- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്‍ഡിഎ 130 ലേറെ സീറ്റുകളില്‍ ജയിക്കുമെന്ന് എല്ലാ എക്‌സിറ്റ് പോളുകളും; കൊണ്ടുപിടിച്ച പ്രചാരണം നടത്തിയിട്ടും പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടി കാര്യമായ ചലനം ഉണ്ടാക്കില്ലെന്ന് പ്രവചനം; കിട്ടാവുന്നത് ശരാശരി 2 സീറ്റുകള്‍; സീറ്റെണ്ണം കുറവെങ്കിലും മഹാഗഡ്ബന്ധന്റെ വോട്ടുകള്‍ ജന്‍സുരാജ് ചോര്‍ത്തിയോ എന്നും സംശയം; ഏറ്റവും വലിയ ഒറ്റകക്ഷി ആര്‍ജെഡിക്ക് പകരം ബിജെപിയാകുമെന്നും പ്രവചനം
പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടി കാര്യമായ ചലനം ഉണ്ടാക്കില്ലെന്ന് പ്രവചനം
പാറ്റ്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. നയിക്കുന്ന എന്‍.ഡി.എ. ഘടകകക്ഷിക്ക് വന്‍ വിജയമുണ്ടാകുമെന്ന് പ്രവചിച്ച് ഏഴ് വ്യത്യസ്ത എക്‌സിറ്റ് പോളുകള്‍. 243 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷമായ 122 സീറ്റുകള്‍ക്ക് മുകളില്‍, 130-ല്‍ അധികം സീറ്റുകള്‍ നേടാന്‍ എന്‍.ഡി.എ.ക്ക് സാധിക്കുമെന്നാണ് മിക്ക സര്‍വ്വേകളും സൂചിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ പുതിയ താരമായ പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടിയായ ജനസൂരാജ് പാര്‍ട്ടിക്ക് (ജെ.എസ്.പി.) ഈ തിരഞ്ഞെടുപ്പില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിക്കില്ലെന്നും എക്‌സിറ്റ് പോളുകള്‍ പ്രവചി ക്കുന്നു. 243 അംഗ നിയമസഭയില്‍ 122 ആണ് ഭൂരിപക്ഷത്തിന് വേണ്ട സംഖ്യ.
ദൈനിക് ഭാസ്‌കര്‍ എക്‌സിറ്റ് പോള്‍ എന്‍.ഡി.എ.ക്ക് 145 മുതല്‍ 160 സീറ്റുകള്‍ വരെ നേടാനാകുമെന്ന് പ്രവചിക്കുമ്പോള്‍, മാട്രിസ് 147 മുതല്‍ 167 സീറ്റുകള്‍ വരെ എന്‍.ഡി.എ.ക്ക് ലഭിക്കുമെന്ന് വിലയിരുത്തുന്നു. ജെ.വി.സി. എക്‌സിറ്റ് പോള്‍ എന്‍.ഡി.എ.ക്ക് 135 മുതല്‍ 150 സീറ്റുകള്‍ വരെ ലഭിക്കുമെന്നും, പീപ്പിള്‍സ് പള്‍സ്, പീപ്പിള്‍സ് ഇന്‍സൈറ്റ് എന്നിവ 133 സീറ്റുകള്‍ എന്‍.ഡി.എ. നേടുമെന്നും പ്രവചിക്കുന്നു.
മഹാസഖ്യം വളരെ പിന്നില്‍ രണ്ടാമതാകുമെന്നും എക്‌സിറ്റ് പോളുകള്‍ പറയുന്നു. എന്‍.ഡി.എ.യുടെ വിജയപ്രതീക്ഷകള്‍ക്കിടയില്‍, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പുതിയ ചുവടുവെപ്പുകള്‍ നടത്തിയ പ്രശാന്ത് കിഷോറിന്റെ ജനസൂരാജ് പാര്‍ട്ടിയുടെ പ്രകടനം ശ്രദ്ധേയമായിരിക്കും. മാട്രിസ് പ്രവചനം അനുസരിച്ച് ജെ.എസ്.പി.ക്ക് 0 മുതല്‍ 2 സീറ്റുകള്‍ വരെ ലഭിക്കുമെന്നും, ദൈനിക് ഭാസ്‌കര്‍ 0 മുതല്‍ 3 സീറ്റുകള്‍ വരെ പ്രവചിക്കുന്നു.
