- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വീണയുടെ കമ്പനിയുമായി ബന്ധമില്ലെന്ന് എക്സാലോജിക് കൺസൾട്ടിങ്
ദുബായ്: മാസപ്പടി വിവാദത്തിൽ, ആരോപണവിധേയമായ വീണ വിജയന്റെ എക്‌സാലോജിക് സൊല്യൂഷൻസ് കമ്പനിയുമായി ബന്ധമില്ലെന്ന് ദുബായിലെ എക്സാലോജിക് കൺസൾട്ടിങ് കമ്പനി. എസ്.എൻ.സി. ലാവലിൻ, പി.ഡബ്ല്യൂ.സി. (പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ്) എന്നീ കമ്പനികളുമായി ഇതുവരെ ബിസിനസ് ഇല്ല. പേ റോളിലോ മറ്റേതെങ്കിലും സ്ഥാനത്തോ വീണാ വിജയൻ, എം. സുനീഷ് എന്നിവർ ഇല്ലെന്നും കമ്പനിയുടെ സഹസ്ഥാപകരായ സസൂൺ സാദിഖ്, നവീൻ കുമാർ എന്നിവർ വിശദീകരിച്ചു.
ഇന്ത്യയിൽ ബിസിനസുള്ളത് ബെംഗളൂരുവിലാണെന്നും കമ്പനി വിശദീകരിക്കുന്നു. ഷോൺ ജോർജിന്റെ ആരോപണം വിവാദമായതിന് പിന്നാലെയാണ് വിശദീകരണവുമായി കമ്പനി അധികൃതർ രംഗത്ത് വന്നത്. ലണ്ടനിലാണ് തങ്ങളുടെ ഹെഡ് ഓഫീസ്. യു.എ.ഇയിൽ മൂന്ന് ഓഫീസുകളുണ്ട്. ഷാർജയിലാണ് ആദ്യത്തെ ഓഫീസ് ആരംഭിച്ചത്. എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനി യു.എ.ഇയിൽ പ്രവർത്തിക്കുന്നില്ല. തങ്ങൾ സർക്കാരുമായി ബന്ധപ്പെട്ട കരാറുകൾ ഏറ്റെടുത്തിട്ടില്ലെന്നും ഇരുവരും അറിയിച്ചു.
ആറുമാസമായി വിവാദത്തെക്കുറിച്ച് അറിയാം. നിയമനടപടികൾ ഇപ്പോൾ ആലോചിച്ചിട്ടില്ല. ബെംഗളൂരുവിലെ ഓഫീസ് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. 2013-ൽ ഷാർജയിലാണ് കമ്പനി ആരംഭിച്ചത്. നിലവിൽ യു.എ.ഇ, സൗദി ആറേബ്യ, ബ്രിട്ടൻ, ഇന്ത്യ എന്നിവിടങ്ങളിൽ കമ്പനി പ്രവർത്തിക്കുന്നുണ്ട്. 400-ഓളം ജീവനക്കാർ കമ്പനിക്കുകീഴിൽ ജോലിചെയ്യുന്നുണ്ട്. എക്‌സോലാലോജിക് വിഷയം വിവാദമായതോടെയാണ് വിശദീകരണവുമായി എത്തിയതെന്നും ഇരുവരും വ്യക്തമാക്കി.
വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുടെ അബുദാബിയിലെ കൊമേഴ്സ്യൽ ബാങ്ക് അക്കൗണ്ടിലൂടെ കോടികളുടെ ഇടപാട് നടന്നുവെന്ന ആരോപണവുമായി ബിജെപി. നേതാവ് ഷോൺ ജോർജ് രംഗത്തെത്തിയിരുന്നു. അബുദാബി കൊമേഴ്സ്യൽ ബാങ്കിൽ, എക്സാലോജിക് കൺസൾട്ടിങ്, മീഡിയ സിറ്റി, യു.എ.ഇ. എന്ന മേൽവിലാസത്തിലാണ് അക്കൗണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. മുഖ്യമന്ത്രിയുടെ മകൾ ടി.യു. വീണയും മുൻബന്ധു എം. സുനീഷുമാണ് അക്കൗണ്ട് ഉടമകളെന്നും എസ്.എൻ.സി. ലാവലിൻ, പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് എന്നീ കമ്പനികളിൽനിന്ന് വലിയ തുക അക്കൗണ്ടിലേക്ക് എത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
അബുദാബി കൊമേഴ്സ്യൽ ബാങ്ക് എന്ന ധനകാര്യ സ്ഥാപനത്തിൽ മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള എക്സാലോജിക് കൺസൾട്ടിങ് മീഡിയ സിറ്റി എന്ന അക്കൗണ്ടിലേക്ക് കരിമണൽ കടത്തുമായി ബന്ധപ്പെട്ട പണം എത്തിയെന്നാണ് പ്രധാനപ്പെട്ട ആരോപണം. എസ്എൻസി ലാവ്ലിൻ, പിഡബ്ലിയുസി അടക്കമുള്ള കമ്പനികളും ഈ അക്കൗണ്ടിലേക്ക് പണം നൽകി. തനിക്ക് പൂർണ്ണ ബോധ്യമുള്ള കാര്യമാണ് പറയുന്നതെന്നും ആരോപണം തെറ്റെങ്കിൽ മുഖ്യമന്ത്രിക്ക് നടപടിയെടുക്കാമെന്നും ഷോൺ ജോർജ് പറഞ്ഞു.
വിദേശത്തെ അക്കൗണ്ടിലെ പണമിടപാടുകൾ ആദായ നികുതി റിട്ടേൺസിൽ കാണിക്കേണ്ടതുണ്ട്. വീണ ഇൻകം ടാക്സ് റിട്ടേൺസിൽ വിദേശ അക്കൗണ്ട് വിവരങ്ങൾ കാണിച്ചിട്ടില്ലെങ്കിൽ ആദായ നികുതി നിയമപ്രകാരമാണ് കുറ്റമാണ്. ഇത് അന്വേഷണവിധേയമാക്കണമെന്നും ഷോൺ വ്യക്തമാക്കിയിരുന്നു.
ഷോൺ ജോർജ് രജിസ്ട്രാർ ഓഫ് കമ്പനീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എക്സാലോജിക്കിനും സിഎംആർഎല്ലിനും കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനുമെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സിഎംആർഎല്ലുമായി ബന്ധപ്പെട്ട് ഇന്ററിം സെറ്റിൽമെന്റ് ബോർഡ് ഉത്തരവിൽ പരാമർശിച്ച പിവി പിണറായി വിജയനാണെന്നും ഷോൺ ഉന്നയിച്ചിരുന്നു.
സിഎംആർഎൽ ഇല്ലാത്ത സേവനത്തിന് വീണവിജയനും അവരുടെ സോഫ്റ്റ്‌വെയർ സ്ഥാപനമായ എക്‌സാലോജിക്കിനും ഒരു കോടി 72 ലക്ഷം രൂപ നൽകിയെന്ന് നേരത്തെ ആദായ നികുതി സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയിരുന്നു. ഇതിനൊപ്പം ലോൺ എന്ന നിലയിലും വീണയ്ക്ക് പണം നൽകിയിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ആദായനികുതിയും റെവന്യു ഏജൻസികളും അന്വേഷിച്ചിരുന്ന എക്‌സാലോജിക് കമ്പനിക്കെതിരായ പരാതി വൻകിട സാമ്പത്തിക വഞ്ചനാകേസുകൾ അന്വേഷിക്കുന്ന കേന്ദ്ര ഏജൻസിയായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് കൈമാറുകയും ചെയ്തിരുന്നു.