ന്യൂയോർക്ക്: തൊഴിൽ സ്ഥലത്ത് ബോസുമാരുടെ വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ ഉള്ള പീഡനം അനുഭവിക്കേണ്ടി വരിക സാധാരണ വനിതാ ജീവനക്കാർക്കാണ്. വനിതാ ബോസുമാരുടെ പീഡനത്തിൽ ശരണം കെടുന്ന പുരുഷ ജീവനക്കാരുടെ കഥകളും അപൂർവം അല്ലാതെ വരുന്നു. 1994 ൽ മൈക്കിൾ ഡഗ്ലസും, ഡെമി മൂറും പ്രധാനവേഷങ്ങളിൽ അഭിനയിച്ച ഡിസ്‌ക്ലോസർ എന്ന ഹോളിവുഡ് ചലച്ചിത്രം ഫീമെയിൽ ബോസിന്റെ പീഡനശ്രമങ്ങളെ കുറിച്ചായിരുന്നു. ഹോളിവുഡ് അവിടെ നിൽക്കട്ടെ, ഇപ്പോൾ പ്രശ്‌നം അല്ലെങ്കിൽ പരാതി ഉന്നയിച്ചിരിക്കുന്നത് ഗൂഗിളിൽ നിന്ന് പിരിച്ചുവിട്ട ഒരു ജീവനക്കാരനാണ്. പേര് റയാൻ ഒളോഹൻ. വയസ് 48. ഏഴുകുട്ടികളുടെ അച്ഛൻ. ന്യൂയോർക്ക് പോസ്റ്റാണ് റയാന്റെ കഥ പ്രസിദ്ധീകരിച്ചത്.

വനിതാ എക്‌സിക്യൂട്ടീവിന്റെ ലൈംഗിക താൽപര്യത്തിന് വഴങ്ങാത്തതിനെ തുടർന്നാണ് കമ്പനി തന്നെ പിരിച്ചുവിട്ടതെന്ന് റയാൻ ആരോപിക്കുന്നു. നവംബറിൽ, തന്നെ പിരിച്ചുവിട്ടതിന് എതിരെ റയാൻ കേസും കൊടുത്തു.

സംഭവം ഇങ്ങനെ:

2019 ഡിംസബറിലാണ് വിവാദ സംഭവം. മാൻഹാട്ടനിലെ ചെൽസിയിൽ ഒരു രാത്രി വിരുന്ന്. റയാന്റെ വനിതാ ബോസ് ടിഫാനി മില്ലർ മറ്റുപലരെയും പോലെ മദ്യം കഴിച്ചിട്ടുണ്ടായിരുന്നു. റയാന്റെ വയറിൽ വിരലോടിച്ചുകൊണ്ട് ശരീര സൗന്ദര്യത്തെ വല്ലാതെ പുകഴ്‌ത്തി. തന്റെ വിവാഹജീവിതത്തിൽ ഒരുരസവും ഇല്ലെന്ന് തുറന്നടിച്ചു. ഏഷ്യാക്കാരിയായ ടിഫാനി മില്ലർ, റയാന് ഏഷ്യൻ സ്ത്രീകളോടാണ് താൽപര്യമെന്ന് തനിക്ക് അറിയാമെന്നും പറഞ്ഞു. റയാന്റെ ഭാര്യയും ഏഷ്യാക്കാരിയാണ്.

റയാന് ഫുഡ്, ബെവിറിജ് ആൻഡ് റസ്റ്റോറന്റ്‌സിന്റെ എംഡിയായി സ്ഥാനകയറ്റം കിട്ടിയ ശേഷം ഫിഗ് ആൻഡ് ഒലിവ് റസ്റ്റോറണ്ടിലായിരുന്നു സംഭവം. മില്ലറും ആ പുതിയ ടീമിന്റെ ഭാഗമായിരുന്നു. ആകെ അസ്വസ്ഥത തോന്നിയ റയാൻ വളരെ വേഗം അവിടെ നിന്ന് മാറി. അടുത്ത ആഴ്ച വിഷയം എച്ആർ ഡിപ്പാർട്ട്‌മെന്റിനെ അറിയിച്ചു. എന്നാൽ, കാര്യമായി ഒന്നും സംഭവിച്ചില്ല. ഒരു വനിത, വെള്ളക്കാരനായ പുരുഷന് എതിരെ പരാതി നൽകിയിരുന്നെങ്കിൽ സംഗതി മാറിയേനെ എന്ന് എച്ആറുകാർ അഭിപ്രായപ്പെട്ടെന്നും റയാൻ പറയുന്നു. ടിഫാനി അമിതമായി മദ്യപിച്ച് ചെയ്തതായിരിക്കാമെന്ന് റയാൻ ഒളോഹൻ പറഞ്ഞപ്പോൾ, അത് ടിഫാനി തനി സ്വഭാവം കാട്ടിയതാണെന്നാണ് സഹപ്രവർത്തകർ അഭിപ്രായപ്പെട്ടത്.

താൻ പരാതിപ്പെട്ടതിനെ തുടർന്ന്, ടിഫാനി തനിക്കെതിരെ വ്യാജ പരാതികൾ ഉന്നയിക്കാൻ തുടങ്ങിയെന്നും റയാൻ പറഞ്ഞു. 2021 ഡിസംബറിൽ നടന്ന മറ്റൊരു ഗൂഗിൾ പരിപാടിയിൽ, മദ്യലഹരിയിൽ ടിഫാനി റയാനെ പരസ്യമായി ചീത്ത പറഞ്ഞു. പിന്നീട് ടിഫാനി മാപ്പ് പറഞ്ഞെങ്കിലും, 2022 ഏപ്രിലിൽ, ഒരുബാറിൽ വച്ച് ഇതേ രീതിയിൽ മോശം പെരുമാറ്റം ഉണ്ടായി. ഗൂഗിൾ കമ്പനി മേധാവികൾക്ക് വിവരം എല്ലാം അറിയാമായിരുന്നിട്ടും നടപടി ഒന്നും ഉണ്ടായില്ലെന്ന് റയാൻ ആരോപിച്ചു.

പിന്നീട് 16 വർഷത്തെ സേവനത്തിന് ശേഷം റയാനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. അതേസമയം, ടിഫാനി മില്ലർ, റയാന്റെ ആരോപണങ്ങൾ നിഷേധിച്ചു. തൊഴിൽ സ്ഥലത്തെ വിവേചനത്തിനും, പ്രതികാര നടപടിക്കും ഗൂഗിളിനും, ടിഫാനിക്കും എതിരെ നഷ്ടപരിഹാരത്തിനാണ് കേസ് കൊടുത്തിരിക്കുന്നത്. നിലവിൽ റയാൻ ക്ലിക്ക് ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റാണ്.