- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമ്മു കശ്മീരിലെ 20 മുൻ മന്ത്രിമാരുടെ അധിക സുരക്ഷ പിൻവലിച്ചു; നടപടി സുരക്ഷാ ഓഡിറ്റിങിന് പിന്നാലെ; സുരക്ഷ പിൻവലിച്ചവരിൽ കൂടുതലും നാഷനൽ കോൺഫറൻസ്, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി എന്നീ പാർട്ടികളിൽ പെട്ടവർ; അധിക സുരക്ഷ പിൻവലിച്ചെങ്കിലും എക്‌സ്, വൈ, ഇസഡ് കാറ്റഗറി പ്രകാരമുള്ള സുരക്ഷാ പരിരക്ഷ ലഭിക്കും
ശ്രീനഗർ: ജമ്മു കാശ്മീരിലെ 20 മുൻ മന്ത്രിമാരുടെയും എംഎൽഎമാരുടെയും അധിക സുരക്ഷ പിൻവലിച്ചു. സുരക്ഷാ ഓഡിറ്റിങ്ങിന് പിന്നാലെ നാഷനൽ കോൺഫറൻസ്, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി എന്നീ പാർട്ടികളിൽപ്പെട്ടവരുടെ അധിക സുരക്ഷയാണ് പിൻവലിച്ചതെന്ന് ഇന്ത്യാ ടുഡെ റിപ്പോർട്ട് ചെയ്തു. ഇവരിൽ പലർക്കും അർഹിച്ചതിനേക്കാൾ കൂടുതൽ സുരക്ഷ നൽകുന്നതായി ഓഡിറ്റിനിടെ കണ്ടെത്തിയതിനെ തുടർന്നാണ് പിൻവലിച്ചതെന്നാണ് വിശദീകരണം.
അതേസമയം രാഷ്ട്രീയ നേതാക്കൾക്ക് എക്‌സ്, വൈ, ഇസഡ് കാറ്റഗറി പ്രകാരമുള്ള സുരക്ഷാ പരിരക്ഷ ലഭിക്കും. അലി മുഹമ്മദ് സാഗർ, മുൻ നിയമമന്ത്രി സെയ്ഫുള്ള മിർ എന്നിവരുൾപ്പെടെയുള്ള നാഷനൽ കോൺഫറൻസ് നേതാക്കളുടെയും മുൻ മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷയുമായ മെഹബൂബ മുഫ്തിയുടെ മാതൃസഹോദരനും പി.ഡി.പി നേതാവുമായ സർതാജ് മദ്നിയും അധിക സുരക്ഷ പിൻവലിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുന്നു.
അതേസമയം ജമ്മു കാശ്മീരിൽ തെരഞ്ഞെടുപ്പു അടുത്തിരിക്കവേയാണ് സുരക്ഷ പിൻവലിച്ചു കൊണ്ടുള്ള തീരുമാനം വന്നിരിക്കുന്നത് എന്നതും ശ്രദ്ദേയമാണ്. നേരത്തെ, ശ്രീനഗറിലെ ഫെയർവ്യൂ സർക്കാർ ബംഗ്ലാവ് ഒഴിയണമെന്നാവശ്യപ്പെട്ട് മെഹബൂബ മുഫ്തിക്ക് സർക്കാർ നോട്ടീസ് നൽകിയിരുന്നു.മറ്റൊരു മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഉമർ അബ്ദുല്ല 2020ൽ ഗുപ്കർ റോഡിലെ തന്റെ ഔദ്യോഗിക ബംഗ്ലാവ് ഒഴിഞ്ഞു.
ജമ്മു കശ്മീർ ഭരണകൂടം ഒഴിപ്പിക്കൽ നോട്ടീസ് നൽകുന്നതിന് മുമ്പേ അദ്ദേഹം ബംഗ്ലാവ് ഒഴിഞ്ഞിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി പുനഃസംഘടിപ്പിക്കുകയും ചെയ്തതിന് ശേഷം മുൻ മുഖ്യമന്ത്രിമാർക്ക് ലഭിച്ചിരുന്ന പല ആനുകൂല്യങ്ങളും പിൻവലിച്ചിരുന്നു.
സംസ്ഥാനപദവി റദ്ദാക്കി കേന്ദ്രഭരണ പ്രദേശമാക്കിയ ജമ്മു കശ്മീരിൽ അടുത്ത വർഷം മാർച്ചിനുശേഷം പ്രഥമ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്ന് റിപ്പോർട്ടുകൾ. കേന്ദ്രതെരഞ്ഞെടുപ്പ് കമീഷന്റെ നടപടികൾ പൂർത്തിയായാൽ ജമ്മു കശ്മീർ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ബാരാമുള്ളയിൽ റാലിയിൽ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ, മാർച്ച് ഏപ്രിലിൽ തെരഞ്ഞെടുപ്പ് നടക്കുമെന്ന് ബിജെപി ജനറൽ സെക്രട്ടറി അശോക് കൗൾ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു.
കശ്മീരിന് പുറത്തുനിന്നുള്ളവരും പടിഞ്ഞാറൻ പാക്കിസ്ഥാനിൽ നിന്നടക്കം കുടിയേറിയവരും സുരക്ഷാസേനാംഗങ്ങളുമടക്കം 25 ലക്ഷംപേരെ അധികമായി പട്ടികയിൽ തിരുകിക്കയറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടി. ബിജെപിക്ക് മുൻതൂക്കമുള്ള ജമ്മുവിൽ കൂടുതൽ സീറ്റുകൾ അനുവദിച്ച് മണ്ഡല പുനർനിർണയം നടത്തിയ തെരഞ്ഞെടുപ്പ് കമീഷൻ നടപടി വിവാദമായിരുന്നു. കരട് വോട്ടർപട്ടിക ഒക്ടോബർ 31ന് മുമ്പ് പുറത്തിറക്കും. പ്രതിപക്ഷ പാർട്ടി മുന്നണിയായ ഗുപ്കാർ സഖ്യം തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി മുന്നോട്ടുപോകുകയാണ്.
മറുനാടന് ഡെസ്ക്