കോന്നി: മകൾ, മകൻ, അടൂർ ആർഡിഓ എന്നിവരെ ഒന്നു മുതൽ മൂന്നു വരെ പ്രതികളാക്കി വീടിന്റെ ഭിത്തിയിൽ കുറിപ്പ് എഴുതി വച്ച ശേഷം വിമുക്തഭടൻ തീകൊളുത്തി മരിച്ചു. കോന്നി ഞള്ളൂർ നിബിൽ നിവാസിൽ മനോഹരൻ (81)ന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ വീടിന് ഉള്ളിൽ കണ്ടെത്തിയത്. ഇദ്ദേഹം ഒറ്റയ്ക്കായിരുന്നു താമസം. വീടിന്റെ ഭിത്തിയിൽ പല ഭാഗത്തായി കുറിപ്പുകൾ എഴുതി വച്ചിട്ടുണ്ട്.

മകൾ ബിന്ദു ഒന്നാം പ്രതി, മകൻ നിബിൽ രണ്ടാം പ്രതി, അടൂർ ആർഡിഓ മുരളീധരൻ മൂന്നാം പ്രതി എന്നിങ്ങനെയാണ് ഭിത്തിയിൽ കുറിച്ചിട്ടുള്ളത്. 11 വർഷം ആർമിയിൽ ജോലി ചെയ്തുവെന്നും അതിന് ശേഷം 2016 വരെ സൗദി അറേബ്യയിൽ ജോലി ചെയ്തുവെന്നും കുറിപ്പിലുണ്ട്.

മൃതദേഹം ഏറെക്കുറെ പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്. വാർധക്യ സഹജമായ അസുഖം ഉണ്ടായിരുന്നതായി ആത്മഹത്യാ കുറിപ്പുകളിൽ നിന്ന് വ്യക്തമാണ്. മൂന്നര ഏക്കർ വസ്തുവുണ്ടായിരുന്ന തനിക്ക് ഇപ്പോൾ രണ്ട് സെന്റ് മാത്രമാണുള്ളത്. വരുമാനം ഒന്നുമില്ല. ജൂലൈ മാസം വരെ മകൾ പണം തന്നിരുന്നു. അതിന് ശേഷം പണം കിട്ടാതെ വന്നപ്പോൾ ആർഡിഓയ്ക്ക് പരാതി നൽകി. നടപടിയുണ്ടായില്ലെന്നും കുറിപ്പിൽ പറയുന്നു.