ആലപ്പുഴ: വിരമിക്കാന്‍ അഞ്ചുമാസം ശേഷിക്കെ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ പി കെ ജയരാജിനെ മലപ്പുറത്തേക്ക് സ്ഥലംമാറ്റിയതിനെ ചൊല്ലിയുളള വിവാദകോലാഹലങ്ങള്‍ ഇനിയും അടങ്ങിയിട്ടില്ല. ഈ വിഷയത്തില്‍ എക്സൈസ് ഉദ്യോഗസ്ഥരില്‍ അമര്‍ഷം പുകയുകയാണ്.


ലഹരിക്കേസുകള്‍ പിടികൂടുകയും ബിനാമി കള്ളുഷാപ്പു നടത്തിപ്പുകാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്തതിനു പിന്നാലെയാണ് ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ക്ക് അടിയന്തര സ്ഥലംമാറ്റം ഉണ്ടായത്. കൊല്ലം സ്വദേശിയായ പി കെ ജയരാജ് ആലപ്പുഴ ഡെപ്യൂട്ടി കമ്മിഷണറായി ചുമതലയേറ്റെടുത്ത് മൂന്നുമാസം തികയും മുന്‍പാണ് മലപ്പുറത്തേക്ക് മാറ്റിയത്. ഉന്നതരുടെ ശക്തമായ ഇടപെടല്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് സ്ഥലംമാറ്റമെന്നാണ് ആക്ഷേപം. യു പ്രതിഭയുടെ മകനെ കഞ്ചാവ് കേസില്‍ പിടികൂടിയ സംഭവം കൂടിയായതോടെ അതിന്റെ പേരിലാണ് സ്ഥലംമാറ്റമെന്നും വ്യാഖ്യാനം വന്നു,

ജില്ലയുടെ തെക്കന്‍ മേഖലയില്‍ ചിലര്‍ ബിനാമി പേരില്‍ കള്ളുഷാപ്പുകള്‍ നടത്തുകയും ഈ പേരില്‍ വ്യാപകമായി സ്പിരിറ്റ് ജില്ലയിലേക്ക് ഒഴുക്കുകയും ചെയ്തിരുന്നു. ഇതിനെതിരേ കര്‍ശന നടപടി സ്വീകരിച്ചതിന് ഡെപ്യൂട്ടി കമ്മിഷണര്‍ ഉന്നതരുടെ കണ്ണിലെ കരടായി മാറിയിരുന്നു. ഭരണകക്ഷിയില്‍ സ്വാധീനമുള്ള ഉന്നതര്‍ ഇദ്ദേഹത്തിനെതിരേ നീക്കം നടത്തിയിരുന്നു. അതിനു പിന്നാലെയാണ് യു. പ്രതിഭ എം.എല്‍.എ.യുടെ മകനെയും സുഹൃത്തുക്കളെയും കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി കേസെടുത്തത്. സാധാരണഗതിയില്‍ വിരമിക്കുന്നതിന്റെ അടുത്ത കാലയളവില്‍ സ്വന്തം സ്ഥലത്തേക്കാണ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം ലഭിക്കാറുള്ളത്. ആലപ്പുഴയില്‍ ജോലി ചെയ്യുന്ന കൊല്ലം സ്വദേശിയായ ഉദ്യോഗസ്ഥനെ മലപ്പുറത്തേക്ക് സ്ഥലമാറ്റിയത് എന്തിനെന്ന ചോദ്യവും ഉയര്‍ന്നു. ജയരാജനെതിരെ കുറച്ചുകാലമായി തന്നെ ജില്ലയിലെ ചില പ്രമുഖര്‍ ചരടുവലിക്കുന്നതായി സൂചനകളുണ്ടായിരുന്നു.