മഹാഗഡ്ബന്ധന്റെ നില പരിതാപകരമോ?
എക്‌സിറ്റ് പോളുകള്‍ പ്രകാരം 2020 ല്‍ കിട്ടിയ 110 സീറ്റിനേക്കാള്‍ കുറവ് സീറ്റുകളാണ് മഹാസഖ്യത്തിന് പ്രവചിക്കുന്നത്. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളിന് ഇക്കുറി കനത്ത തിരിച്ചടി കിട്ടും. ഇക്കുറി ഏതായാലും ബിജെപിക്കായിരിക്കും ആ ബഹുമതി എന്നാണ് സൂചന.
ദൈനിക് ഭാസ്‌കറും മാട്രിസും, പീപ്പിള്‍സ് ഇന്‍സൈറ്റും പീപ്പിള്‍സ് പള്‍സുമെല്ലാം എന്‍ഡിഎ വിജയം പ്രവചിക്കുന്നത് 133 മുതല്‍ 167 സീറ്റുകള്‍ക്കാണ്. മഹാഗഡ്ബന്ധനാകട്ടെ 73 മുതല്‍ 102 സീറ്റ് വരെ മാത്രം. ഇത് 2020-ല്‍ നേടിയ 110 സീറ്റുകളേക്കാള്‍ കുറവാണ്.
പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി കാര്യമായ ചലനം ഉണ്ടാക്കില്ല
ഈ തിരഞ്ഞെടുപ്പിലെ 'എക്‌സ് ഫാക്ടര്‍' ആകുമെന്ന് പ്രതീക്ഷിച്ചിരുന്ന രാഷ്ട്രീയ നിരീക്ഷകനായ പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിക്ക് വലിയ സ്വാധീനം ചെലുത്താന്‍ കഴിയില്ലെന്നാണ് പ്രവചനം. അവര്‍ക്ക് ശരാശരി 2 സീറ്റുകള്‍ (0 മുതല്‍ 5 വരെ) നേടാന്‍ കഴിഞ്ഞേക്കും. കുറഞ്ഞ സീറ്റുകളെ നേടുകയുള്ളുവെങ്കിലും ജന്‍സുരാജ് പ്രതിപക്ഷ സഖ്യത്തിന്റെ വോട്ടുകള്‍ ചോര്‍ത്തിയോ എന്നാണ് കണ്ടറിയേണ്ടത്. എക്‌സിറ്റ് പോളുകള്‍ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ സൂചന നല്‍കുന്നുണ്ടെങ്കിലും, കഴിഞ്ഞ കാലങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ ഇത് പലപ്പോഴും തെറ്റിയതായും ഓര്‍ക്കേണ്ടതുണ്ട്. അതിനാല്‍ ഈ കണക്കുകളെ പൂര്‍ണ്ണമായും ശരിയായി കാണാനാകില്ല.ബിഹാറിനെ സംബന്ധിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പലവട്ടം തെറ്റിയ ചരിത്രവുമുണ്ട്.
2020ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മിക്ക എക്‌സിറ്റ് പോളുകളും ആര്‍ജെഡി നേതൃത്വത്തിലുളള മഹാഗഡ്ബന്ധന് നേരിയ വിജയമാണ് പ്രവചിച്ചിരുന്നത്. സഖ്യത്തിന് 125 സീറ്റുകളും എന്‍ഡിഎയ്ക്ക് 108 സീറ്റുകളുമായിരുന്നു എക്‌സിറ്റ് പോളുകളുടെ പ്രവചനം. എന്നാല്‍, അന്തിമ ഫലം വന്നപ്പോള്‍ നേരേ വിപരീതമായിരുന്നു. എന്‍ഡിഎ 125 സീറ്റും, മഹാഗഡ്ബന്ധന്‍ 110 സീറ്റും നേടി.




