്ധ്രനാണ് ഹിന്ദി സൂപ്പർ സ്റ്റാർ സൽമാൻ ഖാൻ. നടി ഐശ്വര്യറായി അടക്കമുള്ളവർ സൽമാന്റെ മൂൻ കാമുകിമാർ ആയിരുന്നു. കൃഷ്ണമൃഗവേട്ടയെ തുടർന്ന് വധഭീഷണി നേരിടുന്ന ഹോളിവുഡ് സൂപ്പർ താരം സൽമാൻഖാനെ കൂടുതൽ കുരുക്കിലാക്കി ഒരു നടിയുടെ വെളിപ്പെടുത്തൽ കൂടി ഹിന്ദി സിനിമാ ലോകത്ത് ചർച്ചയാവുകയാണ്. സൽമാൻ ഖാനുമായി എട്ട് വർഷത്തോളം പ്രണയത്തിലായിരുന്ന നടി സോമി അലിയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ സൽമാൻ ഖാനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രംഗത്ത് വന്നിരുന്നത്. ശരിക്കും ഒരു സൈക്കോപ്പത്ത് ആണ് സൽമാൻ എന്നാണ് സോമി പറയുന്നത്. പ്രകൃതിവിരുദ്ധ ലൈംഗികബന്ധവും, സിഗററ്റ് കൊണ്ട് പൊള്ളിക്കലും അടക്കമുള്ള നിരവധി പീഡനങ്ങൾക്ക് താൻ സൽമാനിൽനിന്ന് ഇരയായി എന്ന് അവർ പറയുന്നു.

'എന്റെ ഷോകൾ നീ ഇന്ത്യയിൽ വിലക്കൂ, ലോ സ്യൂട്ട് നൽകൂ. നീയൊരു ഭീരുവാണ്. എനിക്കിവിടെ അമ്പത് അഭിഭാഷകരുണ്ട്. വർഷങ്ങളോളം നീയെന്നെ കടത്തി വിട്ട സിഗരറ്റു കൊണ്ടുള്ള പൊള്ളിക്കലുകളിൽ നിന്നും ശാരീരിക അതിക്രമങ്ങളിൽ നിന്നും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ നിന്നെല്ലാം എന്നെ രക്ഷിക്കാനായി. നീയൊരു മെയിൽ ഷോവനിസ്റ്റ് പിഗ് ആണ്. ഒരുപാട് സ്ത്രീകളെ മർദ്ദിച്ചിട്ടുള്ള ഇവനെ പിന്തുണയ്ക്കുന്ന നടിമാരെ ഓർത്ത് ലജ്ജിക്കുന്നു. ഇവനെ പിന്തുണയ്ക്കുന്ന നടന്മാരെ ഓർത്തും ലജ്ജിക്കുന്നു. ഇത് യുദ്ധത്തിനുള്ള സമയമാണ്'' എന്നായിരുന്നു സോമി കുറിച്ചത്.

പിന്നീട് നടി തന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. നേരത്തേയും സൽമാനെതിരെ സമാനമായ പ്രതികരണങ്ങൾ സോമിയുടെ ഭാഗത്തു നിന്നുമുണ്ടായിരുന്നു. താരത്തിന്റെ പേരെടുത്ത് പറയാതെയും സോമി പ്രതികരണങ്ങൾ നടത്തിയിരുന്നു. താൻ ഒരുനാൾ തുറന്ന് പറയുമെന്ന് ഒരിക്കൽ സോമി മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. നടി പോസ്റ്റ് പിൻവലിച്ചത് ഭീഷണിയുടെ പുറത്താണെന്ന് ആരോപണമുണ്ട്. പക്ഷേ അപ്പോഴേക്കും അതിന്റെ സ്‌ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കയാണ്.