മന്ത്രി പറയുന്നതിലെ പൊരുത്തക്കേട്

ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ പി.കെ. ജയരാജിനെ സ്ഥലം മാറ്റിയത് പ്രൊമോഷന്റെ അടിസ്ഥാനത്തിലാണെന്ന് മന്ത്രി എം.ബി. രാജേഷ്. വിശദീകരിച്ചിരുന്നു. മറ്റ് ഉദ്യോഗസ്ഥര്‍ക്കും സ്ഥലംമാറ്റമുണ്ടെന്നും അതില്‍ ഒരെണ്ണം മാത്രം ഉയര്‍ത്തിക്കാട്ടിയത് ശരിയല്ലെന്നും എം.ബി. രാജേഷ് പറഞ്ഞിരുന്നു. 15 പേര്‍ക്ക് ഡെപ്യൂട്ടി കമ്മീഷണര്‍മാരായും 23 പേര്‍ക്ക് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുമായുമുള്ള പ്രൊമോഷന്‍ ട്രാന്‍സ്ഫറാണ് നടന്നതെന്നും മര്യാദയില്ലാത്ത മാധ്യമപ്രവര്‍ത്തനമാണ് നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

'വകുപ്പ് സ്ഥാനക്കയറ്റ കമ്മിറ്റി (ഡിപിസി) കൂടാന്‍ വൈകിയതുകൊണ്ടാണ് ട്രാന്‍സ്ഫര്‍ നീണ്ടുപോയത്. അല്ലെങ്കില്‍ നേരത്തെ നടക്കുമായിരുന്നു. ഈ കലണ്ടര്‍ വര്‍ഷം നടക്കേണ്ടതാണ്. അല്ലെങ്കില്‍ വീണ്ടും ഡിപിസിയിലേക്ക് പോകും. അത് ഒഴിവാക്കാനാണ് ഇന്നലെ തന്നെ ഉത്തരവ് ഇറക്കിയത്. ഇതിനെ മറച്ചുവെച്ചുകൊണ്ടാണ് വാര്‍ത്ത വന്നത്. കണ്ടാല്‍ തോന്നും ഒരൊറ്റ ആളെ മാത്രമാണ് ട്രാന്‍സ്ഫര്‍ ചെയ്തതെന്ന്. വേറെ ഒരു തരത്തിലും രാഷ്ട്രീയം ആരോപിക്കാനോ ഭരണപരമായ ഇടപെടല്‍ ആരോപിക്കാനോ കഴിയാതെ വന്നപ്പോള്‍ എന്നാല്‍പിന്നെ ഇതെടുത്തിട്ടാവാം എന്ന് തീരുമാനിക്കുകയാണ് മാധ്യമപ്രവര്‍ത്തകര്‍ ചെയ്തത്. ഇതിന് പിന്നിലുള്ള ദുരുദ്ദേശ്യമാണ് വ്യക്തമാകുന്നത്.' -എം.ബി രാജേഷ് വ്യക്തമാക്കി.

മന്ത്രിയുടെ വാദം പൊളിയുന്നു

യു പ്രതിഭയുടെ മകന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് പി കെ ജയരാജിനെ മാറ്റിയതെന്ന വ്യാഖ്യാനം വന്നപ്പോഴാണ് പ്രമോഷന്‍ ട്രാന്‍സ്ഫര്‍ ആണെന്ന് മന്ത്രി വിശദീകരിച്ചത്. യു പ്രതിഭയുടെ മകന്റെ കേസെടുത്തത് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ ജയരാജ് ആണ്. ജില്ലയുടെയാകെ ചുമതലക്കാരനായ ഡെപ്യൂട്ടി കമ്മിഷണര്‍ പി കെ ജയരാജ് ആണ് സ്ഥലം മാറ്റപ്പെട്ടത്. എന്തായാലും പി കെ ജയരാജിന്റേത് പ്രമോഷന്‍ ട്രാന്‍സ്ഫറെന്ന വാദം തെക്കന്‍ മേഖലയില്‍ എക്‌സൈസ് ഇന്റലിജന്‍സിന്റെ ചുമതലയുണ്ടായിരുന്ന അസി. കമ്മിഷണറായി അടുത്തയിടെ വിരമിച്ച ടി.അനികുമാര്‍ ഖണ്ഡിക്കുന്നു. ''രണ്ടരവര്‍ഷം മുന്‍പ് പ്രമോഷന്‍ നേടി ഡെപ്യൂട്ടി കമ്മിഷണറായ ഉദ്യോഗസ്ഥനെയാണോ, വീണ്ടും ഡെപ്യൂട്ടി കമ്മിഷണറാക്കി മന്ത്രി മലപ്പുറത്തേക്ക് അയച്ചിരിക്കുന്നത്?'' അനികുമാര്‍ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