ടോക്സിക്ക് ബന്ധമെന്ന് ഐശ്വര്യറായി

വെറും 23ാംമത്തെ വയസ്സിൽ സൂപ്പർസ്റ്റാർ ആയി മാറിയ ചെറുപ്പക്കാരനാണ് സൽമാൻ. അപ്രതീക്ഷിതമായി എത്തിയ കോടികളും പ്രശസ്തിയും അയാളെ ശരിക്കും മാറ്റിമറിച്ചുകളഞ്ഞു. മദ്യവും, പാർട്ടികളും, പ്രണയവും ഹോബിയായി മാറി. ഇന്നും ക്രോണിക്ക് ബാച്ചിലർ ആയി നിലക്കുന്ന സൽമാൻ ഖാന് നിരവധി തകർന്ന പ്രണയങ്ങളുടെയും കഥ പറയാനുണ്ട്.

ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ബന്ധമായിരുന്നു സൽമാനും ഐശ്വര്യയും തമ്മിലുള്ള പ്രണയം. 2002ൽ അത് വേർപിരിഞ്ഞു. പക്ഷേ സൽമാൻ കുലുങ്ങില്ല. ഉടൻ തന്നെ അടുത്ത ബന്ധത്തിലേക്ക് കടന്നു. സൽമാൻ അതിനിടക്ക് ഐശര്യറായിയെ ഭീഷണിപ്പെടുത്തിയതിന്റെ ഓഡിയോ പുറത്തുവരികയും പൊലീസ് കേസ് ആവുകയും ചെയ്തു. ഈ ബന്ധം ശരിക്കും ടോക്സിക്ക് എന്നായിരുന്നു ഐശ്വര്യറായി പറഞ്ഞതെന്ന് അവരുടെ സുഹൃത്തുക്കളെ ഉദ്ധരിച്ച് മുംബൈ കുട്ടിപ്പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

കല്യാണക്കത്ത് അടിച്ചതിനുശേഷം വിവാഹം മുടങ്ങിപ്പോയ കഥയും ആരാധകരുടെ പ്രിയപ്പെട്ട സല്ലൂവിന്റെ ജീവിത്തിലുണ്ട്. നീണ്ട പത്തു വർഷത്തെ പ്രണയമായിരുന്നു നടി സംഗീത ബിജ്‌ലാനിയും സൽമാനും തമ്മിൽ. വിവാഹ തീയതി നിശ്ചയിക്കുകയും കല്യാണ കത്ത് വരെ തയ്യാറാക്കുകയും ചെയ്തു. എന്നാൽ തന്റെ സുഹൃത്തും നടിയുമായ സോമി അലിയുമായി സൽമാന് ബന്ധമുണ്ടെന്ന് സംശയിച്ച് സംഗീത വിവാഹത്തിൽ നിന്ന് പിന്മാറിയെന്നാണ് മുംബൈ പത്രങ്ങൾ പറയുന്നത്. സൽമാനിൽ നിന്ന് വേർപിരിഞ്ഞ സംഗീത പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീനെ വിവാഹം കഴിച്ചുവെങ്കിലും ആ ബന്ധവും നീണ്ടുപോയില്ല. 2010ൽ ഇരുവരും വിവാഹമോചിതരായി.

അതിനുശേഷം കത്രീന കെയ്ഫിന്റെ പേരാണ് സൽമാനൊപ്പം കേട്ടത്. ഈ ബന്ധം വിവാഹത്തിലേക്ക് നീങ്ങുമെന്ന് കേട്ടെങ്കിലും അതും വൈകാതെ പൊളിഞ്ഞു.
റൊമാനിയക്കാരിയായ മോഡൽ ലൂലിയ വാൻച്വറിനെ സൽമാൻ വിവാഹം കഴിക്കാൻപോകുന്നുവെന്ന് ഒരു കാലത്ത് പ്രചാരണങ്ങളുണ്ടായിരുന്നു. പക്ഷേ ഈ പ്രണയങ്ങൾ ഒക്കെ പൊട്ടുന്നതിനുള്ള പ്രധാന കാരണം സൽമാന്റെ സ്വഭാവദൂഷ്യവും ദേഷ്യവും തന്നെ ആയിരുന്നു. ഈ അടുത്ത സമയത്ത് നൽകിയ ഒരു അഭിമുഖത്തിൽ വിവാഹത്തിൽ താൻ വിശ്വസിക്കുന്നില്ലെന്ന് സൽമാൻ തുറന്നു പറഞ്ഞു.'' ഞാൻ വിവാഹത്തിൽ വിശ്വസിക്കുന്നില്ല. നശിച്ചുകൊണ്ടിരിക്കുന്ന രീതിയാണിത്. എന്നാൽ ജീവിതത്തിൽ ഒരു കൂട്ടുവേണം. അത്രമാത്രം'.