''രാജേഷ് മിനിസ്റ്റര്‍ അഴിമതി ഇല്ലാത്ത ആളാണ്, അദ്ദേഹത്തിന് പറ്റുന്ന കുഴപ്പം വകുപ്പിലെ ആരെങ്കിലും എഴുതി കൊടുക്കുന്നത് അതുപോലെ പറയുന്നതാണ്, അദ്ദേഹത്തെ പല കാര്യങ്ങളിലും കീഴിലുള്ളവര്‍ തെറ്റിദ്ധരിപ്പിക്കുന്നു, ഈ സ്ഥലംമാറ്റം യഥാര്‍ഥത്തില്‍ MLAയുടെ മകന്റെ കേസുമായി ബന്ധപ്പെട്ടതല്ല, ആലപ്പുഴ ജില്ലയുടെ തെക്കും കിഴക്കും മേഖലകളില്‍ വലിയ രീതിയില്‍ സ്പിരിറ്റ് കലക്കിയ കള്ളു വില്‍ക്കുന്നുണ്ട്, ബിനാമികളാണ് ഈ ഷോപ്പുകള്‍ നടത്തുന്നത്, അവര്‍ക്കെതിരെ ജയരാജ് ശക്തമായ നടപടികള്‍ എടുത്തതാണ് ഈ സ്ഥലംമാറ്റത്തിന് പിന്നില്‍''

എക്‌സൈസ് ഇന്റലിജന്‍സില്‍ ജോലി ചെയ്തപ്പോള്‍ ഉണ്ടായ മറ്റൊരു സംഭവം കൂടി അനികുമാര്‍ കുറിക്കുന്നു: 'റിട്ടയര്‍ ചെയ്യാന്‍ വെറും 9 മാസം മാത്രമുള്ളപ്പോള്‍ ആലപ്പുഴ അടക്കം കേരളത്തില്‍ 18 ഗ്രൂപ്പ് കള്ളു ഷാപ്പുകളില്‍ അന്വേഷണം നടത്തി ബിനാമികള്‍ നടത്തുന്നു എന്ന് കണ്ടെത്തി പൂട്ടിയതിന്റെ പേരില്‍ എന്നെ ഈ ലോബി സ്ഥലം മാറ്റിയിരുന്നു, അന്ന് അത് ശ്രദ്ധയില്‍പെട്ട ഉടനെ മന്ത്രി ശ്രീ രാജേഷ് സാര്‍ ഇടപെട്ട് ആ ട്രാന്‍സ്ഫര്‍ ക്യാന്‍സല്‍ ചെയ്തു. ബഹു. മിനിസ്റ്റര്‍ ഇടപെട്ട് തന്നെ ഈ ട്രാന്‍സ്ഫറും ക്യാന്‍സല്‍ ചെയ്യണം.'' വ്യാജമദ്യം പോലെ ഗുരുതര വിഷയങ്ങളില്‍ മന്ത്രിയെ ഇരുട്ടില്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ശക്തികള്‍ അദ്ദേഹത്തിന്റെ ഓഫീസിലുണ്ട് എന്നുകൂടിയാണ് ഇതോടെ വ്യക്തമാകുന്നത്.