മരണഭീതിയിൽ താരം

സൽമാൻഖാന്റെ ജീവിത്തിലെ ഏറ്റവും കറുത്ത അധ്യായം ആയിരുന്നു, 2002 സപ്തംബർ 28ന് ഉണ്ടായത്. അന്ന് രാത്രി പാർട്ടികഴിഞ്ഞ് നന്നായി മദ്യപിച്ച് മുംബൈ ബാന്ദ്രയിൽ ബേക്കറിക്കു മുമ്പിൽ ഉറങ്ങിക്കിടന്നവരുടെയിടയിലേക്ക് കാർ ഓടിച്ചുകയറ്റുകയായിരുന്നുന്നൊണ് കേസ്്. അപകടത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് സാരമായി പരിക്കേറ്റു. രണ്ടുപേരുടെ കാലുകൾ അറ്റുപോയി. പക്ഷേ അതിൽനിന്ന് കാശ് വാരിയെറിഞ്ഞും സാക്ഷികളെ സ്വാധീനിച്ചു അയാൾ രക്ഷപ്പെട്ടു.

പിന്നീടാണ് കൃഷ്ണമൃഗക്കേസ ഉണ്ടായിരിക്കുന്നത്. ഇതേതുടർന്ന് കുപ്രസിദ്ധ ഗ്യാങ്ങ്സ്റ്റർ ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ കടുത്ത ഭീഷണി നേരിടുകയാണ് സൽമാൻ. ഇതേതുടർന്ന് സൽമാന്റെ വീട്ടിലേക്ക് കഴിഞ്ഞമാസം കൊലയാളികൾ എത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്. ഇപ്പോൾ കനത്ത പൊലീസ് സംരക്ഷണയിൽ അടിക്കടി വീടുമാറിയാണ് സൽമാന്റെ താമസം. അതിനിടയിൽ ആണ് ഈ വെളിപ്പെടുത്തൽ ഉണ്ടാകുന്നത്. ബിഷ്ണോയി വിഭാഗം പുണ്യമൃഗമായി കണക്കാക്കുന്നതാണ് കൃഷ്ണമൃഗത്തെ വേട്ടയാടിയവരോട്് ഒരിക്കലും ക്ഷമിക്കില്ല എന്നാണ് അധോലോക നായകൻ ലോറൻസ് ബിഷ്ണോയി പറയുന്നത്. ഗായകൻ സിദ്ദു മുസെവാലയെ വെടിവെച്ച് കൊന്നതിന്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിച്ച് വരികയാണ്, ലോറൻസ് ബിഷ്ണോയി.

സൽമാൻഖാന്റെ മതം നോക്കി ഇത് വളരെ പെട്ടെന്ന് ഒരു സാമുദായിക വിഷയമായും മാറിയിട്ടുണ്ട്. ഇതോടെ തന്റെ പ്രതിഛായ മിനുക്കലിന് കഠിനമായി ശ്രമിച്ച് വരികയാണ് സൽമാൻ. ഇതിനിടയിലാണ് വീണ്ടും വെളിപ്പെടുത്തൽ ഉണ്ടാവുന്നത്.